ADVERTISEMENT

മുംബൈ∙ ‘83 വയസായില്ലേ, അവസാനിപ്പിച്ചു കൂടെ’’ എന്ന് എന്‍സിപി നേതാവ് ശരദ് പവാറിനോടു ചോദിച്ച് സഹോദരപുത്രനായ അജിത് പവാര്‍. എന്‍സിപി പിളര്‍ത്തി ബിജെപി - ശിവസേന സര്‍ക്കാരിന്റെ ഭാഗമായതിനു പിന്നാലെയാണ് അജിത് പവാറിന്റെ പ്രസ്താവന. എൻസിപി ദേശീയ അധ്യക്ഷ സ്ഥാനത്തു നിന്നും ശരദ് പവാറിനെ നീക്കി അജിത് പവാറിനെ തിരഞ്ഞെടുത്തതായി അജിത് പക്ഷം തിരഞ്ഞെടുപ്പ് കമ്മീഷനെ അറിയിച്ചു.

42 എംഎല്‍എമാരുടെ പിന്തുണയുണ്ടെന്നാണ് അജിത് പക്ഷത്തിന്റെ അവകാശവാദം. ഇന്നത്തെ യോഗത്തിന് 29 പേരാണ് അജിത്തിനൊപ്പം പങ്കെടുത്തത്. ശരത് പവാറിന്റെ യോഗത്തിൽ 13 പേർ എത്തി. അയോഗ്യരാക്കപ്പെടാതിരിക്കാൻ 36 പേരുടെ പിന്തുണയാണ് അജിത് പവാറിന് ആവശ്യം. ഇപ്പോഴത്തെ അവസ്ഥയിൽ ഏഴ് എംഎൽഎമാരുടെ പിന്തുണ കൂടി അജിത് പവാറിന് ആവശ്യമുണ്ട്. ഇരു യോഗങ്ങൾക്കും പങ്കെടുക്കാതിരുന്ന 11 പേരുടെ നിലപാടാണ് നിർണായകമാകുക. എന്‍സിപിക്ക് മഹാരാഷ്ട്രയില്‍ 53 എംഎല്‍എമാരാണുള്ളത്. പാര്‍ട്ടിയുടെ പേരും ചിഹ്നവും ആവശ്യപ്പെട്ട് തിരഞ്ഞെടുപ്പ് കമ്മിഷന് അപേക്ഷ സമര്‍പ്പിച്ചിരിക്കുകയാണ് അജിത് പവാര്‍. എന്നാൽ തങ്ങളുടെ ഭാഗം കേൾക്കാതെ തീരുമാനമെടുക്കരുതെന്നു ശരദ് പവാർ പക്ഷവും ആവശ്യപ്പെട്ടു. 

മഹാരാഷ്ട്ര മുഖ്യമന്ത്രിയാകാന്‍ താന്‍ ആഗ്രഹിച്ചിരുന്നുവെന്നും അജിത് പവാർ പറഞ്ഞു. ബിജെപിക്കൊപ്പം ചേരാന്‍ എന്‍സിപിയുടെ  മുഴുവന്‍ എംഎല്‍എമാര്‍ക്കും നേരത്തെ തന്നെ താല്‍പര്യമുണ്ടായിരുന്നുവെന്നും മഹാരാഷ്ട്ര ഉപമുഖ്യമന്ത്രിയായി ചുമതലയേറ്റ അജിത് പവാര്‍ വ്യക്തമാക്കി.

‘‘ബിജെപിക്കൊപ്പം നില്‍ക്കാന്‍ താല്‍പര്യമുള്ള എംഎല്‍എമാര്‍ കത്ത് ഒപ്പിട്ടു നല്‍കിയിരുന്നു. ഞങ്ങളുടെ നിലപാട് അംഗീകരിക്കാന്‍  തയാറാകണമെന്ന് ശരദ് പവാറിനോട് അന്ന് ആവശ്യപ്പെട്ടിരുന്നു. ഞാനും ജയന്ത് പാട്ടീലുമാണ് ബിജെപിയോടു ചര്‍ച്ച നടത്തുന്നതിന് നിയോഗിക്കപ്പെട്ടത്. മാധ്യമങ്ങള്‍ക്കു യാതൊരു സൂചനയും നല്‍കരുതെന്ന് ശരദ് പവാര്‍ പറഞ്ഞു. ഏക്‌നാഥ് ഷിന്‍ഡെ സര്‍ക്കാര്‍ രൂപീകരിക്കുന്നതിനു മുന്‍പായിരുന്നു ഇത്. 2019ല്‍ ബിജെപിയോടു സഹകരിക്കുന്നതുമായി ബന്ധപ്പെട്ട് അഞ്ച് തവണ യോഗം ചേര്‍ന്നു. എന്നാല്‍ പെട്ടെന്നു പവാര്‍ തീരുമാനം മാറ്റി. ബിജെപിയുമായി യാതൊരു സഖ്യവുമില്ലെന്നും ശിവസേനയ്‌ക്കൊപ്പം പോകുകയാണെന്നും അറിയിച്ചു. ശിവസേന വര്‍ഗീയ പാര്‍ട്ടിയാണെന്നു 2017ല്‍ പറഞ്ഞ ഞങ്ങള്‍ 2019ല്‍ അവര്‍ക്കൊപ്പം സര്‍ക്കാര്‍ രൂപീകരിച്ചു. എന്നിട്ട് എന്നെയെന്തിനാണ് വില്ലനായി ചിത്രീകരിക്കുന്നത്’’ - അജിത് ചോദിച്ചു. 

പാര്‍ട്ടിയെ നയിക്കാന്‍ പുതിയ ആളുകള്‍ക്ക് അവസരം നല്‍കണമെന്നും അജിത് പവാര്‍ ആവശ്യപ്പെട്ടു. ‘‘മറ്റു പാര്‍ട്ടികളില്‍ ഒരു പ്രായം കഴിഞ്ഞാല്‍ നേതാക്കള്‍ വിരമിക്കും. ശരദ് പവാറും പുതിയ ആളുകള്‍ക്ക് അവസരം നല്‍കാന്‍ തയാറാകണം. ഞങ്ങള്‍ എന്തെങ്കിലും തെറ്റ് ചെയ്താല്‍ അതു ചൂണ്ടിക്കാട്ടണം. താങ്കള്‍ക്ക് 83 വയസായി. ഇനിയെങ്കിലും അവസാനിപ്പിക്കുമോ. ഞങ്ങളെ അനുഗ്രഹിക്കണം’’ - അജിത് പവാര്‍ പറഞ്ഞു. കരുത്തരായ കുടുംബത്തില്‍ പിറക്കാതിരുന്നത് തങ്ങളുടെ തെറ്റാണോ എന്നും സുപ്രിയ സുലെയെ പരോക്ഷമായി പരാമര്‍ശിച്ച് അജിത് ചോദിച്ചു.  

English Summary: You're 83, will you ever stop?: Ajit Pawar asks Sharad

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com