ADVERTISEMENT

കൊച്ചി∙ വ്യാജ പ്രവര്‍ത്തി പരിചയ സര്‍ട്ടിഫിക്കറ്റ് കേസില്‍ മുന്‍ എസ്എഫ്ഐ നേതാവ് കെ.വിദ്യക്കെതിരായ അന്വേഷണത്തില്‍ കാലടി സര്‍വകലാശാലക്ക് മെല്ലെപ്പോക്ക്. വിദ്യയുടെ പിഎച്ച്ഡി പ്രവേശനമടക്കം അന്വേഷിക്കാന്‍ നിയോഗിക്കപ്പെട്ട കമ്മിറ്റി ഒരൊറ്റ തവണ മാത്രമാണ് യോഗം ചേര്‍ന്നത്. കമ്മിറ്റിയുടെ മെല്ലെപ്പോക്കില്‍ സര്‍വകലാശാലയിലെ അധ്യാപകര്‍ക്കടക്കം പ്രതിഷേധമുണ്ട്. അതേസമയം, കെ.വിദ്യ ഇന്ന് ഹൊസ്ദുർഗ് ജൂഡീഷ്യൽ ഫസ്റ്റ് ക്ലാസ് മജിസ്ട്രേറ്റ് കോടതിയിൽ ഹാജരാകും.

വിദ്യയുടെ പിഎച്ഡി പ്രവേശനത്തില്‍ ക്രമക്കേടുണ്ടോ എന്നതടക്കം അന്വേഷിക്കാനാണു സര്‍വകലാശാല സിന്‍ഡിക്കേറ്റ് ലീഗല്‍ സ്റ്റാന്റിങ് കമ്മിറ്റിയെ വൈസ് ചാന്‍സലര്‍ ചുമതലപ്പെടുത്തിയത്. വിദ്യയുടെ പിഎച്ച്ഡി ഗൈഡ് ആയിരുന്ന ബിച്ചു എക്‌സ്. മലയിലിന്റെ കത്തിന്റെ അടിസ്ഥാനത്തിലായിരുന്നു അന്വേഷണം. ഇതു സംബന്ധിച്ച ഉത്തരവ് ജൂണ്‍ 8ന് റജിസ്ട്രാര്‍ പുറത്തിറക്കി. ഉത്തരവിറങ്ങി 9 ദിവസങ്ങള്‍ക്കുശേഷം ജൂണ്‍ 17നാണ് അഡ്വ.കെ.പ്രേംകുമാര്‍ എംഎൽഎ കണ്‍വീനറായ സിന്‍ഡിക്കേറ്റ് ലീഗല്‍ സ്റ്റാന്റിങ് കമ്മിറ്റി ആദ്യ യോഗം ചേരുന്നത്. 

വിദ്യയുടെ പിഎച്ച്ഡി പ്രവേശനം സംബന്ധിച്ച എല്ലാ രേഖകളും സമിതിക്കു മുമ്പാകെ ഹാജരാക്കാന്‍ സര്‍വകലാശാല മലയാള വിഭാഗത്തിനു യോഗം നിര്‍ദേശം നല്‍കി. എന്നാല്‍ ആദ്യ യോഗത്തിനു ശേഷം നാളിത്രയായിട്ടും അന്വേഷണം അതേവേഗതയിൽ മുന്നോട്ടു നീങ്ങിയിട്ടില്ല. രണ്ടാമതൊരു യോഗം പോലും ചേര്‍ന്നിട്ടില്ല. യോഗം എന്നു ചേരുമെന്നുമറിയില്ല. കാലടി സര്‍വകലാശാലയിലെ വിദ്യയുടെ പിഎച്ച്ഡി പ്രവേശനം സംവരണം അട്ടിമറിച്ചാണെന്നതിനു നിരവധി തെളിവുകള്‍ പുറത്തുവന്നിരുന്നു.

ഹൈക്കോടതി ഉത്തരവ് ദുര്‍വ്യാഖ്യാനം ചെയ്തായിരുന്നു വിദ്യക്ക് പ്രവേശനം നല്‍കിയത്. പ്രവേശനം ചട്ടവിരുദ്ധമായിട്ടായിരുന്നുവെന്ന് തെളിഞ്ഞാല്‍ വിദ്യയെ പുറത്താക്കാന്‍ സിന്‍ഡിക്കേറ്റ് തീരുമാനമെടുക്കും. എന്നാല്‍ അന്വേഷണം പൂര്‍ത്തിയാക്കി ലീഗല്‍ സ്റ്റാന്റിങ് കമ്മിറ്റി ശുപാര്‍ശ നല്‍കിയാല്‍ മാത്രമേ സിന്‍ഡിക്കേറ്റിനു നടപടിയെടുക്കാന്‍ സാധിക്കൂ. അന്വേഷണം വൈകുന്നതിനെതിരെ സര്‍വകലാശാലയിലെ അധ്യാപകർക്കിടയിൽനിന്നു തന്നെ പ്രതിഷേധം ഉയരുന്നുണ്ട്.

English Summary: Kalady University slows down the investigation against K.Vidya

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com