ADVERTISEMENT

ഇന്ത്യയെ കൂട്ടുപിടിച്ച് യുഎസ്–യൂറോപ്യൻ സൈനിക, സാമ്പത്തിക ആധിപത്യത്തിനു വെല്ലുവിളിയുയർത്താൻ ചൈനയും റഷ്യയും. ഇന്ത്യയുെട അധ്യക്ഷതയിൽ നടക്കുന്ന ഷാങ്ഹായ് കോഓപ്പറഷൻ ഓർഗനൈസേഷൻ (എസ്‌സിഒ) ശക്തിപ്പെടുത്തണമെന്ന ൈചനയുടെയും റഷ്യയുടെയും ആവശ്യം വിരൽചൂണ്ടുന്നത് ഇതിലേക്കാണ്. റഷ്യയുടെ കൂലിപ്പട്ടാളമായ വാഗ്നർ ഗ്രൂപ്പിന്റെ തലവൻ യെവ്ഗെനി പ്രിഗോഷിൻ അട്ടിമറി ശ്രമം നടത്തിയതിനു ശേഷം ആദ്യമായി റഷ്യൻ പ്രസിഡന്റ് വ്ലാഡിമിർ പുട്ടിൻ പങ്കെടുക്കുന്ന രാജ്യാന്തര പരിപാടിയായിയിരുന്നു എസ്‌സിഒ.

ഇന്ത്യൻ പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ അധ്യക്ഷതയിൽ ചേർന്ന ഓൺലൈൻ യോഗത്തിൽ പുട്ടിനൊപ്പം ചൈനീസ് പ്രസിഡന്റ് ഷി ചിൻപിങ്, പാക്കിസ്ഥാൻ പ്രധാനമന്ത്രി ഷഹബാസ് ഷരീഫ് എന്നിവരുമുണ്ടായിരുന്നു. റഷ്യ–യുക്രെയ്ൻ യുദ്ധം ആരംഭിച്ചതോടെ യൂറോപ്യൻ രാജ്യങ്ങളും യുഎസും റഷ്യയ്ക്കു മേൽ കനത്ത ഉപരോധമാണ് ഏർപ്പെടുത്തിയത്. റഷ്യയിൽനിന്നുള്ള ഇന്ധന ഇറക്കുമതി യുഎസും യൂറോപ്യൻ യൂണിയനും ബഹിഷ്കരിച്ചപ്പോൾ അത് ഇന്ത്യയും ചൈനയുമാണ് വൻതോതിൽ‌ വാങ്ങിയത്. ഇന്ത്യ, ചൈന, റഷ്യ എന്നീ വൻശക്തികളുടെ നേതൃത്വത്തിൽ ലോകഗതി നിയന്ത്രിക്കാൻ സാധിക്കുന്ന തരത്തിൽ ഒരു അച്ചുതണ്ട് രൂപപ്പെടേണ്ടത് അത്യാവശ്യമാണെന്ന നിലപാടിലാണ് പുട്ടിൻ.

ഐക്യം ഊട്ടിയുറപ്പിക്കാൻ യൂറേഷ്യ

രാജ്യസുരക്ഷ, സാമ്പത്തിക സഹകരണം, ഭീകരവാദത്തിനെതിരായ പോരാട്ടം, ലഹരിമരുന്നുകടത്ത് തടയൽ, കാലാവസ്ഥാ വ്യതിയാനം പ്രതിരോധിക്കൽ തുടങ്ങിയവയാണ് എസ്‌സിഒ സഖ്യത്തിന്റെ ലക്ഷ്യം. ഏഷ്യയുടെ വികസനത്തിനും അഭിവൃദ്ധിക്കും സമാധാനത്തിനും വേണ്ടിയുള്ള വേദിയാണ് എസ്‌സിഒ എന്നാണ് ഇന്ത്യൻ പ്രധാനമന്ത്രി നരേന്ദ്രമോദി പറഞ്ഞത്. റഷ്യ–യുക്രെയ്ൻ യുദ്ധം ആരംഭിച്ചതോടെ സഖ്യത്തിന്റെ പ്രാധാന്യം വർധിച്ചു. ഇതോെട പാശ്ചാത്യ രാജ്യങ്ങൾ എസ്‌സിഒയെ ഗൗരവത്തോടെ വീക്ഷിക്കാൻ ആരംഭിച്ചു.

