നിഖിലിന്റെ അഡ്മിഷന്‍ പരിശോധനയ്ക്ക് ശേഷം; സംശയം തോന്നിയില്ല: പ്രിന്‍സിപ്പല്‍
Mail This Article
കായംകുളം∙ എസ്.എഫ്.ഐ നേതാവ് നിഖില്‍ തോമസിന് കോളജില്‍ എം.കോമിന് അഡ്മിഷന്‍ നല്‍കിയത് സര്‍ട്ടിഫിക്കറ്റുകള്‍ പരിശോധിച്ച ശേഷമെന്ന് കായംകുളം എംഎസ്എം കോളജ് പ്രിന്‍സിപ്പല്‍ ഡോക്ടര്‍ മുഹമ്മദ് താഹ. പ്രവേശന നടപടികളില്‍ വീഴ്ചയുള്ളതായി തോന്നിയിട്ടില്ല. വ്യാജ സര്‍ട്ടിഫിക്കറ്റാണോ എന്ന് തീരുമാനിക്കേണ്ടത് സര്‍വകലാശാലയാണെന്നും അദ്ദേഹം മാധ്യമങ്ങളോട് പറഞ്ഞു.
‘കോളജിന്റെ ആഭ്യന്തര കമ്മിറ്റി അന്വേഷണം നടക്കുകയാണ്. വീഴ്ച പറ്റിയോ എന്ന് ഇപ്പോള്‍ പറയാനാകില്ല. അന്വേഷണത്തിന് ശേഷം മാത്രമേ ഇക്കാര്യത്തില്‍ കൃത്യമായ പ്രതികരണം നല്‍കാനാവൂവെന്നും പ്രിന്‍സിപ്പല്‍ വ്യക്തമാക്കി.
അതേസമയം, വ്യാജ സര്‍ട്ടിഫിക്കറ്റ് വിവാദത്തില്‍ എല്ലാ കാര്യങ്ങളും പരിശോധിക്കുമെന്ന് കേരള സര്‍വകലാശാല വ്യക്തമാക്കി. നിഖില്‍ തോമസിന്റെ എം.കോം പ്രവേശനം നിയമപരമാണോ എന്ന് പരിശോധിക്കും . പഠനശേഷം വിവിധ സ്ഥാനങ്ങളില്‍ പ്രവര്‍ത്തിച്ചോയെന്നും പരിശോധിക്കുമെന്ന് റജിസ്ട്രാര്‍ ഡോ. കെ.എസ് അനില്‍കുമാര്‍ മനോരമന്യൂസിനോട് വ്യക്തമാക്കി.
നിഖിലിന്റെ സര്‍ട്ടിഫിക്കറ്റ് യഥാര്‍ഥമാണെന്നും എം.കോം പ്രവേശനത്തില്‍ ക്രമക്കേട് നടന്നിട്ടില്ലെന്നും എസ്.എഫ്.ഐ സംസ്ഥാന സെക്രട്ടറി പി.എം. ആര്‍ഷോയും മാധ്യമങ്ങളോട് പറഞ്ഞിരുന്നു. കായംകുളം കോളജിലെ ഡിഗ്രി റദ്ദാക്കിയ ശേഷമാണ് നിഖില്‍ കലിംഗയില്‍ ചേര്‍ന്നതെന്നും ആര്‍ഷോ അവകാശപ്പെട്ടിരുന്നു.
English Summary: Kayamkulam MSM college principal on Nihil Thomas's fake certificate row