ADVERTISEMENT

മുംബൈ∙ ഗുസ്തി താരം വിനേഷ് ഫോഗട്ട് റാങ്കിങ് സിരീസ് ടൂർണമെന്റിൽനിന്നു പിന്മാറി. ഹംഗറിയിലെ ബുഡാപെസ്റ്റിൽ 55 കിലോ വിഭാഗത്തിൽ ഇന്നു നടക്കേണ്ടിയിരുന്ന മത്സരത്തിനു തൊട്ടുമുൻപാണ് താരം പിന്മാറിയത്. അനാരോഗ്യം കാരണമാണ് ടൂർണമെന്റിൽനിന്ന് പിന്മാറുന്നതെന്ന് വിനേഷ് സ്പോർട്സ് അതോറിറ്റിയെ അറിയിച്ചത്. പനിയും ഭക്ഷ്യവിഷബാധയും ബാധിച്ചതോടെയാണ് പിന്മാറ്റമെന്നും  പറയുന്നു.

മുൻ ഗുസ്തി ഫെഡറേഷന്‍ പ്രസിഡന്റ് ബ്രിജ് ഭുഷൺ ശരൺ സിങ്ങിനെതിരെ ഡൽഹിയിൽ നടന്ന പ്രതിഷേധത്തിൽ മുൻനിരയിൽ ഉണ്ടായിരുന്ന താരങ്ങളില്‍ ഒരാളായിരുന്നു വിനേഷ് ഫോഗട്ട്. വനിതാ ഗുസ്തി താരങ്ങള്‍ക്കുനേരെ ബ്രിജ് ഭുഷൺ ലൈഗികാതിക്രമം നടത്തിയെന്ന് ആരോപിച്ചായിരുന്നു പ്രതിഷേധം.

2022 സെപ്റ്റംബറിൽ നടന്ന ലോക ചാംപ്യൻഷിപ്പിൽ വിനേഷ് വെങ്കലമെഡൽ നേടിയിരുന്നു. ഈ വർഷം ജനുവരി മുതൽ പ്രതിഷേധങ്ങളുടെ ഭാഗമായതിനാൽ പരിശീലനത്തിൽ ഏർപ്പെടാൻ കഴിഞ്ഞിരുന്നില്ല. ബജ്‍രംഗ് പുനിയ, സാക്ഷി മാലിക് എന്നിവരും പ്രതിഷേധ സമരത്തിൽ അണിചേർന്നിരുന്നു. ബ്രിജ് ഭൂഷണനെതിരെ നടപടിയൊന്നും സ്വീകരിക്കാത്തതിനാൽ ഏപ്രിലിൽ വീണ്ടും സമരം നടത്തി. കേന്ദ്രമന്ത്രിമാരായ അമിത് ഷാ, അനുരാഗ് ഠാക്കൂർ എന്നിവർ വിഷയത്തിൽ അന്വേഷണം നടത്താമെന്ന് ഉറപ്പുനൽകിയതോടെയാണ് കഴിഞ്ഞ മാസം സമരം അവസാനിപ്പിച്ചത്.

സെപ്റ്റംബറിൽ നടക്കുന്ന ലോക ചാംപ്യൻഷിപ്, പിന്നാലെ വരുന്ന ഏഷ്യൻ ഗെയിംസ് എന്നിവയിലേക്ക് യോഗ്യത നേടാനുള്ള പരിശീലനത്തിലാണ് താരങ്ങൾ. ജൂലൈ 22, 23 തീയതികളിലാണ് സെലക്‌ഷൻ ട്രയൽസ്. ഇതിനു മുന്നോടിയായി ഫിറ്റ്നസ് വീണ്ടെടുക്കുകയെന്ന ലക്ഷ്യത്തോടെയാണ് വിനേഷ് റാങ്കിങ് സിരീസ് ടൂർണമെൻറിൽ പങ്കെടുക്കാൻ തീരുമാനിച്ചത്. സാധാരണ 53 കിലോ വിഭാഗത്തിൽ മത്സരിക്കുന്ന വിനേഷ് ഇത്തവണ 55 കിലോ വിഭാഗത്തില്ലായിരുന്നു ഇറങ്ങാനിരുന്നത്. താരത്തിന്റെ പിന്മാറ്റത്തോടെ 59 കിലോ വിഭാഗത്തിൽ മത്സരിക്കുന്ന സംഗീത ഫോഗട്ട് മാത്രമാകും ടൂർണമെന്റിൽ ഇന്ത്യയെ പ്രതിനിധീകരിക്കുക.

English Summary: Vinesh Phogat withdraws from Ranking Series event due to illness

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com