ആഗോള ജിഡിപിയുെട 30 ശതമാനവും ജനസംഖ്യയിൽ 40 ശതമാനവും എസ്‌സിഒ രാജ്യങ്ങളിൽ നിന്നാണ്. ഇന്ത്യ, ചൈന, റഷ്യ, കസഖ്സ്ഥാൻ, കിർഗിസ്ഥാൻ, റഷ്യ, തജിക്കിസ്ഥാൻ, ഉസ്ബെക്കിസ്ഥാൻ എന്നീ രാജ്യങ്ങളാണ് സ്ഥിരാംഗങ്ങൾ. ഒൻപതാമത്തെ അംഗമായി ഇറാനെയും ഇത്തവണ ചേർത്തു. അഫ്ഗാനിസ്ഥാൻ, ബെലാറൂസ്, മംഗോളിയ എന്നീ രാജ്യങ്ങൾ നിരീക്ഷക പദവിയിലാണ്. അസർബൈജാൻ, അർമേനിയ, കംബോഡിയ, നേപ്പാൾ, തുർക്കി, ശ്രീലങ്ക എന്നീ രാജ്യങ്ങൾ പങ്കാളികളുമാണ്. എസ്‌സിഒ യൂറോപ്യൻ യൂണിയനെപ്പോലെ സാമ്പത്തിക സഹകരണമോ നാറ്റോയെപ്പോലെ സൈനിക സഹകരണമോ ഉറപ്പുവരുത്തുന്നില്ല. എന്നാൽ പല രാജ്യങ്ങളും ഒരുമിച്ചു ചേർന്ന് സൈനികാഭ്യാസങ്ങളും പരിശീലനങ്ങളും നടത്തുന്നുണ്ട്. അതുകൊണ്ടുതന്നെ നാറ്റോവിരുദ്ധ സഖ്യമെന്ന ആരോപണവും എസ്‌സിഒയ്ക്കെതിരെ ഉയരുന്നുണ്ട്.

യുഎസ്–യുറോപ്യൻ അച്ചുതണ്ടിന് ബദലായി യൂറേഷ്യൻ അച്ചുതണ്ട് ശക്തിപ്പെടുത്തുക എന്നത് അത്യാവശ്യമായി വന്നിരിക്കുന്നുവെന്ന് റഷ്യയ്ക്കും ചൈനയ്ക്കും തോന്നിത്തുടങ്ങി. അധികം സൗഹൃദത്തിലല്ലാത്ത ഏഷ്യൻ രാജ്യങ്ങളുമായി ബന്ധം സുദൃഢമാക്കുന്നതിനും എസ്‌സിഒയിലൂടെ മാർഗം തേടുകയാണ് അവർ. എസ്‌സിഒ രാജ്യങ്ങൾ തമ്മിലുള്ള സാമ്പത്തിക സഹകരണം കൂടുതൽ ശക്തമാക്കണമെന്ന് വ്ലാഡിമിർ പുട്ടിൻ ആവശ്യപ്പെട്ടു. എന്നാൽ സൈനിക സഹകരണം കൂടുതൽ ദൃഢമാക്കണമെന്നാണ് പുട്ടിൻ ഊന്നിപ്പറഞ്ഞത്. ഈ അഭിപ്രായത്തിന് ശക്തമായ പിന്തുണ നൽകിയാണ് ചൈനീസ് പ്രസിഡന്റ് ഷി ചിൻപിങ്ങും ഇറാൻ പ്രസിഡന്റ് ഇബ്രാഹിം റെയ്സിയും സംസാരിച്ചത്.

തുടക്കം അതിർത്തി പ്രശ്നം പരിഹരിക്കാൻ

1996 ലാണ് ‘ഷാങ്ഹായ് അഞ്ച്’ എന്ന പേരിൽ സഖ്യം രൂപീകരിച്ചത്. സോവിയറ്റ് യൂണിയന്റെ തകർച്ചയ്ക്കു ശേഷം റഷ്യ, കസഖ്സ്ഥാൻ, കിർഗിസ്ഥാൻ, തജിക്കിസ്ഥാൻ എന്നീ രാജ്യങ്ങളുമായി ചൈനയ്ക്കുണ്ടായിരുന്ന അതിർത്തി തർക്കം പരിഹരിക്കാനായിരുന്നു എസ്‌സിഒ രൂപീകരിച്ചത്. ഇത് പിന്നീട് ഇന്ത്യയുൾപ്പെടെയുള്ള രാജ്യങ്ങളെ ഉൾപ്പെടുത്തി വിപുലപ്പെടുത്തുകയായിരുന്നു.

