ADVERTISEMENT

തിരുവനന്തപുരം∙ സർക്കാരിന്റെ അവയവദാന പദ്ധതിക്കെതിരെ പരാമർശങ്ങൾ നടത്തിയ കൊല്ലം സ്വദേശി ഡോ.ഗണപതിക്ക് ഡയറക്ടർ ഓഫ് മെഡിക്കൽ എഡ്യുക്കേഷൻ (ഡിഎംഇ) നോട്ടിസ് അയച്ചു. ഉന്നയിച്ച ആരോപണങ്ങൾക്കു തെളിവ് ഹാജരാക്കാനാണ് ആവശ്യപ്പെട്ടിരിക്കുന്നത്. ട്രാൻസ്പ്ലാന്റേഷൻ ഓഫ് ഹ്യൂമൻ ഓർഗൻസ് ആക്ട് (1994) അനുസരിച്ച് 2022ലാണ് ഡിഎംഇയെ അപ്രോപ്രിയേറ്റ് അതോറിറ്റിയായി സംസ്ഥാന സർക്കാർ നിയമിച്ചത്. നിയമത്തിനു വിരുദ്ധമായ കാര്യങ്ങളുണ്ടായാൽ നടപടിയെടുക്കാനുള്ള ഉത്തരവാദിത്തം ഡിഎംഇയ്ക്കാണ്.

അവയവദാനത്തിനെതിരെ തെറ്റായ പ്രചാരണങ്ങൾ നടക്കുന്നതായി കേരള സ്റ്റേറ്റ് ഓർഗൻ ആന്‍ഡ് ടിഷ്യു ട്രാൻസ്പ്ലാന്റ് ഓർഗനൈസേഷൻ സർക്കാരിന്റെ ശ്രദ്ധയിൽപ്പെടുത്തിയതിനെ തുടർന്നാണ് ഡിഎംഇ നോട്ടിസ് അയച്ചത്. കൊച്ചിയിലെ സ്വകാര്യ ആശുപത്രിയിൽ നടന്ന അവയവദാനത്തിനെതിരെയും, മസ്തിഷ്ക മരണവുമായി ബന്ധപ്പെട്ട് ഒരു മതവിഭാഗത്തിനെതിരെയും ഡോ.ഗണപതി നടത്തിയ പരാമർശങ്ങളുടെ പശ്ചാത്തലത്തിലാണ് നോട്ടിസ്. നോട്ടിസിനു മറുപടി ലഭിച്ചിട്ടില്ല. മറുപടി തൃപ്തികരമല്ലെങ്കിൽ നിയമ നടപടികളുമായി മുന്നോട്ടു പോകാനാണ് അധികൃതരുടെ തീരുമാനം.

അവയവദാനത്തിനെതിരെ സമൂഹമാധ്യമങ്ങളിൽ കുറിപ്പിട്ട വ്യക്തികൾക്കെതിരെ നിയമ നടപടി സ്വീകരിക്കണമെന്ന് ആവശ്യപ്പെട്ട് ഡിജിപിക്കും പരാതി നൽകിയിട്ടുണ്ട്. അവയവ ദാനത്തിനെതിരെ ചിലർ പ്രചാരണം നടത്തുന്ന സാഹചര്യത്തിൽ ജനങ്ങൾക്കിടയിൽ വിപുലമായ പ്രചാരണം നടത്താനും സർക്കാർ തീരുമാനിച്ചു. വിവിധ തരത്തിലുള്ള ദീർഘകാല പ്രചാരണ പരിപാടികൾ ആസൂത്രണം ചെയ്യും. തെറ്റായ പ്രചാരണങ്ങൾ നടക്കുന്നതിനാൽ മസ്തിഷ്ക മരണം സംഭവിക്കുന്നവരുടെ അവയവങ്ങൾ മറ്റൊരാൾക്ക് ഉപയോഗിക്കുന്നതിൽ തടസം നേരിടുന്നുണ്ട്.

മസ്തിഷ്ക മരണം സംഭവിച്ചവരുടെ അവയവദാനത്തിൽ 2015നുശേഷം കാര്യമായ കുറവു വന്നു. 2015ൽ 76 പേരുടെ അവയവങ്ങളാണ് ദാനം ചെയ്തത്. 218 പ്രധാന അവയവങ്ങൾ രോഗികൾക്ക് ഉപയോഗിക്കാനായി. കഴിഞ്ഞ വർഷം 14 പേരുടെ 50 അവയവങ്ങളാണ് രോഗികൾക്ക് ഉപയോഗിക്കാനായത്. ഈ വർഷം ഇതുവരെ 11 എണ്ണം ഉപയോഗിച്ചു. സർക്കാരിന്റെ അവയവദാന പദ്ധതിയായ മൃതസഞ്ജീവനിയിലൂടെ കിഡ്നിക്കായി മാത്രം സംസ്ഥാനത്ത് കാത്തിരിക്കുന്നത് 2308 രോഗികളാണ്. മറ്റു പല സംസ്ഥാനങ്ങളിലും മസ്തിഷ്ക മരണത്തെ തുടർന്നുള്ള അവയവദാനം കേരളത്തെക്കാൾ കൂടുതലാണ്.

English Summary: Director Of Medical Education (DME) Sends Notice To Dr. Ganapati  

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com