ADVERTISEMENT

മോസ്കോ ∙ യുക്രെയ്ൻ യുദ്ധത്തിൽ മേൽക്കൈ നേടാനും, യുഎസിനെയും പാശ്ചാത്യ ശക്തികളെയും വിറപ്പിക്കാനും ലക്ഷ്യമിട്ട് ബെലാറൂസിനു തന്ത്രപ്രധാന ആണവായുധങ്ങൾ കൈമാറി റഷ്യ. മുൻ‌ നിശ്ചയിച്ച പദ്ധതിപ്രകാരം ബെലാറൂസിന് ആദ്യഘട്ട ആണവായുധങ്ങൾ കൈമാറിയെന്നു റഷ്യൻ പ്രസിഡന്റ് വ്‌ളാഡിമിർ പുട്ടിനാണ് അറിയിച്ചത്. പദ്ധതി പ്രഖ്യാപിച്ച് മൂന്നു മാസത്തിനകമാണു നടപടി.

‘‘ആദ്യഘട്ട ആണവായുധങ്ങൾ ബെലാറൂസിനു കൈമാറിക്കഴിഞ്ഞു. ഇത് ആദ്യത്തേതു മാത്രമാണ്. വേനലിന്റെ അവസാനം, ഈ വർഷത്തിന്റെ അവസാനത്തിൽ ഞങ്ങൾ പദ്ധതി പൂർത്തിയാക്കും’’– സെന്റ് പീറ്റേഴ്‍സ്ബർഗിൽ രാജ്യാന്തര സാമ്പത്തിക ഫോറത്തിൽ പുട്ടിൻ വ്യക്തമാക്കി. ജൂലൈയിൽ പ്രത്യേക സംഭരണകേന്ദ്രങ്ങൾ തയാറായശേഷം തന്ത്രപ്രധാന ആണവായുധങ്ങൾ വിന്യസിക്കാൻ തുടങ്ങുമെന്ന് പുട്ടിൻ നേരത്തേ പറഞ്ഞിരുന്നു. പാശ്ചാത്യശക്തികളും യുഎസും യുക്രെയ്നിലേക്ക് വ്യാപകമായി ആയുധങ്ങൾ എത്തിക്കുന്നെന്നാണ് റഷ്യയുടെ ആരോപണം. പുട്ടിന്റെ ഉറ്റസുഹൃത്താണ് ബെലാറൂസ് പ്രസിഡന്റ് അലക്സാണ്ടർ ലൂകഷെൻകോ.

സോവിയറ്റ് യൂണിയന്റെ പതനത്തിനു ശേഷം മോസ്കോയുടെ പുറത്തേക്കു റഷ്യ ആണവായുധങ്ങൾ മാറ്റുന്നത് ആദ്യമാണ്. യുഎസും നാറ്റോ സൈനിക സഖ്യവും യുക്രെയ്നു പിന്തുണ അറിയിച്ചപ്പോള്‍തന്നെ ബെലാറൂസിലേക്ക് ആണവായുധങ്ങൾ മാറ്റുമെന്ന് പുട്ടിൻ മുന്നറിയിപ്പ് നൽകിയിരുന്നു. റഷ്യയെ സഹായിക്കാനായി കഴിഞ്ഞവർഷമാണ് ആണവായുധമുക്ത രാഷ്ട്രപദവി നീക്കി ബെലാറൂസ് ഭരണഘടനാ ഭേദഗതി പാസാക്കിയത്. അതിർത്തികൾ സുരക്ഷിതമാക്കാനാണ് ആയുധങ്ങൾ വിന്യസിക്കുന്നതെന്നു റഷ്യയും ബെലാറൂസും പറയുമ്പോൾ, യുക്രെയ്നെതിരെ ഉപയോഗിക്കാനാണെന്നതു വ്യക്തമാണെന്നു വിദഗ്ധർ ചൂണ്ടിക്കാട്ടുന്നു.

English Summary: Putin Says First Russian Nuclear Weapons Delivered To Belarus As Planned

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com