ADVERTISEMENT

കൊൽക്കത്ത∙ ബംഗാളിലെ പഞ്ചായത്ത് തിരഞ്ഞെടുപ്പും ഫലപ്രഖ്യപനവും നിലവിൽ കോടതിയുടെ പരിഗണനയിലുള്ള തിരഞ്ഞെടുപ്പ് ക്രമക്കേടുമായി ബന്ധപ്പെട്ട കേസുകളുടെ അന്തിമ ഉത്തരവുകൾക്ക് വിധേയമായിരിക്കുമെന്ന് കൽക്കട്ട ഹൈക്കോടതി അറിയിച്ചു. തിരഞ്ഞെടുപ്പിൽ വിജയിച്ച എല്ലാ ജനപ്രതിനിധികളെയും ഇക്കാര്യം അറിയിക്കാൻ സംസ്ഥാന തിരഞ്ഞെടുപ്പ് കമ്മിഷനെ കോടതി ചുമതലപ്പെടുത്തി. തിരഞ്ഞെടുപ്പ് ക്രമക്കേടുകളുമായി ബന്ധപ്പെട്ടു സമർപ്പിച്ചിട്ടുള്ള മൂന്നു ഹർജികളിലുള്ള ആരോപണങ്ങളിൽ തിരഞ്ഞെടുപ്പ് കമ്മിഷനും സംസ്ഥാന സർക്കാരും കേന്ദ്ര സർക്കാരും നിലപാടറിയിക്കാനും കോടതി നിർദേശിച്ചു. കേസ് ഈ മാസം 19ന് കോടതി വീണ്ടും പരിഗണിക്കും.

അക്രമസംഭവങ്ങളിൽ തിരഞ്ഞെടുപ്പ് കമ്മിഷനെയും സംസ്ഥാന സർക്കാരിനെയും കോടതി രൂക്ഷമായി വിമർശിച്ചു. കോടതി ഇക്കാര്യങ്ങൾ കൃത്യമായി നിരീക്ഷിക്കുന്നുണ്ടെന്ന് അറിഞ്ഞിട്ടും ഇതു സംബന്ധിച്ച ആദ്യ വിധി ജൂൺ 13ന് പുറപ്പെടുവിച്ചിട്ടും എന്തുകൊണ്ടാണ് തിരഞ്ഞെടുപ്പു കമ്മിഷൻ പ്രത്യേക താല്‍പര്യം കൈക്കൊണ്ട് കാര്യങ്ങളിൽ ഇടപെടാതിരുന്നതെന്ന് കോടതി ചോദിച്ചു. തിരഞ്ഞെടുപ്പു ഫലം പുറത്തുവന്നിട്ടും പലയിടത്തും അക്രമസംഭവങ്ങൾ കെട്ടടങ്ങാത്തത്ത് അദ്ഭുതപ്പെടുത്തുന്നു. ജനങ്ങളെ സംരക്ഷിക്കാൻ സംസ്ഥാന സർക്കാരിനു കഴിയുന്നില്ലെങ്കിൽ അത് വളരെ ഗൗരവമായി കാണേണ്ട വിഷയമാണെന്നും കോടതി കുറ്റപ്പെടുത്തി. 

ജൂലൈ എട്ടിനു നടന്ന തിരഞ്ഞെടുപ്പിൽ വലിയ തോതിൽ‌ അക്രമസംഭവങ്ങളും ക്രമക്കേടുകളും അരങ്ങേറിയെന്ന് ആരോപിച്ച് 50,000ത്തോളം ബൂത്തുകളിൽ റീ പോളിങ് നടത്തണമെന്ന് സംസ്ഥാന തിരഞ്ഞെടുപ്പ് കമ്മിഷനെ അറിയിച്ചിരുന്നതായി പരാതിക്കാർ പറയുന്നു. എന്നാൽ 696 ബൂത്തുകളിലായണ് റീ പോളിങ് നടന്നത്. തുടർന്ന് ഇന്നലെ വോട്ടെണ്ണൽ ആരംഭിച്ചെന്നും അവർ പരാതിയിൽ ചൂണ്ടിക്കാട്ടി. 

തിരഞ്ഞെടുപ്പ് സമയത്ത് പോളിങ് ബൂത്തുകളിൽ ക്രമക്കേടുകൾ നടക്കുന്നതുമായി ബന്ധപ്പെട്ട വിഡിയോ ദൃശ്യങ്ങളും പരാതിക്കാർ‌ കോടതിയിൽ സമർപ്പിച്ചു. ഈ ദൃശ്യങ്ങളുടെ പകർപ്പ് സംസ്ഥാന തിരഞ്ഞെടുപ്പ് കമ്മിഷന്റെയും സംസ്ഥാന – കേന്ദ്ര സർക്കാരുകളുടെയും അഭിഭാഷകർക്കു കൂടി കൈമാറാനും കോടതി നിർദേശിച്ചു. സംഭവത്തിൽ സിബിഐ അന്വേഷണം വേണമെന്നും പരാതിക്കാർ കോടതിയിൽ ആവശ്യപ്പെട്ടു. തിരഞ്ഞെടുപ്പു ദിവസം നടന്ന ബോംബാക്രമണവുമായി ബന്ധപ്പെട്ട് സംസ്ഥാന സർക്കാർ കേന്ദ്ര സർക്കാരിനു റിപ്പോർട്ട് സമർപ്പിക്കാനും കോടതി നിർദേശിച്ചു. 

ബംഗാളിൽ നടന്ന പഞ്ചായത്ത് തിരഞ്ഞെടുപ്പിൽ തൃണമൂൽ കോൺഗ്രസിനാണ് മുന്നേറ്റം. തട്ടിപ്പിലൂടെയാണ് തൃണമൂൽ നേട്ടമുണ്ടാക്കിയതെന്ന് സിപിഎം ആരോപിച്ചു. ബിജെപിയും ഇതേ ആരോപണമുന്നയിച്ചു. കേന്ദ്ര സേനയെ ഉപയോഗപ്പെടുത്തിയിട്ടില്ലായിരുന്നുവെന്നും ബൂത്തുകളിൽ സിസിടിവി ക്യാമറകൾ ഇല്ലായിരുന്നുവെന്നും ബിജെപി പറഞ്ഞു. പഞ്ചായത്ത് തിരഞ്ഞെടുപ്പ് വൻ അക്രമത്തിലാണു കലാശിച്ചത്. പ്രചാരണസമയത്ത് 18 പേരും വോട്ടിങ് ദിനം 19 പേരും കൊല്ലപ്പെട്ടു. വ്യാപകമായ രീതിയിൽ ബുത്തുപിടിത്തവും നടന്നു. വോട്ടെണ്ണലിന്റെ ദിനമായ ഇന്നലെയും വ്യാപകമായ അക്രമമുണ്ടായി.

English Summary: "Bengal Rural Poll Results Subject To Final Orders": Calcutta High Court

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com