ADVERTISEMENT

കൊൽക്കത്ത∙ ബംഗാളിൽ പഞ്ചായത്ത് തിരഞ്ഞെടുപ്പ് നടക്കാനിരിക്കെ മുഖ്യ തിരഞ്ഞെടുപ്പ് കമ്മിഷണർക്ക് അന്ത്യശാസനം നൽകി ഗവർണർ ഡോ.സി.വി.ആനന്ദബോസ്. സംസ്ഥാനത്ത് അക്രമസംഭവങ്ങൾ തുടർക്കഥയാകുകയാണെന്നും മുഖ്യ തിരഞ്ഞെടുപ്പ് കമ്മിഷണർ രാജീവ് സിൻഹ തന്റെ കൃത്യനിർവഹണത്തിൽ പരാജയപ്പെട്ടുവെന്ന് ഗവർണർ കുറ്റപ്പെടുത്തി.  സംസ്ഥാന സർക്കാരും ഗവർണറും തമ്മിൽ നിരവധി കാര്യങ്ങളിൽ കൊമ്പുകോർക്കുന്നതിനിടെയാണ് തിരഞ്ഞെടുപ്പ് കമ്മിഷണർക്കെതിരെ ആനന്ദബോസ് രംഗത്തുവന്നത്. 

‘തിരഞ്ഞെടുപ്പു സമയത്ത് ജനങ്ങളുടെ ജീവനും സ്വത്തിനു സംരക്ഷണം നൽകേണ്ട ചുമതല നിങ്ങൾക്കാണ്. സ്വതന്ത്രവും സമാധാനപരവുമായി തിരഞ്ഞെടുപ്പ് നടത്തേണ്ടത് നിങ്ങളുടെ ചുമതലയാണ്. തിരഞ്ഞെടുപ്പ് നടക്കുമ്പോൾ പൊലീസും, മജിസ്ട്രേറ്റും സംസ്ഥാന സംവിധാനങ്ങളുമെല്ലാം നിങ്ങൾക്കു കീഴിലാണ്. എന്നിട്ടും എന്തുകൊണ്ടാണ് ഇത്ര ഭീകരമായ സംഘർഷം അരങ്ങേറുന്നത്?  മുഖ്യ തിരഞ്ഞെടുപ്പ് കമ്മിഷണർ, നിങ്ങൾ നിങ്ങളുടെ കൃത്യ നിർവഹണത്തിൽ പരാജയപ്പെട്ടിരിക്കുന്നു’– ആനന്ദബോസ് പറഞ്ഞു. പഞ്ചായത്ത് തിരഞ്ഞെടുപ്പിനു മുന്നോടിയായി നടന്ന അക്രമസംഭവങ്ങളിൽ ബംഗാളിൽ 16 മരണങ്ങൾ റിപ്പോർട്ട് ചെയ്തെന്ന് അധികൃതർ അറിയിച്ചു. 

‘നിങ്ങളെ ഞാൻ സംസ്ഥാന തിരഞ്ഞെടുപ്പ് കമ്മിഷണറായി നിയമിച്ചു. എന്നാൽ നിങ്ങൾ ജനങ്ങളെ നിരാശപ്പെടുത്തി...നിങ്ങൾ പാപത്തിൽ മുങ്ങിത്താണിരിക്കുന്നു, ഒരു വിശുദ്ധ ജലവും നിങ്ങൾക്ക് മുങ്ങിനിവരാനില്ല. തിരഞ്ഞെടുപ്പുകൾ സംഘർഷരഹിതമാക്കണം, അല്ലാതെ ബുള്ളറ്റ് പ്രൂഫ് അക്കുകയല്ല വേണ്ടത്’– ആനന്ദബോസ് അറിയിച്ചു.

അതേസമയം ആനന്ദബോസിനെ പരിഹസിച്ച് തൃണമൂൽ കോൺഗ്രസ് നേതാവ് അഭിഷേക് ബാനർജി രംഗത്തുവന്നു. ഇത്രയും ബുദ്ധിവൈഭവവും വിവേകവുമുള്ള വ്യക്തിയെ മണിപ്പൂരിലേക്കോ മധ്യപ്രദേശിലേക്കോ വിടാൻ കേന്ദ്ര സർക്കാർ മുൻകൈ എടുക്കണമെന്ന് അഭിഷേക് പരിഹസിച്ചു. ഇത്രയും ജനാധിപത്യ മൂല്യങ്ങളും ഭരണഘടനാ തത്വങ്ങളും ഉൾക്കൊള്ളുന്ന ഗവർണറെ ബംഗാളിനല്ല മറിച്ച് ഡബിൾ എൻജിൻ സർക്കാരുള്ള മണിപ്പൂരിനാണ് ആവശ്യമെന്നും അദ്ദേഹം പറഞ്ഞു. 

കഴിഞ്ഞ ദിവസം അക്രമസംഭവങ്ങളെ കുറിച്ച് ചർച്ച ചെയ്യാൻ തിരഞ്ഞെടുപ്പ് കമ്മിഷണറെ രാജ്‍ഭവനിലേക്ക് വിളിച്ചിരുന്നു. എന്നാൽ തിരക്കാണെന്നു പറഞ്ഞ് രാജീവ് സിൻഹ എത്താൻ വിസമ്മതിച്ചു. തുടർന്ന് തിരഞ്ഞെടപ്പുമായി ബന്ധപ്പെട്ട അക്രമസംഭവങ്ങളുടെ റിപ്പോർട്ട് ‌നൽകാൻ ഗവർണർ തിരഞ്ഞെടുപ്പു കമ്മിഷണർക്ക് നിർദേശം നൽകി. 

ബംഗാളിൽ നാളെയാണ് തദ്ദേശ തിരഞ്ഞെടുപ്പ്. അടുത്ത വർഷം ആദ്യം ലോക്സഭ തിരഞ്ഞെടുപ്പ് നടക്കാനിരിക്കെ അടിത്തട്ടിലെ രാഷ്ട്രീയ മുന്നേറ്റങ്ങൾ അറിയാൻ ഈ തിരഞ്ഞെടുപ്പ് ഭരണപക്ഷത്തിനും പ്രതിപക്ഷ പാർട്ടികൾക്കും നിർണായകമാണ്. അതിനാൽ തന്നെ മുഖ്യമന്ത്രി മമത ബാനർജി നേരിട്ട് പ്രചരണത്തിന് ഇറങ്ങിയിരുന്നു. 

English Summary: Bengal Governor Tears Into State Election Chief, Trinamool Hits Back

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com