റഷ്യ യുക്രെയ്നിൽ അധിനിവേശം ആരംഭിച്ചതിനെ തുറന്നു വിമർശിക്കാൻ എസ്‌സിഒ രാജ്യങ്ങൾ തയാറായില്ല. കാരണം റഷ്യയുമായുള്ള ബന്ധം തകരാൻ അവർ ആഗ്രഹിക്കുന്നുണ്ടായിരുന്നില്ല. പാശ്ചാത്യ രാജ്യങ്ങൾ റഷ്യയ്ക്ക് ഉപരോധം ഏർപ്പെടുത്തിയപ്പോൾ വ്യാപാര, വ്യവസായ ഇടപാടുകൾ വർധിപ്പിച്ച് റഷ്യയെ സഹായിച്ചത് ചൈനയാണ്. കഴിഞ്ഞ മാർച്ചിൽ ഷി ചിൻപിങ് മോസ്കോയിലെത്തി പുട്ടിനെ സന്ദർശിച്ചു. സഹകരണത്തിന്റെ പുതിയ കാലഘട്ടം എന്നാണ് സന്ദർശനശേഷം ഷി ചിൻപിങ് പറഞ്ഞത്. ചൈനയ്ക്കൊപ്പം റഷ്യയ്ക്ക് വൻതോതിൽ പിന്തുണ നൽകിയത് ഇറാനാണ്. ആയുധങ്ങളുൾപ്പെടെയുള്ളവ റഷ്യയ്ക്ക് നൽകാൻ ഇറാൻ തയാറായി.

ഇന്ത്യ നിർണായക ശക്തി

ദീർഘകാലമായി റഷ്യയുമായി നല്ല ബന്ധം പുലർത്തുന്ന ഇന്ത്യ യുദ്ധത്തിന് അനുകൂല നിലപാട് സ്വീകരിച്ചില്ലെങ്കിലും റഷ്യയെ തള്ളിപ്പറയാൻ തയാറായില്ല. യുക്രെയ്ൻ അധിനിവേശത്തിനെതിരെ യുഎന്നിൽ അവതരിപ്പിക്കുന്ന പ്രമേയങ്ങളിൽ വോട്ടുചെയ്യുന്നതിൽനിന്ന് ഇന്ത്യ സ്ഥിരമായി വിട്ടുനിൽക്കുകയും ചെയ്തു. യുദ്ധം ആരംഭിച്ചതോടെ റഷ്യയിൽനിന്ന് ഇന്ധനം വാങ്ങുന്നത് ഇന്ത്യ വൻതോതിൽ വർധിപ്പിച്ചു. സാമ്പത്തികമായി തകർച്ച േനരിട്ടുകൊണ്ടിരുന്ന റഷ്യയ്ക്ക് അത് വലിയ ആശ്വാസമായിരുന്നു. ഇതിനിടയിൽ ഇന്ത്യ പാശ്ചാത്യ രാജ്യങ്ങളുമായും അടുപ്പം പുലർത്തുന്നുമുണ്ട്. മറ്റു രാജ്യങ്ങളുടെ പരമാധികാരത്തെ ബഹുമാനിക്കേണ്ടതിനെ റഷ്യയെ ഓർമപ്പെടുത്തുകയും ചെയ്തു.

റഷ്യയിൽനിന്ന് ഇന്ധനം വാങ്ങുന്നതിനെ യുഎസ് ഉൾപ്പെടെയുള്ള പാശ്ചാത്യ രാജ്യങ്ങൾ എതിർത്തപ്പോൾ നയതന്ത്രപരമായി േനരിടാൻ ഇന്ത്യയ്ക്കായി. ഇന്ത്യൻ വിപണിയിലെ ഇന്ധന വിലക്കയറ്റം പിടിച്ചു നിർത്താൻ റഷ്യൻ എണ്ണ അത്യാവശ്യമായിരുന്നു. ഇതിനിടെയാണ് നരേന്ദ്ര മോദി യുഎസ് സന്ദർശനം നടത്തി വൻ കരാറുകളിൽ ഒപ്പുവച്ചത്. മുൻപ് ധാരണയാകാതിരുന്ന പല കരാറുകളിലും യുഎസ് ഇത്തവണ ഒപ്പുവയ്ക്കാൻ തയാറായത് ഇന്ത്യയെ ഒപ്പം നിർത്തുക എന്ന ലക്ഷ്യത്തോടെയായിരുന്നു. ഇതു മനസ്സിലാക്കിയാണ് പാശ്ചാത്യ ലോകത്തേക്കുള്ള ഇന്ത്യയുടെ ചായ്‌വിന് തടയിടാനും പുതിയൊരു അച്ചുതണ്ട് സൃഷ്ടിക്കാനും പുട്ടിൻ ശ്രമിക്കുന്നത്.

