ഒഡീഷ ട്രെയിൻ അപകടം; മൂന്ന് ഉദ്യോഗസ്ഥരെ അറസ്റ്റു ചെയ്ത് സിബിഐ

Mail This Article
ന്യൂഡൽഹി∙ ഒഡീഷയിലെ ബാലസോറിലെ ബഹനാഗ ബസാർ സ്റ്റേഷനിൽ 288 പേരുടെ മരണത്തിനിടയാക്കി കോറമാണ്ഡൽ എക്സ്പ്രസ് ഗുഡ്സ് ട്രെയിനിൽ ഇടിച്ചു മറിഞ്ഞ അപകടവുമായി ബന്ധപ്പെട്ട് 3 പേരെ സിബിഐ അറസ്റ്റു ചെയ്തു. ബാലാസോർ സീനിയർ സെക്ഷൻ എൻജിനിയർ അരുൺ കുമാർ മഹന്ത, സോഹോ സീനിയർ സെക്‌ഷൻ ഓഫിസർ മുഹമ്മദ് ആമിർ ഖാൻ, സ്റ്റേഷനിലെ ടെക്നീഷ്യൻ പപ്പു കുമാർ എന്നിവരെയാണ് സിബിഐ അറസ്റ്റു ചെയ്തത്. ഐപിസി 304, 201 വകുപ്പുകൾ പ്രകാരമാണ് അറസ്റ്റ്.
അപകടത്തിനു കാരണം സ്റ്റേഷനിലെ സിഗ്നൽ തകരാറാണെന്ന് മുഖ്യ റെയിൽവേ സുരക്ഷാ കമ്മിഷണറുടെ അന്വേഷണ റിപ്പോർട്ടിൽ പറഞ്ഞിരുന്നു. ജൂൺ രണ്ടിനാണ് ഹൗറയിൽനിന്നു ചെന്നൈയിലേക്കു പോയിരുന്ന കോറമാണ്ഡൽ എക്സ്പ്രസ് നിർത്തിയിട്ടിരുന്ന ഗുഡ്സ് ട്രെയിനിൽ ഇടിച്ചു മറിഞ്ഞത്. ഇതിന്റെ കോച്ചുകൾ മറിഞ്ഞ് അടുത്ത ലൈനിലൂടെ പോയിരുന്ന യശ്വന്ത്പുർ–ഹൗറ എക്സ്പ്രസിലും ഇടിച്ച് അതിന്റെ കോച്ചുകളും പാളം തെറ്റി.
മെയിൻ ട്രാക്കിലൂടെ പോകേണ്ടിയിരുന്ന കോറമാണ്ഡൽ എക്സ്പ്രസ് ലൂപ് ലൈനിലേക്കു തെറ്റിക്കയറി നിർത്തിയിട്ട ഗുഡ്സ് ട്രെയിനിന്റെ പിന്നിൽ ഇടിച്ചു മറിഞ്ഞത് സ്റ്റേഷനിലെ വടക്കു ഭാഗത്തുള്ള സിഗ്നലിലും അടുത്തുള്ള ലെവൽ ക്രോസിങ് 94ലും നടന്ന അറ്റകുറ്റപ്പണി ശരിയായ രീതിയിൽ ചെയ്യാഞ്ഞതിനാലാണെന്ന് അന്വേഷണത്തിൽ കണ്ടെത്തിയിരുന്നു. അതിന് ഉത്തരവാദികളായത് അന്ന് ഡ്യൂട്ടിയിലുണ്ടായിരുന്ന ഉദ്യോഗസ്ഥരാണെന്നും റിപ്പോർട്ടിൽ സൂചനയുണ്ടായിരുന്നു.
English Summary: Odisha Train Accident, CBI Arrested Three Railway Officials