ട്രയൽസിൽ പങ്കെടുക്കാത്തവരെ ഏഷ്യൻ ഗെയിംസിൽ പരിഗണിക്കരുത്: ബജ്‌രംഗ് പുനിയയ്ക്കെതിരെ പഞ്ചാബ് അസോസിയേഷൻ
Mail This Article
ന്യൂഡൽഹി∙ യോഗ്യതാ മത്സരങ്ങളിൽ കളിപ്പിക്കാതെ ഒരു ഗുസ്തി താരത്തെയും ഏഷ്യൻ ഗെയിംസിൽ പങ്കെടുപ്പിക്കരുതെന്ന് പഞ്ചാബ് റെസ്‍ലിങ് അസോസിയേഷൻ. സെലക്‌ഷൻ ട്രയൽ നടത്താതിരുന്നാൽ അത് ജസ്കരൻ സിങ്ങിനോടുള്ള അനീതിയാകുമെന്നും റെസ്‍ലിങ് അസോസിയേഷൻ ജനറൽ സെക്രട്ടറി ആർ.എസ്. കുണ്ടു നൽകിയ കത്തിൽ പറയുന്നു. ഏഷ്യൻ ഗെയിംസിനുള്ള സെലക്‌ഷൻ ട്രയൽ നടത്തുന്ന ഇന്ത്യൻ ഒളിംപിക് അസോസിയേഷൻ പ്രത്യേക സമിതി തലവൻ ഭുപേന്ദർ സിങ് ബജ്‍വയ്ക്കാണ് കത്തു നൽകിയത്.
65 കിലോ ഫ്രീസ്റ്റൈൽ വിഭാഗത്തിൽ പഞ്ചാബ് റെസ്‍ലിങ് അസോസിയേഷൻ നിര്‍ദേശിക്കുന്നത് ജസ്കരൻ സിങ്ങിനെയാണ്. ഏഷ്യൻ ഗെയിംസിന്റെ സെലക്‌ഷൻ ട്രയലിൽ പങ്കെടുക്കാൻ എല്ലാവർക്കും ഒരുപോലെ അവസരം നൽകണമെന്നും കത്തിൽ പറയുന്നു.
ഇന്ത്യയ്ക്കായി നിരവധി രാജ്യാന്തര മത്സരങ്ങളിൽ പങ്കെടുത്തിട്ടുള്ള ബജ്‌രംഗ് പുനിയ തന്നെയാകും ഇത്തവണയും 65 കിലോ വിഭാഗത്തിൽ മത്സരിക്കുകയെന്ന വാർത്തകൾക്കു പിന്നാലെയാണ് കത്ത് പുറത്തുവന്നത്. ടോക്കിയോ ഒളിംപിക്സില്‍ വെങ്കല മെഡൽ നേടിയ ബജ്‌രംഗ് പുനിയ ലോകചാംപ്യൻഷിപ്പുകളിലും ഇന്ത്യയ്ക്കായി മെഡൽ നേടിയിട്ടുണ്ട്.
English Summary: Punjab Wrestling Association Tells Ad-hoc Panel Not to Give Bajrang Punia Exemption from Asian Games Trials