ADVERTISEMENT

ന്യൂഡൽഹി∙ ജമ്മു കശ്മീരിനു പ്രത്യേക പദവി നൽകുന്ന ആർട്ടിക്കിൾ 370 റദ്ദാക്കിയതിനെ‍തിരായ ഹർജികളിൽ ഓഗസ്റ്റ് 2 മുതൽ വാദം കേൾക്കുമെന്നു സുപ്രീംകോടതിയുടെ അഞ്ചംഗ ബെഞ്ച്. തിങ്കളും വെള്ളിയും ഒഴികെയുള്ള എല്ലാ ദിവസങ്ങളിലും വിഷയത്തിൽ കോടതി വാദം കേൾക്കും. ചീഫ് ജസ്റ്റിസ് ഡി.വൈ.ചന്ദ്രചൂഡ്, ജസ്റ്റിസുമാരായ സഞ്ജയ് കിഷൻ കൗൾ, സഞ്ജീവ് ഖന്ന, ബി.ആർ.ഗവായ്, സൂര്യകാന്ത് എന്നിവരാണു ബെഞ്ചിലുള്ളത്.

ജമ്മുകശ്മീരിലെ നിലവിൽ അവസ്ഥകള്‍ വ്യക്തമാക്കിയുള്ള കേന്ദ്രസർക്കാരിന്റെ പുതിയ സത്യവാങ്മൂലം പരിഗണിക്കില്ലെന്നു വാദത്തിനിടെ സുപ്രീംകോടതി വ്യക്തമാക്കി. തിങ്കളാഴ്ചയാണു കേന്ദ്രം പുതിയ സത്യവാങ്മൂലം കോടതിയിൽ ഫയൽ ചെയ്തത്. ആർട്ടിക്കൾ 370 എടുത്തുകളഞ്ഞതോടെ മേഖലയിൽ വലിയ പുരോഗതിയുണ്ടായെന്നായിരുന്നു കേന്ദ്രം സത്യവാങ്മൂലത്തിൽ പറഞ്ഞത്. 

ജമ്മു കശ്മീരിന്റെ പ്രത്യേക പദവി റദ്ദാക്കിയ കേന്ദ്രസർക്കാരിന്റെ തീരുമാനത്തിനെതിരെ 23 ഹർജികളാണു കോടതിയിലെത്തിയത്. ഐഎഎസ് ഓഫിസർ ഷാ ഫേസൽ, മനുഷ്യാവകാശ പ്രവർത്തക ഷെഹ്‍‍ല റഷീദ് എന്നിവർ തങ്ങളുടെ ഹർജികൾ പിൻവലിച്ചിരുന്നു. തുടർന്നു ഹര്‍ജിക്കാരുടെ ലിസ്റ്റിൽ നിന്നും ഇരുവരുടെയും പേരുകൾ കോടതി നീക്കം ചെയ്തു. 

2019 ഓഗസ്റ്റ് അഞ്ചിനാണു പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ നേതൃത്വത്തിലുള്ള എൻഡിഎ സർക്കാർ ഭരണഘടനയിലെ 370–ാം വകുപ്പു പ്രകാരം ജമ്മു കശ്മീരിനു പ്രത്യേക പദവി നൽകുന്നതും ജമ്മു–കശ്മീർ, ലഡാക്ക് മേഖലകളിലെ സ്ഥിര താമസക്കാര്‍ക്ക് 35എ വകുപ്പു പ്രകാരം പ്രത്യേക അവകാശം നൽകുന്നതും റദ്ദാക്കിയത്. ഒക്ടോബർ 31നു ജമ്മു കശ്മീർ, ലഡാക്ക് എന്നീ പുതിയ കേന്ദ്രഭരണ പ്രദേശങ്ങൾ രൂപപ്പെട്ടു. ജമ്മു കശ്മീരിൽ അധികാര പദവി ഗവർണറിൽനിന്നു ലഫ്. ഗവർണറിലേക്കു മാറി. ലഡാക്ക് കേന്ദ്രത്തിന്റെ നേരിട്ടുള്ള ഭരണത്തിലായി.

English Summary: Supreme Court will hear petitions against scrapping of article 370 from august 2

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com