ADVERTISEMENT

തിരുവനന്തപുരം∙ ഓപ്പറേഷൻ തിയറ്ററിൽ ഹിജാബിനു പകരം നീളമുള്ള കൈകളുള്ള ജാക്കറ്റും തലമറയ്ക്കാൻ സർജിക്കൽ ഹുഡും അനുവദിക്കണമെന്ന തിരുവനന്തപുരം മെഡിക്കൽ കോളജിലെ 7 എംബിബിഎസ് വിദ്യാർഥികളുടെ കത്ത് രാഷ്ട്രീയ തീരുമാനമെടുക്കേണ്ട ഒരു വിഷയമല്ലെന്ന് ആരോഗ്യമന്ത്രി വീണാ ജോർജ്. സാങ്കേതിക വിഷയമായതിനാൽ ആരോഗ്യ പ്രോട്ടോകോൾ സംബന്ധിച്ച് അധ്യാപകർ തന്നെ വിദ്യാർഥികളോടു വിശദീകരിക്കുമെന്നും വിവാദമാക്കേണ്ട കാര്യമില്ലെന്നും മന്ത്രി പറഞ്ഞു.

‘‘മെഡിക്കൽ കോളജിലെ വിദ്യാർഥികൾ അവരുടെ അധ്യാപകരോട് ഒരു കാര്യം ആവശ്യപ്പെട്ടു. അത് അധ്യാപകർ പരിശോധിച്ചു തീരുമാനിക്കും. ഓപ്പറേഷൻ തിയറ്ററിൽ സ്വീകരിക്കേണ്ട നടപടികൾ ഡോക്ടർമാരുടെ സംഘടന തന്നെ വിശദീകരിച്ചു കഴിഞ്ഞു. ഏതെങ്കിലും ഒരു ഭരണകൂടമല്ല ഓപ്പറേഷൻ തിയറ്ററിലെ കാര്യങ്ങളിൽ തീരുമാനമെടുക്കുന്നത്. അതിന്റെ ഭാഗമായുണ്ടായ പ്രോട്ടോകോളുമല്ല. ഇതു തികച്ചും സാങ്കേതികമാണ്. സാങ്കേതികമായ പ്രോട്ടോകോളിന്റെ അടിസ്ഥാനം ഓപ്പറേഷൻ തിയറ്ററിൽ അണുബാധയേൽക്കാതെ രോഗിയെ സംരക്ഷിക്കണം എന്നാണ്. അതിനുവേണ്ടിയാണു ഓപ്പറേഷൻ തിയറ്റർ സജ്ജമാക്കിയിരിക്കുന്നത്. അറ്റകുറ്റപ്പണി നടത്തേണ്ടിവന്നു തിയറ്റർ അടച്ചിട്ടാൽ വിശദമായ പരിശോധന നടത്തി അണുബാധയില്ലെന്ന് ഉറപ്പാക്കിയാണു തുറക്കുന്നത്. അണുബാധ ഒഴിവാക്കാൻ ആഗോളതലത്തിൽ അംഗീകരിക്കപ്പെട്ട പ്രോട്ടോകോളാണു പിൻതുടരുന്നത്’’ – മന്ത്രി പറഞ്ഞു.

ഓപ്പറേഷന്‍ തിയറ്ററിനുള്ളില്‍ ഹിജാബിനു പകരമായി നീളമുള്ള കൈകളോടു കൂടിയ സ്‌ക്രബ് ജാക്കറ്റുകളും തലമറയ്ക്കാൻ സര്‍ജിക്കല്‍ ഹുഡും ധരിക്കാന്‍ അനുവദിക്കണമെന്ന് ആവശ്യപ്പെട്ട് തിരുവനന്തപുരം മെഡിക്കൽ കോളജിലെ ഏഴു എംബിബിഎസ് വിദ്യാര്‍ഥികളാണ് പ്രിൻസിപ്പലിനു കത്തു നൽകിയത്. വിഷയം ചർച്ച ചെയ്യാൻ പ്രിൻസിപ്പൽ സർജൻമാരുടെയും അണുബാധ നിയന്ത്രണ വിദഗ്ധരുടെയും യോഗം വിളിച്ചിട്ടുണ്ട്. ഓപ്പറേഷൻ തിയറ്ററിൽ തല മറയ്ക്കാൻ അനുവദിക്കുന്നില്ലെന്നു വിദ്യാർഥികളുടെ കത്തിൽ പറയുന്നു. ഹിജാബ് ധരിക്കേണ്ടത് മതപരമായി നിർബന്ധമുള്ള കാര്യമാണ്. മതപരമായ വിശ്വാസവും ആശുപത്രിയിലെ ഓപ്പറേഷൻ മുറിയിലെ നിയന്ത്രണങ്ങളും ഒരുമിച്ച് കൈകാര്യം ചെയ്യാൻ പ്രയാസം നേരിടുന്നതായും കത്തിൽ ചൂണ്ടിക്കാട്ടിയിരുന്നു.

English Summary: Minister Veena George's reaction on students request to wear dress instead of hijab in operation theatre

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com