ADVERTISEMENT

ന്യൂഡൽഹി∙ ആഡംബര ജീവിതത്തിന് ലോകത്തിലെ ഏറ്റവും ചെലവേറിയ നഗരങ്ങളുടെ പട്ടികയിൽ ഒന്നാം സ്ഥാനത്ത് സിംഗപ്പൂർ. ഏഷ്യൻ രാജ്യമായ സിംഗപ്പൂരിന്റെ തലസ്ഥാനമാണ് സിംഗപ്പൂർ സിറ്റി. സ്വിറ്റ്സർലൻഡ് കേന്ദ്രമായി പ്രവർത്തിക്കുന്ന ജൂലിയസ് ബെയർ ഗ്രൂപ്പ് ലിമിറ്റഡാണ് പട്ടിക പുറത്തുവിട്ടത്. കഴിഞ്ഞവർഷം അഞ്ചാം സ്ഥാനത്തായിരുന്ന സിംഗപ്പൂർ, ആദ്യമായാണ് ഒന്നാം സ്ഥാനത്തെത്തുന്നത്. ആഗോള സാമ്പത്തിക കേന്ദ്രമായ ചൈനയിലെ ഷാങ്ഹായ്, ചൈനയുടെ നിയന്ത്രണത്തിലുള്ള ഹോങ്കോങ് എന്നിവയാണ് പട്ടികയിൽ യഥാക്രമം രണ്ടും മൂന്നും സ്ഥാനങ്ങളിൽ.

കോവിഡ് സമയത്ത് നിയന്ത്രണങ്ങളിൽ ഇളവു വരുത്തിയ ആദ്യ രാജ്യങ്ങളിൽ ഒന്നാണ് സിംഗപ്പൂർ. കഴിഞ്ഞ വർഷം രാജ്യത്തെ ശതകോടീശ്വരന്മാരുടെ എണ്ണത്തിലും വർധനവുണ്ടായി. “ഉയർന്ന ജീവിത നിലവാരവും പ്രാദേശിക അടിസ്ഥാന സൗകര്യങ്ങളുടെ ആവശ്യത വർധിച്ചതും അർഥമാക്കുന്നത് ഇവിടെ ജീവിതം ചെലവേറിയത് തന്നെയാണെന്നാണ്” - ചൊവ്വാഴ്ച പുറത്തിറക്കിയ റിപ്പോർട്ടിൽ പറയുന്നു.

ആഡംബര ജീവിതത്തിനു ചെലവേറിയ ആദ്യ മൂന്നു രാജ്യങ്ങളും ഏഷ്യയിൽനിന്നാണെന്നും പ്രത്യേകതയുണ്ട്. ലോകത്തിലെ ഏറ്റവും ചെലവേറിയ 10 നഗരങ്ങളിൽ അഞ്ചെണ്ണം ഏഷ്യയിൽനിന്നാണ്. ലണ്ടൻ, ന്യൂയോർക്ക് എന്നീ നഗരങ്ങളാണ് പട്ടികയിൽ യഥാക്രമം നാലും അഞ്ചും സ്ഥാനത്ത്. ഗൾഫ് നഗരമായ ദുബായ് ഏഴാം സ്ഥാനത്താണ്. 18–ാം സ്ഥാനത്തുള്ള മുംബൈയാണ് ആദ്യ 20 റാങ്കിലുള്ള ഏക ഇന്ത്യൻ നഗരം.

ജനവാസ കേന്ദ്രങ്ങൾ, ബിസിനസ് ക്ലാസ് ഫ്ലൈറ്റുകൾ, ബിസിനസ് സ്കൂൾ, മറ്റ് ആഡംബരങ്ങൾ തുടങ്ങിയ വിവിധ ഘടകങ്ങൾ വിശകലനം ചെയ്താണ് പട്ടിക തയാറാക്കിയിരിക്കുന്നത്. കഴിഞ്ഞ വർഷം 11-ാം സ്ഥാനത്തായിരുന്ന യുഎസ് സാമ്പത്തിക തലസ്ഥാനമായ ന്യൂയോർക്ക്, ഡോളർ ശക്തിപ്പെട്ടതോടെയും കോവിഡിൽനിന്നു തിരിച്ചുവന്നതോടെയുമാണ് ഇത്തവണ അഞ്ചാം സ്ഥാനത്തെത്തിയത്.

English Summary: Asia dominates top three spots on list of world's most expensive cities for high class

 

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com