ADVERTISEMENT

തിരുവനന്തപുരം∙ ബിജെപി വിട്ടെത്തിയ നടൻ ഭീമൻ രഘു എകെജി സെന്ററിലെത്തി സിപിഎം നേതാക്കളെ കണ്ടു. സിപിഎം സംസ്ഥാന സെക്രട്ടറി എം.വി. ഗോവിന്ദനും മന്ത്രിമാരായ വി. ശിവൻകുട്ടിയുമായും വി. അബ്ദുറഹ്മാനുമായും ചർച്ച നടത്തി. ഇവരുടെ സാന്നിധ്യത്തിൽ എം.വി. ഗോവിന്ദൻ തന്നെ ചുവന്ന പൊന്നാടയണിയിച്ചുവെന്ന് ഭീമൻ രഘു മാധ്യമങ്ങളോട് പറഞ്ഞു. എകെജി സെന്ററിലെത്തിയ ഭീമൻ രഘുവിനൊപ്പം സിപിഎം തിരുവനന്തപുരം ജില്ലാ സെക്രട്ടറി വി. ജോയിയും ഉണ്ടായിരുന്നു.

സിപിഎമ്മിൽ വരാനുള്ള പ്രധാന കാരണം അടിസ്ഥാനപരമായി തീരുമാനമുള്ള പാർട്ടിയാണ് എന്നതാണെന്നു ഭീമൻ രഘു പറഞ്ഞു. ജനങ്ങളിലേക്ക് ഇറങ്ങിച്ചെന്ന് പ്രവർത്തിക്കാൻ കഴിയുമെന്നതാണ് പ്രത്യേകത. അതിനുള്ള ഉദാഹരണമാണ് ഇപ്പോഴത്തെ മുഖ്യമന്ത്രി. ഒന്നാം പിണറായി സർക്കാർ വന്നു. ഇപ്പോൾ രണ്ടാം പിണറായി സർക്കാർ ഭരിക്കുന്നു. ഇനി മൂന്നാം പിണറായി സർക്കാർ വരും. അതിന് യാതൊരു സംശയവും വേണ്ട. ബിജെപി രക്ഷപ്പെടില്ല. പാർട്ടിയിൽ എന്ത് റോൾ വഹിക്കണമെന്നുള്ള നിർദേശമൊന്നും എം.വി. ഗോവിന്ദൻ നൽകിയില്ല. ചുവന്ന ഷോൾ അണിയിച്ചു. ഓൾ ദി ബെസ്റ്റ് പറയുകയും ചെയ്തു. ബാക്കിയൊക്കെ അവരുടെ തീരുമാനങ്ങളാണ്. നമുക്ക് പറയാനാകില്ല.

ബിജെപിയിൽനിന്ന് ഓരോ നിമിഷവും ഇറങ്ങി ഓടണമെന്നാണ് തോന്നിയത്. തനിക്ക് ഏറ്റവും ഇഷ്ടം ചുവപ്പു നിറമാണ്. സിപിഎമ്മിൽ ചേരാൻ ഇപ്പോഴാണ് സമയം വന്നു ചേർന്നത്. ബിജെപിയുടെ തലപ്പത്ത് ഇരിക്കുന്നവർ നിശ്ചയിക്കുന്നതാണ് അവരുടെ രാഷ്ട്രീയം. ജനങ്ങൾക്കിടയിൽ പ്രവർത്തിക്കുന്നതാണ് ഇടതു രാഷ്ട്രീയം. ബിജെപി അപമാനിച്ചതല്ല, തഴഞ്ഞു. കെ.സുരേന്ദ്രൻ നല്ലയാളാണ്. അദ്ദേഹത്തിന് തന്റേതായ രീതിയുണ്ട്. ആ രീതിയിൽ മാത്രമേ കെ.സുരേന്ദ്രൻ സഞ്ചരിക്കൂ’’ – അദ്ദേഹം വ്യക്തമാക്കി. സഖാക്കളെ മുന്നോട്ട് എന്ന ഗാനം ആലപിച്ചശേഷമാണ് ഭീമൻ രഘു മടങ്ങിയത്.

