ADVERTISEMENT

തിരുവനന്തപുരം∙ മുൻ ചീഫ് സെക്രട്ടറി ഡോ. വി.പി ജോയിയെ കേരള പബ്ലിക് എന്റർപ്രൈസസ് (സെലക്‌ഷനും റിക്രൂട്ട്‌മെന്റും) ബോർഡിന്റെ ചെയർപഴ്‌സനായി നിയമിക്കാൻ മന്ത്രിസഭായോഗം തീരുമാനിച്ചു.

കേരള പബ്ലിക് സർവീസ് കമ്മിഷൻ അംഗങ്ങളായി ഡോ. ജോസ് ജി.ഡിക്രൂസ്, എച്ച്.ജോഷ് എന്നിവരെ നിയമിക്കുന്നതിന് ഗവർണറോടു ശുപാർശ ചെയ്യാൻ മന്ത്രിസഭായോഗം തീരുമാനിച്ചു. നിലവിലുള്ള രണ്ട് ഒഴിവുകളിലേക്കാണു നിയമനം. ആരോഗ്യ വകുപ്പ് ഡയറക്ടറേറ്റിലെ അഡിഷനല്‍ ഡയറക്ടര്‍ (വിജിലന്‍സ്) ആണ് ഡോ.ജോസ് ജി.ഡിക്രൂസ്. തിരുവനന്തപുരം തിരുമല സ്വദേശിയാണ് എച്ച്.ജോഷ്.

കണ്ണൂർ ഇന്ത്യൻ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് ഹാൻഡ്‌ലൂം ടെക്‌നോളജി(ഐഐഎച്ച്ടി)യിലെ ജീവനക്കാരുടെ ശമ്പളവും മറ്റ് ആനുകൂല്യങ്ങളും 2019 ജൂലൈ ഒന്നു മുതൽ പ്രാബല്യത്തോടെ പരിഷ്‌കരിക്കും. കേരള സംഗീത, നാടക അക്കാദമിയിലെ സർക്കാർ അംഗീകാരമുള്ള തസ്തികകളുടെ ശമ്പളം, അലവൻസുകൾ എന്നിവ 2021ലെ ഉത്തരവിന്റെ അടിസ്ഥാനത്തിൽ വ്യവസ്ഥകൾക്കു വിധേയമായി പരിഷ്‌കരിക്കും. കേരള മത്സ്യത്തൊഴിലാളി ക്ഷേമനിധി ബോർഡിലെ സ്ഥിരം ജീവനക്കാർക്ക് വ്യവസ്ഥകൾക്കു വിധേയമായി 11ാം ശമ്പള പരിഷ്‌കരണ ആനുകൂല്യം അനുവദിക്കും.

കേരള നഗര, ഗ്രാമ വികസന ധനകാര്യ കോർപ്പറേഷൻ ലിമിറ്റഡിലെ ജീവനക്കാർക്ക് വ്യവസ്ഥകൾക്കു വിധേയമായി പത്താമത്തെയും പതിനൊന്നാമത്തെയും ശമ്പള പരിഷ്‌കരണ ആനുകൂല്യങ്ങൾ അനുവദിക്കും.
തെൻമല ഇക്കോ ടൂറിസം പ്രൊമോഷൻ സൊസൈറ്റി ജീവനക്കാർക്ക് 2021ൽ സർക്കാർ ജീവനക്കാർക്ക് അനുവദിച്ച ശമ്പള പരിഷ്‌കരണ ആനുകൂല്യം അനുവദിക്കും. മൃഗസംരക്ഷണ വകുപ്പിന്റെ കീഴിലുള്ള പൊതുമേഖലാ സ്ഥാപനങ്ങളായ കേരള ഫീഡ്‌സ് ലിമിറ്റഡ്, കേരള കന്നുകാലി വികസന ബോർഡ് ലിമിറ്റഡ്, മീറ്റ് പ്രോഡക്ട് ഓഫ് ഇന്ത്യ ലിമിറ്റഡ്, കേരള പൗൾട്രി ഡെവലപ്‌മെന്റ് കോർപറേഷൻ ലിമിറ്റഡ് എന്നീ സ്ഥാപനങ്ങളിലെ ജീവനക്കാർക്ക് 2021-22 വർഷത്തെ ബോണസ്, ഉത്സവബത്ത, മറ്റ് ആനുകൂല്യങ്ങൾ എന്നിവ നൽകിയത് സാധൂകരിച്ചു.

കേരള സംസ്ഥാന ബാലസാഹിത്യ ഇൻസ്റ്റിറ്റ്യൂട്ടിന്റെ നിലവിലെ ഡയറക്ടറായ പള്ളിയറ ശ്രീധരന് പ്രായപരിധിയിൽ ഇളവ് നൽകി വീണ്ടും ഡയറക്ടറായി നിയമിക്കാൻ തീരുമാനിച്ചു. മലയാളം മിഷൻ ഡയറക്ടറായി മുരുകൻ കാട്ടാക്കടയ്ക്കു പുനർനിയമനം നൽകി. ഇന്ത്യൻ പാർട്ണർഷിപ്പ് ആക്ട് (കേരള ഭേദഗതി) കരട് ബില്ലിന് അംഗീകാരം നൽകി. കേരള നികുതി ചുമത്തൽ നിയമങ്ങൾ (ഭേദഗതി) ഓര്‍ഡിനന്‍സ് പുറപ്പെടുവിപ്പിക്കാനും മന്ത്രിസഭ തീരുമാനിച്ചു.

English Summary: Ex-chairperson VP Joy appointed as Chairperson Kerala Public Enterprises Board

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com