ADVERTISEMENT

മിനി വാനിന്റെ വലുപ്പമുള്ള ടൈറ്റൻ എന്ന സമുദ്രപേടകവും അതിലെ അഞ്ചു പേരെയും കാണാതായിട്ട് നാലു ദിവസം. യാത്ര തുടങ്ങി കേവലം ഒന്നേമുക്കാൽ മണിക്കൂറിനുള്ളിൽ ടൈറ്റനുമായുള്ള ബന്ധം നഷ്ടമായിരുന്നു. അറ്റ്ലാന്റിക് സമുദ്രത്തിന്റെ ആഴങ്ങളിലേക്ക്, 13,000 അടിയിലേക്ക് ടൈറ്റൻ വീണുപോയിരിക്കാം. ആകെ 96 മണിക്കൂർ മാത്രം ഉപയോഗിക്കാൻ തികയുന്ന ഓക്സിജൻ ശേഖരമുള്ള സമുദ്രപേടകം എവിടെയാണെന്നതിൽ ഇതുവരെ വ്യക്തതയില്ല.

∙ 4.6 ബുർജ് ഖലീഫകൾ ചേർത്താൽ

സമുദ്രോപരിതലത്തിൽനിന്ന് 12,500 അടി താഴെയാണ് ടൈറ്റാനിക്കിന്റെ അവശിഷ്ടമുള്ളത്. ലോകത്തെ ഏറ്റവും ഉയർന്ന കെട്ടിടമായ ബുർജ് ഖലീഫയുടെ നീളം 2,717 അടിയാണ്. ഏകദേശം 4.6 ബുർജ് ഖലീഫകൾ ഒന്നിനു മുകളിൽ ഒന്നായി ചേർത്തുവച്ചാൽ എത്ര വരുമോ അതാണ് സമുദ്രോപരിതലത്തിൽനിന്ന് ടൈറ്റാനിക്കിന്റെ അവശിഷ്ടങ്ങൾ സ്ഥിതി ചെയ്യുന്നിടത്തേക്കുള്ള ആഴം.

അറ്റ്ലാന്റിക് സമുദ്രത്തിന്റെ ആഴം ശരാശരി 11,962 അടിയാണ്. ഏറ്റവും ആഴമേറിയ ഭാഗം പ്യൂർട്ടോറിക്കോ ട്രെഞ്ച് ആണ്. അവിടെ 27,493 അടിയാണ് ആഴമെന്ന് എൻസൈക്ലോപീഡിയ ബ്രിട്ടാനിക്ക പറയുന്നു. സമുദ്രാന്തർഭാഗത്ത് നിരവധി കുന്നുകളും താഴ്‌വരകളുമുണ്ട്. സമുദ്രത്തിൽനിന്നുയർന്നുവന്ന ചില കുന്നുകള്‍ ദ്വീപുകളായി മാറിയിട്ടുമുണ്ട്. ഐസ്‌ലൻഡ് അങ്ങനെ രൂപമെടുത്ത ദ്വീപാണ്.

∙ ഇനിയും അറിയാനേറെ

ആഴക്കടൽ എന്നും ഗവേഷകരെ വിസ്മയിപ്പിച്ചിട്ടുണ്ട്. എങ്കിലും പൂർണമായി ഉള്ളുതുറന്നു കാട്ടിയിട്ടുമില്ല. കടലിനെക്കുറിച്ച് ശാസ്ത്രീയമായി പല കാര്യങ്ങളും മനസ്സിലാക്കാൻ ലോകത്തിനു സാധിച്ചിട്ടുണ്ട്. എന്നാൽ ഇനിയുമേറെയുണ്ട് മനസ്സിലാക്കാൻ. സമുദ്രങ്ങളുടെ അടിത്തട്ടിന്റെ 80 ശതമാനം മേഖലയും ഇനിയും പര്യവേക്ഷണം നടത്താനും പഠനം നടത്താനും അവശേഷിക്കുന്നുവെന്നാണ് നാഷനൽ ഓഷനിക് ആൻഡ് അറ്റ്മോസ്ഫെറിക് അഡ്മിനിസ്ട്രേഷൻ (എൻഒഎഎ) പറയുന്നത്.