എകെജി സെന്ററിനു പുറത്ത് ഭീമൻ രഘു മാധ്യമങ്ങളോടു സംസാരിച്ചത്:

‘‘സന്തോഷകരമായ നിമിഷമായാണ് ഞാൻ ഇതിനെ കണക്കാക്കുന്നത്. പെട്ടെന്നൊരു മാറ്റമുണ്ടായതായി എനിക്കു തോന്നുന്നു. ആദർശപരമായ വിയോജിപ്പുമൂലമാണ് ബിജെപി വിട്ടത്. ചിന്തിക്കാൻ കഴിവുള്ളവർക്ക് ബിജെപിയിൽ പ്രവർത്തിക്കാൻ ബുദ്ധിമുട്ടാണ്. ചോദ്യങ്ങൾ ചോദിക്കുമ്പോൾ ഉത്തരമായി ‘നമുക്ക് നോക്കാം’ എന്നാണ് പറയുന്നത്. എന്നാൽ കൃത്യമായ മറുപടി ഉണ്ടായിട്ടില്ല. വിജയിക്കാൻവേണ്ടിയല്ല ഞാൻ ബിജെപിയിൽ ചേർന്നത്. നമുക്കുള്ള കഴിവുകൾ കാട്ടാനുള്ള അവസരം അവർ തരുന്നില്ല. അതാണ് അവിടെനിന്നു മാറാനുള്ള കാരണം.

2016ലെ തിരഞ്ഞെടുപ്പ് സമയത്ത് ബിജെപിയുടെ ഒരുപാട് പ്രയാസങ്ങൾ നേരിടേണ്ടിവന്നു. പുതിയ ആളുകളാണെങ്കിലും സ്ഥാനാർഥിയായാൽ അതിനനുസരിച്ചുള്ള കാര്യങ്ങൾ നടത്തപ്പെടണം. എന്നാൽ അന്ന് ഞാൻ എന്റെ കാറിൽ ഡ്രൈവറെയും വച്ച് ചെല്ലുമ്പോഴാണ് പല നേതാക്കന്മാരും സ്ഥലത്ത് എത്തുക. ഇതു മാനസികമായ ഒരുപാടു പ്രയാസങ്ങൾ ഉണ്ടാക്കി.

ഗണേഷ് കുമാറിന്റെ തിരഞ്ഞെടുപ്പിന് മോഹൻലാൽ, പ്രിയദർശൻ, അങ്ങനെ ഒരുപാട് ആളുകൾ വന്നു. അന്ന് ഞാൻ ആദ്യം സന്തോഷിച്ചു, എനിക്കും ഒരാളുണ്ടല്ലോ സിനിമാ മേഖലയിൽനിന്ന് – സുരേഷ് ഗോപി. അദ്ദേഹത്തെ ഞാൻ ഏഴെട്ടു പ്രാവശ്യം വിളിച്ചു. എല്ലാത്തവണയും അദ്ദേഹത്തിന്റെ പിഎ ആണെടുക്കുന്നത്. അദ്ദേഹം ഭയങ്കര തിരക്ക് ആണെന്ന മറുപടിയാണ് ലഭിക്കുന്നത്. ഇനി വിളിക്കേണ്ടെന്നു തീരുമാനിച്ചിരിക്കെ, ഒരു തവണ കൂടി ഫോൺ വിളിച്ചു. അപ്പോൾ സുരേഷ് ഗോപിയെടുത്തു സംസാരിച്ചു. ‘സുരേഷേ, ഇവിടുത്തെ ബഹളങ്ങളൊക്കെ കേൾക്കുന്നില്ലേ, ഒരു ദിവസമെങ്കിലും പത്തനാപുരത്ത് എത്താമോ’ എന്നു ചോദിച്ചു. എന്നാൽ ‘എന്റെ ചേട്ടാ, എനിക്ക് വരാൻ പറ്റില്ല. കാരണം പിഎമ്മിന്റെ കൂടെ ഉള്ള പ്രോഗ്രാം എല്ലാം ബുക്ക്ഡ് ആണ്’ എന്ന മറുപടിയാണ് ലഭിച്ചത്.

