ADVERTISEMENT

മുംബൈ ∙ മഹാരാഷ്ട്ര സർക്കാരിന്റെ ഭാഗമായ എൻസിപി വിമതരും മറ്റുള്ളവരും തമ്മിൽ അധികാര വടംവലി തുടരവെ, അജിത് പവാർ വിഭാഗത്തിന്റെ പുതിയ പാർട്ടി ഓഫിസിൽ കയറാനാകാതെ നേതാക്കൾ. സെക്രട്ടേറിയറ്റിനു സമീപമുള്ള ‘രാഷ്ട്രവാദി ഭവനിലേക്ക്’ രാവിലെ എത്തിയ നേതാക്കളാണ്, ഓഫിസ് പൂട്ടിയിട്ടിരുന്നതിനാൽ വലഞ്ഞത്. ഓഫിസ് പൂട്ടുക മാത്രമല്ല, താക്കോൽ കാണാനുമില്ലായിരുന്നു.

താക്കോൽ കിട്ടാത്തതിനാൽ വിമത നേതാക്കൾ ഓഫിസിനു പുറത്ത് കസേരയിട്ടാണ് ഇരുന്നത്. യുവനേതാക്കൾ പൂട്ട് പുറത്തുനിന്നു തകർക്കാൻ ശ്രമിച്ചെങ്കിലും അകത്തുനിന്നും മുറികൾ പൂട്ടിയിരിക്കുകയായിരുന്നു. മഹാരാഷ്ട്ര പ്രതിപക്ഷ നേതാവും ശിവസേനാ നേതാവ് ഉദ്ധവ് താക്കറെയുടെ വിശ്വസ്തനുമായ അംബാദാസ് ഡൻവെ താമസിച്ചിരുന്ന ബംഗ്ലാവാണു പാർട്ടി ഓഫിസായി അജിത് കണ്ടെത്തിയത്. ഡൻവെയ്ക്കു പുതിയ ബംഗ്ലാവ് അനുവദിച്ചു. ഡൻവെയുടെ പിഎ, മുറി പൂട്ടി പോയെന്നാണ് ആക്ഷേപം.

ഇതിനിടെ, എൻസിപി വിമതവിഭാഗത്തിന്റെ ‘സംസ്ഥാന പ്രസിഡന്റായി’ സുനിൽ തത്കറെയെ നിയമിച്ചു. പുതിയ ഉപമുഖ്യമന്ത്രി അജിത് പവാറിന്റെ ദീർഘകാലമായുള്ള വിശ്വസ്തനാണ്. വിമത പ്രവർത്തനത്തിനു സുനിൽ തത്കറെ, പ്രഫുൽ പട്ടേൽ തുടങ്ങിയവരെ പുറത്താക്കിയെന്ന് എൻസിപി അധ്യക്ഷൻ ശരദ് പവാർ പ്രഖ്യാപിച്ച ദിവസം തന്നെയായിരുന്നു നിയമനം. റായ്ഗഡിൽനിന്നുള്ള ലോക്സഭാംഗമാണ് സുനിൽ.

ഒബിസി വിഭാഗത്തിലെ പ്രമുഖ നേതാവായ സുനിലിനെ അടുത്തിടെയാണ് എൻസിപി ദേശീയ ജനറൽ സെക്രട്ടറിയായി ശരദ് പവാർ നിയമിച്ചത്. ഒരു മാസത്തിനുള്ളിലാണ് അജിത്തിനൊപ്പം സുനിൽ ഉൾപ്പെടെയുള്ളവർ മറുകണ്ടം ചാടിയതും ഏക്നാഥ് ഷിൻഡെ– ദേവേന്ദ്ര ഫഡ്നാവിസ് സർക്കാരിൽ ചേരുന്നതും. ‘‘എന്റെ കഴിവിൽ പാർട്ടി വിശ്വാസമർപ്പിച്ചതിൽ സന്തോഷമുണ്ട്. കഴിവിന്റെ പരമാവധിയിൽ പ്രവർത്തിക്കും’’– പുതിയ സ്ഥാനലബ്ധിയിൽ സുനിൽ പ്രതികരിച്ചു.

ഞായറാഴ്ച മന്ത്രിയായി സത്യപ്രതിജ്ഞ ചെയ്തവരിൽ സുനിൽ തത്കറെയുടെ മകൾ അദിതിയുമുണ്ട്. മുൻപ് അജിത് പവാറിനൊപ്പം മന്ത്രിയായിരുന്ന വേളയിൽ ജലസേചന പദ്ധതിയിലെ അഴിമതിക്കേസിൽ അഴിമതിവിരുദ്ധ ബ്യൂറോ (എസിബി) സുനിലിനെതിരെ അന്വേഷണം നടത്തുന്നുണ്ട്. ഇതേ കേസിൽ ഇഡിയും പ്രാഥമികാന്വേഷം നടത്തിയിരുന്നു. 2014ലെ പൊതുതിരഞ്ഞെടുപ്പിൽ പരാജയപ്പെട്ട സുനിൽ തത്കറെ, 2019ൽ ശിവസേനാ എംപി ആനന്ദ് ഗീതെയെ പരാജയപ്പെടുത്തി. ഡൽഹിയിലല്ല, മഹാരാഷ്ട്ര രാഷ്ട്രീയമാണു താൽപര്യമെന്നു സുനിൽ നേരത്തെ വ്യക്തമാക്കിയിരുന്നു.

English Summary: Ajit Pawar’s confidant, new NCP ‘state president’ Sunil Tatkare a heavyweight OBC leader

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com