ADVERTISEMENT

കൊച്ചി∙ പിഡിപി ചെയർമാൻ അബ്ദുൽ നാസർ മഅദനി നീതിനിഷേധത്തിന്റെയും ഭരണകൂട ഭീകരതയുടെയും ഇരയെന്ന് കെ.ടി.ജലീൽ എംഎൽഎ. ഒരു മനുഷ്യനെ കൊല്ലാക്കൊല ചെയ്യുന്ന ഹൃദയശൂന്യമായ ഏർപ്പാട് അത്യന്തം ഖേദകരമാണ്. വർഷങ്ങൾ നീണ്ട ജയിൽവാസം മഅദനിയുടെ മനസ്സിനെ തളർത്തിയിട്ടേയില്ലെന്നും ജലീൽ വ്യക്തമാക്കി. രോഗബാധിതനായി കൊച്ചിയിലെ സ്വകാര്യ ആശുപത്രിയിൽ കഴിയുന്ന മഅദനിയെ സന്ദർശിച്ച ശേഷം ഫെയ്സ്ബുക്കിൽ പങ്കുവച്ച കുറിപ്പിലാണ് ജലീൽ ഇക്കാര്യം കുറിച്ചത്.

‘‘അബ്ദുൽ നാസർ മഅദനി ബാഗ്ലൂരിലെ വീട്ടുതടങ്കലിലേക്ക് ഉടൻ തിരിച്ചു പോകും. കോടതി നൽകിയ ദിവസങ്ങൾ കഴിഞ്ഞു. ബാപ്പയെ ഒരുനോക്കു കാണാനാകാത്ത വിഷമവും ഉമ്മയുടെ ഖബറിടം തൊട്ട് രണ്ടിറ്റ് കണ്ണീർ വാർത്ത് പ്രാർത്ഥിക്കാൻ കഴിയാത്ത മനോവേദനയും പേറിയാണ് നീതി നിഷേധത്തിന്റെ പ്രതീകമായ അദ്ദേഹം മടങ്ങുന്നത്’ 

അൽപം ദൂരെയിരുന്നാണ് ഭരണകൂട ഭീകരതയുടെ ഇരയെ കണ്ടത്. ശരീരത്തെ ക്ഷീണം വരിഞ്ഞു മുറുക്കിയിട്ടുണ്ട്. കണ്ണുകളിൽ ജ്വലിക്കുന്ന പ്രകാശത്തിളക്കത്തിന് ഒട്ടും കുറവു വന്നിട്ടില്ല. രക്തത്തിലെ ക്രിയാറ്റിന്റെ അളവ് അപകടകരമാംവിധം ഉയർന്നു നിൽക്കുകയാണ്. ഞാനെത്തിയ വിവരമറിഞ്ഞ മഅദനി സാഹിബ് എനിക്കഭിമുഖമായി ചെരിഞ്ഞ് കിടന്നു. ഏതാനും സമയം ഒന്നും മിണ്ടാതെ ഞങ്ങൾ മുഖാമുഖം നോക്കി. മൗനത്തിന് വിടചൊല്ലി ഞാനാണ് സംസാരത്തിന് തുടക്കമിട്ടത്. പറഞ്ഞതെല്ലാം അദ്ദേഹം സശ്രദ്ധം കേട്ടു. ഒന്നോ രണ്ടോ വാക്കുകളിൽ പ്രതികരിച്ചു. സലാം പറഞ്ഞ് അഭിവാദ്യം ചെയ്ത് മടങ്ങി.’ – ജലീൽ കുറിച്ചു.

മഅദനി ഇന്നു രാത്രി ബെംഗളൂരുവിലേക്കു മടങ്ങും. സുപ്രീം കോടതി അനുവദിച്ച ജാമ്യ വ്യവസ്ഥയിലെ ഇളവ് അവസാനിക്കുന്നതിനെ തുടർന്നാണ് തിരികെ പോകുന്നത്. രോഗാവസ്ഥയിലുള്ള പിതാവിനെ കാണാനാണ് മഅദനി കേരളത്തിലെത്തിയത്. മഅദനിക്കു ഗുരുതര ആരോഗ്യ പ്രശ്നങ്ങളുണ്ടെന്നും ദീർഘദൂര യാത്ര അനുവദിക്കാൻ കഴിയില്ലെന്നുമുള്ള മെഡിക്കൽ സംഘത്തിന്റെ നിർദേശത്തെ തുടർന്നാണ് കൊല്ലത്ത് എത്തി പിതാവിനെ കാണാനുള്ള ശ്രമം ഉപേക്ഷിച്ചത്. മഅദനിയുടെ പിതാവിനെ കൊച്ചിയിൽ എത്തിക്കാൻ ആലോചനയുണ്ടായിരുന്നെങ്കിലും അദ്ദേഹത്തിന്റെ അനാരോഗ്യം മൂലം അതും കഴിഞ്ഞില്ല.

ഇന്നു രാത്രി 9.10നുള്ള വിമാനത്തിലാണു നെടുമ്പാശേരിയിൽ നിന്നു ബെംഗളൂരുവിലേക്കു മടങ്ങുന്നത്. ഭാര്യ സൂഫിയ മഅദനി, പിഡിപി നേതാക്കളായ മുഹമ്മദ് റജീബ്, സലിം ബാബു എന്നിവരും ഒപ്പമുണ്ടാകും. മഅദനിയുടെ കേസ് 10നു സുപ്രീംകോടതി വീണ്ടും പരിഗണിക്കാനിരിക്കുകയാണ്. കഴിഞ്ഞ 26നു രാത്രി നെടുമ്പാശേരിയിൽ വിമാനമിറങ്ങിയ ശേഷം ആംബുലൻസിൽ കൊല്ലം അൻവാർശേരി തോട്ടുവാൽ മൻസിലിലേക്കുള്ള യാത്രയ്ക്കിടെ ശാരീരികാസ്വാസ്ഥ്യം അനുഭവപ്പെട്ടതിനെ തുടർന്നാണ് മഅദനിയെ ആശുപത്രിയിൽ പ്രവേശിപ്പിച്ചത്. എറണാകുളം ഗവ. മെഡിക്കൽ കോളജിൽ നിന്നുള്ള വിദഗ്ധസംഘം മഅദനിയെ പരിശോധിച്ചിരുന്നു. ഡയാലിസിസ് വേണ്ടിവരുമെന്നും ക്രിയാറ്റിൻ കൂടുതലാണെന്നുമായിരുന്നു ഡോക്ടർമാരുടെ നിഗമനം.

 

English Summary: KT Jaleel MLA Visits Abdul Nazer Mahdani

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com