ഭൂമിയുടെ 70 ശതമാനവും സമുദ്രമാണ്. 12,000 അടിയാണ് സമുദ്രങ്ങളുടെ ശരാശരി ആഴമായി കണക്കാക്കുന്നത്. താഴേക്ക് പോകുന്തോറും ഹൈഡ്രോസ്റ്റാറ്റിക് പ്രഷർ വർധിക്കും. പസിഫിക് സമുദ്രത്തിൽ സ്ഥിതി ചെയ്യുന്ന മരിയാന ട്രെഞ്ചാണ് ഏറ്റവും ആഴമേറിയ സമുദ്രഭാഗം. 36,200 അടി ആഴമുണ്ട് ഇവിടെ. 2,542 കിലോമീറ്ററാണ് വീതി.

∙ സമുദ്രത്തിന്റെ അടിത്തട്ട് എങ്ങനെ?

കരയിൽ ഉള്ളതുപോലെ പർവതങ്ങളും താഴ്‌വരകളും കടലിന്റെ അടിത്തട്ടിലുമുണ്ടെന്ന് ഫോന ആൻഡ് ഫ്ലോറ ഇന്റനാഷനൽ എന്ന സന്നദ്ധ സംഘടനയുടെ ഡയറക്ടർ സോഫി ബെൻബോ പറയുന്നു. ടെക്ടോണിക് പ്ലേറ്റുകളുടെ ചലനങ്ങള്‍ ഇവയെ ബാധിക്കാറുണ്ട്. അതുകൊണ്ടുതന്നെ സമുദ്രത്തിന്റെ അടിത്തട്ട് സ്ഥിരതയില്ലാത്തതാണ്. ‘‘ഓക്സിജൻ കുറഞ്ഞ, ഐസ് കട്ടയാകുന്നതരത്തിലുള്ള തണുപ്പേറിയ, ഇരുട്ട് നിറഞ്ഞ മേഖലയാണ് സമുദ്രങ്ങളുടെ അടിത്തട്ട്’’ – സോഫി ബെൻബോ കൂട്ടിച്ചേർത്തു.

സമുദ്രാന്തർഭാഗത്തെ നാലായി തിരിക്കാം – സൺലൈറ്റ് സോൺ, ട്വിലൈറ്റ് സോൺ, മിഡ്നൈറ്റ് സോൺ, അബിസ്സൽ സോൺ. 3,300 – 13,000 അടി വരെയുള്ള പ്രദേശത്തെയാണ് മിഡ്നൈറ്റ് സോൺ എന്നു വിളിക്കുന്നത്. സമുദ്രോപരിതലത്തിൽനിന്ന് 3,300 മീറ്റർ അടിയിലേക്ക് എത്തിയാൽ പിന്നീട് സൂര്യപ്രകാശത്തിനു കടന്നുചെല്ലാന്‍ സാധിക്കില്ല. ഇന്ത്യൻ മഹാസമുദ്രത്തിന്റെ ആഴം 23,812 അടിയാണ് (ശരാശരി 12,273 അടി).

12,500 അടിയോളം താഴെ ചെന്ന് ടൈറ്റാനിക് കണ്ട് തിരികെ മുകളിലെത്താവുന്ന തരത്തിലാണ് ടൈറ്റൻ നിർമിച്ചിരിക്കുന്നത്. മികച്ച അന്തർവാഹിനികൾക്കുപോലും കടന്നുചെല്ലാവുന്നതിന്റെ ഇരട്ടിയോളം ആഴത്തിലാണു ടൈറ്റൻ പര്യടനം നടത്തുന്നത്. അതുകൊണ്ടുതന്നെ രക്ഷാപ്രവർ‌ത്തനവും വെല്ലുവിളി നിറഞ്ഞതാണ്.

Content Highlights: Depth of Ocean, Titanic Expedition, Titan Submersible - Infographics

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com