ADVERTISEMENT

മുംബൈ∙ മഹാരാഷ്ട്രയിൽ രാഷ്ട്രീയ അനിശ്ചിതത്വം നിലനിൽക്കുന്നതിനിെട പിന്തുണ നൽകുന്ന എംഎൽഎമാരെ ഹോട്ടലിലേക്ക് മാറ്റി അജിത് പവാർ. എൻസിപി പിളർന്നശേഷം അജിത് പവാറിനൊപ്പം ബിജെപിയുമായി സഹകരിക്കാൻ തയാറായ എംഎൽഎമാരെയാണ് ഹോട്ടലിലേക്ക് മാറ്റിയത്. അജിത് പവാറിന് പിന്തുണ നൽകിക്കൊണ്ട് ഒപ്പിട്ട സത്യവാങ്മൂലം ഇവർ തിരഞ്ഞെടുപ്പ് കമ്മിഷന് സമർപ്പിച്ചു. 

പാർട്ടി ചിഹ്നവും പതാകയും തങ്ങൾക്ക് അനുവദിക്കണമെന്നാവശ്യപ്പെട്ട് അജിത് വിഭാഗം ജൂൺ 30 തീയതി വച്ച് തിരഞ്ഞെടുപ്പു കമ്മിഷനു കത്തു നൽകി. ദേശീയ അധ്യക്ഷനായി അജിത് പവാറിനെ തിരഞ്ഞെടുത്തതായി പറയുന്ന പ്രമേയവും ഒപ്പമുണ്ടെങ്കിലും ഇതിൽ തീയതിയില്ല. എംഎൽഎമാരും എംപിമാരും എംഎൽസിമാരുമായി നാൽപതിലേറെപ്പേരുടെ സത്യവാങ്മൂലം ഇന്നലത്തെ തീയതിയിൽ ഇവർ തിരഞ്ഞെടുപ്പു കമ്മിഷനിൽ എത്തിച്ചിട്ടുണ്ട്.

തന്റെ ഭാഗം കേൾക്കാതെ നടപടിയെടുക്കരുതെന്നു ശരദ് പവാർ തിങ്കളാഴ്ച കമ്മിഷനോട് ആവശ്യപ്പെട്ടിരുന്നു. രേഖകൾ സമർപ്പിക്കാൻ ഇരുവിഭാഗങ്ങളോടും കമ്മിഷൻ ആവശ്യപ്പെട്ടു. എതിർവിഭാഗത്തിലെ എംഎൽഎമാരെ അയോഗ്യരാക്കണമെന്ന് ആവശ്യപ്പെട്ട ഇരുകൂട്ടരും കഴിഞ്ഞദിവസം മഹാരാഷ്ട്ര സ്പീക്കർക്കു കത്തു നൽകിയിരുന്നു. വൈകാതെ കോടതിയിലും വിഷയം എത്തുന്നതോടെ കഴിഞ്ഞകൊല്ലത്തെ ശിവസേനാ പിളർപ്പിന്റെ തനിയാവർത്തനമാണ് എൻസിപിയിലും സംഭവിക്കുന്നത്. ശരദ് പവാർ ഇന്ന് ഉച്ചയ്ക്കു ഡൽഹിയിൽ എൻസിപി ദേശീയ നിർവാഹകസമിതി യോഗം വിളിച്ചു.

മഹാരാഷ്ട്രയിലെ 53 എൻസിപി എംഎൽഎമാരിൽ 31 പേരെ അണിനിരത്തി അജിത് പവാർ കരുത്തു തെളിയിച്ചു. 14 എംഎൽഎമാർ മാത്രമാണ് ശരദ് പവാറിന്റെ യോഗത്തിനെത്തിയത്. 8 പേർ ഇരുപക്ഷത്തുനിന്നും വിട്ടുനിന്നു. ബിജെപി പക്ഷത്തേക്കുള്ള ചുവടുമാറ്റത്തിലെ ആദ്യ വെല്ലുവിളിയെ ഫലപ്രദമായി നേരിട്ടെങ്കിലും അജിത് പവാറിന് കൂറുമാറ്റ നിരോധനനിയമത്തെ മറികടക്കാൻ വേണ്ട 36 പേരുടെ പിന്തുണ ഇപ്പോഴും ലഭിച്ചിട്ടില്ല.

 

English Summary: Ajit Pawar's loyalist MLAs moved to a hotel

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com