മെയ്ക് ഇൻ ഇന്ത്യ മാതൃകാപരം: ഇന്ത്യയെ പുകഴ്ത്തി വ്ളാഡിമിർ പുട്ടിൻ
Mail This Article
മോസ്കോ∙ മെയ്ക് ഇൻ ഇന്ത്യ പദ്ധതിയെ പുകഴ്ത്തി റഷ്യൻ പ്രസിഡന്റ് വ്ളാഡിമിർ പുട്ടിൻ. ഇന്ത്യൻ സാമ്പത്തിക രംഗത്ത് വ്യക്തമായ മാറ്റമുണ്ടാക്കാൻ പദ്ധതിക്കായെന്നും അദ്ദേഹം പറഞ്ഞു. അഭിമുഖത്തിനിടെയാണ് പുട്ടിൻ ഇക്കാര്യം പറഞ്ഞത്.
‘‘ഇന്ത്യയിലെ നമ്മുടെ സുഹൃത്തുക്കളും പ്രധാനമന്ത്രി നരേന്ദ്ര മോദിയും കുറച്ച് വർഷം മുൻപ് അവതരിപ്പിച്ച മെയ്ക് ഇൻ ഇന്ത്യ പദ്ധതി വളരെ വ്യക്തമായ മാറ്റം സാമ്പത്തിക രംഗത്തുണ്ടാക്കി. റഷ്യയിലെ പ്രാദേശിക ഉൽപ്പന്നങ്ങളും ബ്രാൻഡുകളും പ്രോത്സാഹിപ്പിക്കുന്നതിന് മെയ്ക് ഇൻ ഇന്ത്യ പദ്ധതി മാതൃകയാണ്’’– പുട്ടിൻ പറഞ്ഞു. അടുത്തിടെ റഷ്യൻ അംബാസഡർ ഡെനിസ് അലിപോവ് ഇന്ത്യാ – റഷ്യ ബന്ധം കുടുതൽ കരുത്താർജിക്കുകയാണെന്നു പറഞ്ഞിരുന്നു. ഇന്ത്യ – റഷ്യ ബന്ധം തകർക്കാൻ നിരന്തരം നുണ പ്രചാരണം നടക്കുന്നുണ്ടെന്നും അദ്ദേഹം പറഞ്ഞു.
പ്രധാനമന്ത്രി നരേന്ദ്ര മോദി യുഎസ് സന്ദർശനം നടത്തി തന്ത്രപ്രധാനമായ പല കരാറുകളും ഒപ്പിട്ടതിനു പിന്നാലെയാണ് പുട്ടിൻ ഇന്ത്യയെ പുകഴ്ത്തി രംഗത്തെത്തിയത്. റീപ്പർ ഡ്രോൺ ഉൾപ്പെടെ വാങ്ങുന്നിനുള്ള കരാറുകളിലാണു മോദി ഒപ്പിട്ടത്. യുക്രെയ്നിൽ റഷ്യ നടത്തുന്ന അധിനിവേശത്തിൽനിന്നു പിൻമാറണമെന്നും ഇന്ത്യ ആവശ്യപ്പെട്ടിരുന്നു. യൂറോപ്യൻ രാജ്യങ്ങൾ റഷ്യയിൽനിന്ന് അകന്ന് യുഎസുമായി കൂടുതൽ അടുക്കുന്നതിനിടെയാണ് ഇന്ത്യയും യുഎസിനോട് കൂടുതൽ അടുക്കുന്ന നടപടികൾ സ്വീകരിക്കുന്നത്.
English Summary: Putin Praises 'Make In India'