സ്വരച്ചേർച്ചയില്ലാത്ത അംഗങ്ങൾ

എസ്‌സിഒയിലെ രണ്ട് പ്രബല രാജ്യങ്ങളായ ഇന്ത്യയുടെയും ചൈനയുടെയും ബന്ധം അടുത്തകാലത്ത് വഷളായി. ലഡാക്കിൽ അതിർത്തിത്തർക്കത്തിന്റെ പേരിൽ മൂന്നുവർഷം മുമ്പുണ്ടായ പ്രശ്നം ഇനിയും പരിഹരിക്കാൻ സാധിച്ചിട്ടില്ല എന്നുമാത്രമല്ല, ഇരുരാജ്യങ്ങളും അതിർത്തിയിൽ സൈനികതാവളങ്ങളും യുദ്ധവിമാനങ്ങളുമുൾപ്പെടെ സജ്ജമാക്കുകയും ചെയ്തു. ഇന്ത്യയും പാക്കിസ്ഥാനും തമ്മിൽ കാലങ്ങളായി നിലനിൽക്കുന്ന സംഘർഷം യാതൊരു മാറ്റവുമില്ലാതെ തുടരുകയാണ്. ഇതിനിടെ എസ്‌സിഒ യോഗത്തിൽ പാക്കിസ്ഥാനെ പേരെടുത്തു പറയാതെ നരേന്ദ്ര മോദി ആക്രമിക്കുകയും ചെയ്തു.

കസഖ്സ്ഥാനും റഷ്യയോടുള്ള താൽപര്യം കുറഞ്ഞുവരികയാണ്. സിറിയൻ പ്രശ്നങ്ങൾ പരിഹരിക്കുന്നതിന് നടത്തിയിരുന്ന ചർച്ചകളിൽനിന്നു വിട്ടുനിൽക്കാൻ തീരുമാനിച്ചതോടെയാണ് കസഖ്സ്ഥാൻ റഷ്യയോട് അകലം പാലിക്കാൻ തുടങ്ങിയത്. സെന്റ് പീറ്റേഴ്സ്ബർഗിൽ നടക്കുന്ന വാർഷിക സാമ്പത്തിക ഫോറത്തിൽ പങ്കെടുക്കില്ലെന്നും പ്രസിഡന്റ് കാസിം ജൊമാർട് ടോകയേവ് വ്യക്തമാക്കി.

അതിർത്തി രാജ്യങ്ങൾ റഷ്യ ആക്രമിക്കുമോ എന്ന ഭയം സോവിയറ്റ് യൂണിയന്റെ ഭാഗമായിരുന്ന പല രാജ്യങ്ങൾക്കുമുണ്ട്. ഇതോടെ ഇവർ പാശ്ചാത്യ രാജ്യങ്ങളുമായി കൂടുതൽ അടുക്കാൻ ശ്രമിക്കുകയാണ്. നാറ്റോയിൽ അംഗത്വം നേടാൻ യൂറോപ്പിലെ പല രാജ്യങ്ങളും അപേക്ഷ നൽകി കാത്തിരിക്കുകയാണ്. ചൈനയ്ക്ക് കണ്ണുള്ള തയ്‌വാൻ ഉൾപ്പെടയുള്ള പ്രദേശങ്ങൾക്ക് യുഎസ് സൈനിക സഹായം ഉൾപ്പെടെ നൽകുന്നത് ചൈനയ്ക്കും വെല്ലുവിളി ഉയർത്തുകയാണ്. ഈ സാഹചര്യത്തിൽ യുഎസ്–യൂറോപ്യൻ ശാക്തിക ചേരിക്കു ബദലായി യൂറേഷ്യ കേന്ദ്രീകരിച്ച് മറ്റൊരു അച്ചുതണ്ട് റഷ്യയ്ക്കും ചൈനയ്ക്കും അനിവാര്യമാണ്. ഇതോടെ ഇന്ത്യയുെട നിലപാട് നിർണായകമായിരിക്കുകയാണ്.

English Summary: Shanghai Cooperation Organisation and multipolar World

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com