താഴേക്കിടയിൽ ഇറങ്ങി പ്രവർത്തിച്ചാൽ മാത്രമേ ബിജെപിക്ക് ഇവിടെ പച്ചപിടിക്കാൻ പറ്റൂയെന്ന് പലവട്ടം ഒപ്പമുണ്ടായിരുന്ന നേതാക്കളോടു പറഞ്ഞിരുന്നു. അതിന്റെ ഉദാഹരണം ഇപ്പോഴത്തെ എൽഡിഎഫിന്റെ പ്രവർത്തനമാണ്. അവരുടെ പ്രവർത്തനം മാതൃകയാക്കി ഇറങ്ങിയാലേ മുന്നേറ്റമുണ്ടാകുകയുള്ളൂ. അന്നെനിക്ക് 13,000ൽ പരം വോട്ടുകൾ ലഭിച്ചു. അതിനു മുൻപു വരെ ബിജെപി സ്ഥാനാർഥിക്ക് ആയിരം, രണ്ടായിരം വോട്ടുകൾ മാത്രമായിരുന്നു ലഭിച്ചത്. അന്നു പ്രവർത്തനം ശരിയായ നിലയിൽ ആയിരുന്നെങ്കിൽ കുറേക്കൂടി വോട്ട് പിടിക്കാൻ സാധിച്ചേനെ. അതിൽ മാനസികമായി വിഷമം ഉണ്ടായി.

2016ന് ശേഷം ഇത്രവർഷങ്ങളായെങ്കിലും അന്നു മുതലേ മനസ്സിലുണ്ടായിരുന്ന തീരുമാനം ഇതായിരുന്നു. ആ തീരുമാനം മനസ്സിൽ ഇട്ടാണ് മുന്നോട്ടുപൊയ്ക്കോണ്ടിരുന്നത്. എല്ലാത്തിനും ഒരു സമയം ഉണ്ടല്ലോ, ആ സമയത്ത് തീരുമാനങ്ങൾ നടക്കും. സിപിഎം തിരഞ്ഞെടുത്തത് കൃത്യലിഖിതമായ ഭരണഘടനയുള്ളതുകൊണ്ടാണ്. കൃത്യമായ ഐഡിയോളജിയുണ്ട്. പ്രാദേശികവും ദേശീയവും രാജ്യാന്തരവുമായ ഒരു നിലപാടുണ്ട്. ഇതു തിരിച്ചറിഞ്ഞിട്ടും ഇത്രയും നാളായി ഇങ്ങോട്ടു വരാതിരുന്നത് ഇവിടുന്നൊരു വിളിയൊന്നും ഇല്ലാത്തതിനാലാണ്. പെട്ടെന്നു ചെന്നുകയറി ഒരു പാർട്ടിയിൽ നിൽക്കുക എന്നത് മോശമല്ലേ.

ഡൽഹിയിലുള്ള സുഹൃത്തുക്കളാണ് എന്നെ ബിജെപിയിലേക്ക് അടുപ്പിച്ചത്. സിനിമയിലും പൊലീസിലും ഉള്ളയാളാണ് ഞാൻ. എന്താണ് രാഷ്ട്രീയം എന്നത് പഠിക്കാനാണ് ഈ രംഗത്തേക്ക് ഇറങ്ങിയത്. നരേന്ദ്ര മോദിയെന്നത് ഇപ്പോഴും ബിജെപിയുടെ നേതാവു തന്നെയാണ്. എനിക്ക് അദ്ദേഹത്തെ റേറ്റ് ചെയ്യാനാകില്ല. അദ്ദേഹത്തിന്റെ പൊസിഷൻ അനുസരിച്ച് ഇപ്പോഴെനിക്ക് ഒന്നും പറയാനാകില്ല. പ്രസിഡന്റിന്റെ പദവിയിൽ ഇരുന്നുള്ള ശരിയായ പ്രവർത്തനമല്ല കെ. സുരേന്ദ്രന്റേത്. അദ്ദേഹം അദ്ദേഹത്തിന്റേതായ രീതിയിലാണ് പൊയ്ക്കൊണ്ടിരിക്കുന്നത്.

‘ബിജെപിയിൽ ആയിരുന്നതുകൊണ്ട് ഇപ്പോൾ സിനിമയൊന്നുമില്ലേ’ എന്ന മട്ടിലാണ് ആളുകള്‍ ചോദിച്ചുകൊണ്ടിരുന്നത്. വലിയ വലിയ താരങ്ങളുടെ പ്രോജക്ടുകളിൽനിന്ന് എന്നെ വെട്ടിമാറ്റിയിട്ടുണ്ട്. എന്നാൽ അതു പാർട്ടിയുടെ അടിസ്ഥാനത്തിലാണോ അല്ലെയോ എന്ന് അറിയില്ല. എന്നാൽ ചെറിയ ചെറിയ പടങ്ങൾ അക്കാലത്ത് ഞാൻ ചെയ്തിരുന്നു’’ – ഭീമൻ രഘു പറഞ്ഞു.

English Summary: Actor Bheeman Raghu joins CPM, visited AKG Centre

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com