ADVERTISEMENT

ന്യൂഡൽഹി ∙ രാഹുൽ ഗാന്ധി തെറ്റുകൾ സ്ഥിരമായി ആവർത്തിക്കുന്നുവെന്ന നിരീക്ഷണത്തോടെയാണ്, മോദി പരാമർശവുമായി ബന്ധപ്പെട്ട അപകീർത്തിക്കേസിൽ സൂറത്ത് കോടതിയുടെ ശിക്ഷാ വിധിക്കെതിരായ അദ്ദേഹത്തിന്റെ ഹർജി പരിഗണിക്കാൻ ഗുജറാത്ത് ഹൈക്കോടതി വിസമ്മതിച്ചത്. വിവിധ കോടതികളിലായി രാഹുലിനെതിരെ പത്തിലധികം കേസുകളുണ്ടെന്ന്, വിധി പറഞ്ഞ ജസ്റ്റിസ് ഹേമന്ത് പ്രഛക് ചൂണ്ടിക്കാട്ടി. രാഷ്ട്രീയത്തിൽ പരിശുദ്ധി ആവശ്യമാണെന്നും അദ്ദേഹം നിരീക്ഷിച്ചു. സവർക്കർക്കെതിരെ കേംബ്രിജിൽ നടത്തിയ പരാമർശത്തിന്റെ പേരിൽ സവർക്കറുടെ കൊച്ചുമകൻ പുണെ കോടതിയിലും അപകീർത്തിക്കേസ് നൽകിയിട്ടുണ്ടെന്ന് ജസ്റ്റിസ് ഹേമന്ത് പ്രഛക് ചൂണ്ടിക്കാട്ടി.

‌‘തീർത്തും നിലനിൽക്കാത്ത കാരണങ്ങൾ ചൂണ്ടിക്കാട്ടിയാണു രാഹുൽ ഗാന്ധി സ്റ്റേ ആവശ്യം ഉന്നയിക്കുന്നത്. ശിക്ഷാവിധി സ്റ്റേ ചെയ്തിരിക്കണമെന്നതു നിയമമല്ല. രാഹുലിനെതിരെ 10ലേറെ കേസുകൾ വേറെയുമുണ്ട്. രാഷ്ട്രീയത്തിൽ പരിശുദ്ധി ആവശ്യമാണ്. സവർക്കർക്കെതിർക്കെതിരെ രാഹുൽ ഗാന്ധി കേംബ്രിജിൽ നടത്തിയ പരാമർശത്തിന്റെ പേരിൽ സവർക്കറുടെ കൊച്ചുമകൻ പുനെ കോടതിയിലും അപകീർത്തിക്കേസ് നൽകിയിട്ടുണ്ട്. ശിക്ഷാവിധി സ്റ്റേ ചെയ്യുന്നില്ലെന്നതും ഹർജിക്കാരനോടുള്ള അനീതിയല്ല. സ്റ്റേ ചെയ്യാൻ മതിയായ കാരണങ്ങളില്ല. കേസിൽ രാഹുലിനെ ശിക്ഷിച്ചതിൽ തെറ്റില്ല, നിയമവിധേയവുമാണ്’. – വിധിന്യായത്തിന്റെ ചുരുക്കം പ്രസ്താവിച്ചു കൊണ്ട് ജസ്റ്റിസ് ഹേമന്ത് പ്രഛക് വ്യക്തമാക്കി.

രാഹുൽ ഗാന്ധിയുടെ ആവശ്യം ഗുജറാത്ത് ഹൈക്കോടതി തള്ളിയതോടെ ലോക്സഭാംഗത്വത്തിലെ അയോഗ്യത തുടരും. കേസിൽ ശിക്ഷിക്കപ്പെട്ടിരിക്കുന്നതിനാൽ തിരഞ്ഞെടുപ്പിൽ മത്സരിക്കാനുള്ള അയോഗ്യത തുടരും. രാഹുലിന്റെ അയോഗ്യത നീങ്ങി ലോക്സഭാംഗത്വം പുനഃസ്ഥാപിക്കപ്പെടാത്ത സാഹചര്യത്തിൽ വയനാട് ലോക്സഭാ മണ്ഡലത്തിലേക്കു തിരഞ്ഞെടുപ്പിലേക്കു നീങ്ങേണ്ടിവരും.

അതേസമയം, കേസിൽ അപ്പീലുമായി രാഹുൽ അടിയന്തരമായി സുപ്രീം കോടതിയെ സമീപിക്കുമെന്നും കോൺഗ്രസ് വൃത്തങ്ങൾ അറിയിച്ചു. അതേസമയം, ശിക്ഷ നടപ്പാക്കുന്നതു നേരത്തെ സെഷൻസ് കോടതി സ്റ്റേ ചെയ്തതിനാൽ രാഹുലിനു തൽക്കാലം തടവുശിക്ഷ അനുഭവിക്കേണ്ടി വരില്ല. ഹൈക്കോടതി വിധിന്യായം ലഭ്യമാക്കിയാൽ മാത്രമേ വിധിയുടെ വിശദാംശങ്ങൾ വ്യക്തമാകു. 

മോഷ്ടാക്കൾക്കെല്ലാം മോദിയെന്നു പേരുള്ളത് എന്തുകൊണ്ടെന്ന പരാമർശം അപകീർത്തിയുണ്ടാക്കിയെന്ന കേസിലാണ് കഴിഞ്ഞ മാർച്ചിൽ രാഹുലിനു 2 വർഷം തടവുശിക്ഷ വിധിച്ചത്. ഇതോടെ രാഹുലിനു ലോക്സഭാംഗത്വം നഷ്ടമായിരുന്നു. ഈ തടവുകാലാവധി ഉൾപ്പെടെ 8 വർഷത്തെ അയോഗ്യതാ ഭീഷണി രാഹുലിനുണ്ട്.

2019–ലെ ലോക്സഭാ തിരഞ്ഞെടുപ്പു പ്രചാരണത്തിനിടെ കർണാടകയിലെ കോലാറിലായിരുന്നു രാഹുലിന്റെ പരാമർശം. ബിജെപി എംഎൽഎ പൂർണേശ് മോദി നൽകിയ പരാതിയിലായിരുന്നു നടപടി. കർണാടകയിലെ കോലാറിൽ നടത്തിയ പ്രസംഗത്തിനു സൂറത്തിൽ കേസ് നിലനിൽക്കില്ല, എല്ലാ മോദിമാരെയും അപകീർത്തിപ്പെടുത്തിയെന്ന പേരിൽ കേസ് നൽകാനാകില്ല തുടങ്ങിയ വാദങ്ങളാണ് രാഹുൽ പ്രധാനമായും ഉന്നയിച്ചത്. 

English Summary: Savarkar's grandson filed defamation against Rahul Gandhi, says Gujarat High Court

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com