ADVERTISEMENT

കൊൽക്കത്ത∙ തദ്ദേശഭരണ തിരഞ്ഞെടുപ്പ് പ്രഖ്യാപിച്ചതിനു പിന്നാലെ ബംഗാളില്‍ വ്യാപക അക്രമം. സാഹേബ് ഗഞ്ചില്‍ തൃണമൂല്‍ കോണ്‍ഗ്രസ്–ബിജെപി പ്രവര്‍ത്തകര്‍ ഏറ്റുമുട്ടി. ബ്ലോക്ക് വികസന ഓഫിസറുടെ കാര്യാലയത്തിനു പുറത്തായിരുന്നു ഏറ്റുമുട്ടൽ. കേന്ദ്രമന്ത്രി നിഷിത് പ്രമാണിക് ആക്രമിക്കപ്പെട്ടതായി വാർത്താ ഏജൻസിയായ എഎൻഐ റിപ്പോർട്ട് ചെയ്തു. നാമനിര്‍ദേശ പത്രികയുടെ സൂക്ഷ്മ പരിശോധനയ്ക്കിടെയായിരുന്നു സംഘര്‍ഷം.

അടുത്ത മാസം എട്ടിന് തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളിലേക്കുള്ള തിരഞ്ഞെടുപ്പ് നടക്കാനിരിക്കെയാണ്, ബംഗാളിൽ അക്രമം തുടരുന്നതായുള്ള റിപ്പോർട്ടുകൾ. ബംഗാൾ ഗവർണർ ഡോ. സി.വി.ആനന്ദബോസ് അക്രമബാധിത പ്രദേശങ്ങൾ സന്ദർശിച്ചു. സംസ്ഥാന തിരഞ്ഞെടുപ്പ് കമ്മിഷണർ രാജീവ് സിൻഹയെ അദ്ദേഹം രാജ് ഭവനിലേക്കു വിളിച്ചുവരുത്തി.

ബംഗാൾ ബിജെപി പ്രസിഡന്റ് സുകാന്ദ മജുംദാറും രാജ്ഭവനിലെത്തി ഗവർണറുമായി കൂടിക്കാഴ്ച നടത്തി. അക്രമ സംഭവങ്ങൾക്ക് അറുതി വരുത്താൻ ആവശ്യമായ നടപടികൾ സ്വീകരിക്കുമെന്ന് ഗവർണര്‍ ഉറപ്പു നൽകിയതായി മജുംദാർ അറിയിച്ചു.

‘‘അക്രമ സംഭവങ്ങളുമായി ബന്ധപ്പെട്ട് എല്ലാക്കാര്യങ്ങളും ഗവർണറെ ധരിപ്പിച്ചിട്ടുണ്ട്. തദ്ദേശ തിരഞ്ഞെടുപ്പുമായി ബന്ധപ്പെട്ട് ബംഗാളിൽ നടക്കുന്ന എല്ലാ അക്രമ സംഭവങ്ങളും അവസാനിപ്പിക്കാൻ ക്രിയാത്മകമായി ഇടപെടുമെന്ന് അദ്ദേഹം ഉറപ്പു നൽകി. അദ്ദേഹം നേരിട്ട് അക്രമബാധിത പ്രദേശങ്ങൾ സന്ദർശിച്ച് സാഹചര്യങ്ങൾ വിലയിരുത്തി.’– മജുംദാർ എഎൻഐയോടു പറഞ്ഞു.

‘‘തിരഞ്ഞെടുപ്പിൽ മത്സരിക്കാനായി നാമർനിർദ്ദേശ പത്രിക സമർപ്പിക്കുന്നവരെ വിരട്ടി പിന്തിരിപ്പിക്കാനാണ് തൃണമൂൽ കോൺഗ്രസിന്റെ ശ്രമം. അങ്ങനെ വോട്ടു കൊള്ളയടിക്കാനും അവർ പദ്ധതിയിടുന്നു. ഇതെല്ലാം നേതൃത്വം അറിഞ്ഞുകൊണ്ടുള്ള പദ്ധതിയാണ്’ – മജുംദാർ ആരോപിച്ചു. 

തിരഞ്ഞെടുപ്പ് പ്രമാണിച്ച് കേന്ദ്ര അർധസൈനിക വിഭാഗങ്ങളെ സംസ്ഥാനത്ത് നിയോഗിക്കുന്നതിൽ കൽക്കട്ട ഹൈക്കോടതി ഉത്തരവിനെതിരെ സംസ്ഥാന തിരഞ്ഞെടുപ്പു കമ്മിഷൻ സുപ്രീം കോടതിയെ സമീപിച്ചു. 48 മണിക്കൂറിനുള്ളിൽ അർധസൈനിക വിഭാഗങ്ങളെ ബംഗാളിലെ ഓരോ ജില്ലയിലും നിയോഗിക്കുന്നതിന് നടപടി സ്വീകരിക്കാൻ ചീഫ് ജസ്റ്റിസ് ടി.എസ്. ശിവജ്ഞാനം അധ്യക്ഷനായ ബെഞ്ച് തിരഞ്ഞെടുപ്പ് കമ്മിഷന് നിർദ്ദേശം നൽകിയിരുന്നു.

English Summray: TMC, BJP workers clash at Sahebganj's BDO office, MoS Nisith Pramanik attacked

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com