ADVERTISEMENT

ജറുസലം∙ സൈപ്രസിലെ ഇസ്രയേൽ വ്യവസായികളെ വധിക്കാൻ ഇറാൻ തയാറാക്കിയ പദ്ധതി തകർത്തുവെന്ന വെളിപ്പെടുത്തലുമായി ഇസ്രയേൽ ചാരസംഘടനയായ മൊസാദ് രംഗത്ത്. വിശദമായ അന്വേഷണത്തിൽ, പാക്കിസ്ഥാനിലെ രഹസ്യാന്വേഷണ ഏജൻസിയായ ഐഎസ്ഐയ്ക്കും ഇതിൽ പങ്കുണ്ടെന്ന് തെളിഞ്ഞതായി മൊസാദ് വെളിപ്പെടുത്തി. സൈപ്രസിനു പുറമെ തുർക്കി, ജോർജിയ, ഗ്രീസ് എന്നിവിടങ്ങളിലെ ജൂതൻമാരെ ആക്രമിക്കാനുള്ള നീക്കവും ഇത്തരത്തിൽ തകർത്തതായി മൊസാദ് അറിയിച്ചു.

ഇറാനിയൻ മണ്ണിൽ നടത്തിയ ഭീകരവിരുദ്ധ നീക്കത്തിൽ, യൂസഫ് ഷഹബാസി അബ്ബാസലിലു എന്നയാളെ മൊസാദ് പിടികൂടിയിരുന്നു. ഇയാളാണ്, സൈപ്രസിലെ ഇസ്രയേൽ വ്യവസായികളെ വധിക്കാനുള്ള പദ്ധതിയുടെ വിവരം വെളിപ്പെടുത്തിയത്. തുടർന്ന് മൊസാദ് രഹസ്യ നീക്കത്തിലൂടെ പദ്ധതി പൊളിക്കുകയായിരുന്നു.

ഇറാനിയൻ റെവല്യൂഷനറി ഗാർഡ്സിലെ മുതിർന്ന നേതാവാണ് നിർദ്ദേശങ്ങളും ആയുധങ്ങളും നൽകുന്നതെന്ന് അബ്ബാസലിലു മൊസാദിനോടു വെളിപ്പെടുത്തി. ജൂതരെ ലക്ഷ്യമിട്ട് നടത്തിയ ആക്രമണങ്ങളെക്കുറിച്ചും, അത് നടപ്പാക്കിയ രീതികളെക്കുറിച്ചും ഇയാൾ തുറന്നു പറഞ്ഞതായി മൊസാദ് അറിയിച്ചു. ഇയാളിൽനിന്ന് ലഭിച്ച വിവരങ്ങൾ പ്രകാരം മൊസാദ് ആക്രമണ നീക്കത്തെക്കുറിച്ച് സൈപ്രസ് സൈന്യത്തിനു വിവരം നൽകി. ഇവരാണ്, ഇസ്രയേൽ വ്യവസായികളെ ഉന്നമിട്ടുള്ള ആക്രമണ നീക്കം പൊളിച്ചതെന്ന് മൊസാദ് പ്രസ്താവനയിൽ അറിയിച്ചു.

ജൂതൻമാരെയും ഇസ്രയേൽ പൗരൻമാരെയും വധിക്കാനുള്ള പദ്ധതിയിൽ പാക്കിസ്ഥാൻ രഹസ്യാന്വേഷണ ഏജൻസിയായ ഐഎസ്ഐയ്ക്കുള്ള പങ്കിനെക്കുറിച്ച് അബ്ബാസലിലു വെളിപ്പെടുത്തുന്നതിന്റെ വിഡിയോ മൊസാദ് പുറത്തുവിട്ടു. ഇസ്രയേൽ പൗരൻമാരെ ആക്രമിക്കാൻ ശ്രമിച്ചതിന്റെ പേരിൽ വിവിധ രാജ്യങ്ങളിൽ നിന്നായി പാക്കിസ്ഥാൻ പൗരൻമാർ അറസ്റ്റിലായിരുന്നു.

ഇക്കഴിഞ്ഞ ഏപ്രിലിൽ, ഗ്രീസിലെ ഇസ്രയേല്‍ പൗരൻമാരെ ആക്രമിക്കാൻ പദ്ധതിയിട്ട രണ്ട് പാക്കിസ്ഥാൻകാരെ ഗ്രീക്ക് പൊലീസ് പിടികൂടിയിരുന്നു. 2021ലും സൈപ്രസിലെ ഇസ്രയേൽ പൗരൻമാരെ ആക്രമിക്കാനുള്ള നീക്കം തകർത്തതായി ഇസ്രയേൽ സ്ഥിരീകരിച്ചിരുന്നു. അന്ന് റഷ്യൻ വീസയുമായി റഷ്യയിൽനിന്നാണ് വാടകക്കൊലയാളി സൈപ്രസിൽ എത്തിയത്. ആ സംഭവവുമായി ബന്ധപ്പെട്ട് ആറു പേരെയാണ് സൈപ്രസ് അറസ്റ്റ് ചെയ്തത്. അതിൽ മൂന്ന് പാക്കിസ്ഥാൻകാരുമുണ്ടായിരുന്നു. അടുത്തിടെ ജോർജിയയിലും ഇസ്രയേൽ പൗരനെ ആക്രമിക്കാൻ ശ്രമിച്ച പാക്കിസ്ഥാൻകാരൻ പിടിയിലായിരുന്നു. 

English Summary: Israel's Spy Agency Mossad Uncovers Pak ISI's Involvement In Killing Rich Jews

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com