ADVERTISEMENT

തിരുവനന്തപുരം∙ പനിപ്പേടിയിൽ കേരളം. ഇന്നലെ ഒറ്റ ദിവസം സർക്കാർ ആശുപത്രികളിൽ മാത്രം പനിക്ക് ചികിത്സ തേടിയത് പതിമൂവായിരത്തോളം പേർ. ആറു മാസത്തിനിടെ എലിപ്പനി ബാധിച്ച് മരിച്ചവരുടെ എണ്ണം 68 ആയി ഉയർന്നു. എലിപ്പനിക്കും ഡെങ്കിപ്പനിക്കുമൊപ്പം മലേറിയയും പടരുന്നു. മലപ്പുറം ജില്ലയിൽ ഡെങ്കിപ്പനി ബാധിച്ച് രണ്ടു മരണം സ്ഥിരീകരിച്ച സാഹചര്യത്തിൽ പൊതുജനങ്ങൾ പ്രത്യേക ശ്രദ്ധ പുലർത്തണമെന്ന് ആരോഗ്യവകുപ്പ് അറിയിച്ചു. ജില്ലയിലെ പ്രധാനപ്പെട്ട ആശുപത്രികളിലെല്ലാം ഡെങ്കിവാര്‍ഡ് ആരംഭിച്ചിട്ടുണ്ട്.

പതിവ് തെറ്റിക്കാതെ ഈ മഴക്കാലത്തും സംസ്ഥാനം സാംക്രമിക രോഗങ്ങളുടെ പിടിയിൽ അമർന്നു. ഇന്നലെ സാധാരണ പനിക്ക് ചികിത്സ തേടിയവരുടെ എണ്ണം 12,984 ആയി ഉയർന്നു. ഈ മാസം പനി ബാധിച്ചവരുടെ എണ്ണം 1,61,346.

എലിപ്പനിയാണ് കൂടുതൽ അപകടകാരി. മൂന്നാഴ്ചക്കിടെ 77 പേർക്ക് രോഗം സ്ഥിരീകരിച്ചപ്പോൾ 116 പേർക്ക് ലക്ഷണങ്ങളുണ്ട്. 27 പേരുടെ ജീവൻ പൊലിഞ്ഞു. മറ്റൊരു 41 പേർ മരിച്ചത് എലിപ്പനി ലക്ഷണങ്ങളോടെയാണ്. ഈ വർഷം ആകെ 68 എലിപ്പനി മരണം. ഡെങ്കിപ്പനിയും അതിവേഗം വ്യാപിക്കുകയാണ്. ഈ മാസം 1008 പേർക്ക് രോഗം ബാധിച്ചു. മരണസംഖ്യ 16 ആയി ഉയർന്നു. എറണാകുളമാണ് ഡെങ്കിപ്പനി തലസ്ഥാനം. പത്തനംതിട്ട, കൊല്ലം, കോട്ടയം, മലപ്പുറം ജില്ലകളിലാണ് എലിപ്പനി രൂക്ഷം. 

ഏറെക്കുറെ വരുതിയിലായെന്ന് കരുതിയിരുന്ന മലേറിയ പല ജില്ലകളിലും റിപ്പോർട്ട് ചെയ്യപ്പെടുന്നതും ആശങ്കയാണ്. ഇന്നലെ മലപ്പുറത്ത് ഒരാൾക്കും കോട്ടയം ജില്ലയിലെ കറുകച്ചാലിലും രാമപുരത്തുമായി രണ്ടു പേർക്കും മലേറിയ സ്ഥിരീകരിച്ചു. ഈ മാസം 27 പേർക്ക് രോഗം ബാധിച്ചു. കേരളം പനിച്ച് വിറയ്ക്കുമ്പോഴും കൊതുകിന്റെ ഉറവിട നശീകരണവും മലിന ജലത്തിലിറങ്ങുന്നവർ ഡോക്സിസൈക്ലിൻ കഴിക്കണം എന്ന നിർദേശം നൽകലും മാത്രമാണ് സർക്കാർ നടപടി. എലി നശീകരണത്തിന് തദ്ദേശ സ്ഥാപനങ്ങൾ അനങ്ങിയിട്ടില്ല. അടിയന്തര കൊതുകു നശീകരണമോ എലികൾ പെറ്റുപെരുകുന്ന മാലിന്യക്കൂനകൾ നീക്കുന്നതോ ഒന്നും പരിഗണിക്കുന്നതേ ഇല്ല.

English Summary: Fever spreading in Kerala

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com