ADVERTISEMENT

ഗാസിയാബാദ്∙ എസ്ഡിഎമ്മായ ഭാര്യയും കാമുകനും ചേർന്ന് തന്നെ വധിക്കാൻ ശ്രമിക്കുന്നതായുളള ഭര്‍ത്താവിന്റെ പരാതിയുടെ അടിസ്ഥാനത്തിൽ കാമുകനെതിരെ കേസെടുത്തു. ഗാസിയാബാദ് സബ്ഡിവിഷനൽ മജിസ്ട്രേറ്റ് ജ്യോതി മൗര്യക്കും കാമുകൻ മനീഷ് ദുബെയ്ക്കുമെതിരെയാണ് ഗുരുതര ആരോപണങ്ങളുമായി ജ്യോതിയുടെ ഭർത്താവ് അലോക് മൗര്യ രംഗതെത്തിയത്. ജ്യോതിയും കാമുകൻ മനീഷും തനിക്കെതിരെ വധശ്രമം നടത്തിയെന്നാണ് അലോക് പരാതിയിൽ പറയുന്നത്. ഗാസിയാബാദിലെ ഹോംഗാർഡ് കമാന്‍ഡന്റായ മനീഷ് ദുബെയുമായി ജ്യോതിക്കു വിവാഹേതര ബന്ധമുണ്ടെന്നാണു ഭർത്താവ് അലോകിന്റെ ആരോപണം. അലോകിന്റെ പരാതിയുടെ അടിസ്ഥാനത്തിൽ മനീഷ് ദുബെയ്ക്കെതിരെ എഫ്ഐആർ റജിസ്റ്റർ ചെയ്തു.  കൊലപാതകം ആസൂത്രണം ചെയ്തതായുള്ള അലോക് മൗര്യയുടെ ആരോപണത്തെക്കുറിച്ച് അന്വേഷിക്കുമെന്നു ഹോംഗാർഡ് ഡിജി ബിജയ് മൗര്യ അറിയിച്ചു. 

എഫ്ഐആർ റജിസ്റ്റർ ചെയ്തതിന്റെ അടിസ്ഥാനത്തിൽ മനീഷ് ദുബെയെ ഉടൻതന്നെ ജോലിയിൽനിന്ന് സസ്പെൻഡ് ചെയ്യുമെന്ന് അധികൃതർ അറിയിച്ചു. ചൊവ്വാഴ്ചയാണ് ഗാസിയാബാദിലെ ഹോംഗാർഡ് കമാൻഡന്റായി മനീഷ് ദുബെ ചുമതലയേറ്റത്.

ജ്യോതിയുടെ ഔദ്യോഗിക യാത്രകളിൽ സംശയം തോന്നിയതിനാൽ അവരെ രഹസ്യമായി പിന്തുടർന്നിരുന്നതായും അലോക് പൊലീസിൽ മൊഴിനൽകി. ഹോട്ടൽ മുറികളിൽ ജ്യോതി മനീഷിനൊപ്പം രാത്രികള്‍ ചെലവഴിച്ചിരുന്നു. ഒരിക്കൽ ഹോട്ടലിൽനിന്ന് ഇരുവരെയും മോശംസാഹചര്യത്തിൽ കണ്ടിട്ടുണ്ടെന്നും അലോക് പൊലീസിനോട് പറഞ്ഞു.

മാത്രമല്ല, തന്നെ കൊലപ്പെടുത്തുന്നതിനായി ജ്യോതിയും മനീഷും ആസൂത്രണം ചെയ്തതിന്റെ വാട്സാപ് സന്ദേശങ്ങളും അലോക് മൗര്യ തെളിവായി ഹാജരാക്കി. അതേസമയം, ഭർത്താവ് തന്റെ സ്വകാര്യ സന്ദേശങ്ങൾ ചോർത്തിയതിനെതിരെ ജ്യോതിയും പൊലീസിൽ പരാതി നൽകി. അലോകുമായുള്ള ദാമ്പത്യ ബന്ധം സുഖകരമായിരുന്നില്ലെന്നും വിവാഹമോചനത്തിനു കേസ് നൽകിയിട്ടുണ്ടെന്നും അവർ പറഞ്ഞു. 

എസ്ഡിഎമ്മായ ഭാര്യ തന്നെ വഞ്ചിക്കുകയായിരുന്നു എന്നു പറഞ്ഞ് കരഞ്ഞുകൊണ്ട് അലോക് ഒരു വിഡിയോ സോഷ്യൽ മീഡിയയിലൂടെ പങ്കുവച്ചിരുന്നു. പ്രതാപ്ഗറിലെ പഞ്ചായത്ത് രാജ് ഡിപ്പാർട്ട്മെന്റിലെ ക്ലാസ്–4 ഉദ്യോഗസ്ഥനാണ് അലോക്. എസ്ഡിഎം ആയതിനു‌ശേഷം ജ്യോതി തന്നിൽനിന്ന് അകന്നതായാണ് അലോക് വിഡിയോയിൽ പറയുന്നത്. ഭാര്യയുടെ പഠനത്തിനായി വായ്പ എടുത്തിരുന്നതായും അവളുടെ സ്വപ്നം സാക്ഷാത്കരിക്കുന്നതിനായി കൂടെ നിന്നതായും അലോക് വിഡിയോയിൽ പറയുന്നുണ്ട്. 2015ൽ എസ്ഡിഎം പരീക്ഷ പാസായതോടെ ജ്യോതി വഞ്ചിക്കാൻ തുടങ്ങി. നേരായ മാർഗത്തിലൂടെ അല്ലാതെ 6 ലക്ഷം രൂപ ജ്യോതി ഈ ജോലിയിലൂടെ സമ്പാദിച്ചതായും അലോക് വെളിപ്പെടുത്തി.

English Summary: FIR sought against Jyoti Maurya's alleged beau for planning to kill her husband 

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com