ADVERTISEMENT

എടവണ്ണ∙ മലപ്പുറം എടവണ്ണയിൽ സ്കൂൾ വിദ്യാർഥികളും ‘ജനകീയ കൂട്ടായ്മയും’ തമ്മിൽ അരങ്ങേറിയ ഫ്ലെക്സ് യുദ്ധത്തിലേക്ക് നയിച്ചത് കോളജ് വിദ്യാർഥിനി സ്കൂൾ വിദ്യാർഥിയായ സഹോദരനോടു ബസ് സ്റ്റാൻഡ് പരിസരത്തു സംസാരിക്കുന്നത് മൊബൈൽ ഫോണിൽ പകർത്താൻ ശ്രമിച്ചതിനു പിന്നാലെയുണ്ടായ സംഘർഷം.

ഈ മാസം 13ന് വൈകിട്ടാണ് സംഭവങ്ങളുടെ തുടക്കം. വണ്ടൂരിലെ കോളജ് വിദ്യാർഥിനിയും എടവണ്ണയിലെ സ്കൂൾ വിദ്യാർഥിയായ സഹോദരനും എടവണ്ണ ബസ് സ്റ്റാൻഡിൽ സംസാരിച്ചിരിക്കുകയായിരുന്നു. കണ്ടുനിന്നവരിലൊരാൾ ഇതു മൊബൈലിൽ പകർത്തി. സഹോദരനും സുഹൃത്തുക്കളും ചോദ്യം ചെയ്തപ്പോൾ വാക്കേറ്റമാകുകയും തുടർന്ന് കൂട്ടംചേർന്ന് മർദിക്കുകയും അസഭ്യം പറയുകയും ചെയ്തുവെന്നാണ് പരാതി. പൊലീസെത്തിയാണ് സംഘർഷമൊഴിവാക്കിയത്.

പിറ്റേന്നാണ് ‘ജനകീയകൂട്ടായ്മ’യുടെ പേരിൽ വിദ്യാർഥികൾക്കൊരു മുന്നറിയിപ്പ് എന്ന തലക്കെട്ടിൽ ബസ് സ്റ്റാൻഡ് പരിസരത്ത് ഫ്ലെക്സ് ബോർഡ് ഉയർന്നത്. അഞ്ച് മണിക്ക് ശേഷം പരിസരത്ത് വിദ്യാർഥികളെ കണ്ടാൽ കൈകാര്യം ചെയ്യുമെന്നായിരുന്നു മുന്നറിയിപ്പ്. ഇതിനു മറുപടിയായി ‘വിദ്യാർഥിപക്ഷം’ എന്ന പേരിൽ ബോർഡ് വന്നു. രാവിലെ 7 മുതൽ വൈകിട്ട് 7 വരെയാണ് ബസ് കൺസഷൻ സമയമെന്നും 5നു ശേഷം കണ്ടാൽ കൈകാര്യം ചെയ്തു കളയുമെന്ന് ബോർഡ്‌ വയ്ക്കാൻ വ്യക്തിക്കോ സമൂഹത്തിനോ അധികാരമില്ലെന്നുമായിരുന്നു ബോർഡിലുണ്ടായിരുന്നത്.

സംഗതി കൈവിട്ടുപോകുമെന്ന ഘട്ടത്തിലെത്തിയതോടെ പൊലീസെത്തി ഇരു വിഭാഗത്തിന്റെയും ഫ്ലെക്സ് ബോർഡുകൾ നീക്കി. വിദ്യാർഥികളുടെ പരാതിയിൽ കണ്ടാലറിയാവുന്ന 4 പേർക്കെതിരെ എടവണ്ണ പൊലീസ് കേസെടുത്തു. വിദ്യാർഥികളെ കയ്യേറ്റം ചെയ്തതിനും അസഭ്യം പറഞ്ഞതിനുമാണ് 4 പേർക്കെതിരെ പൊലീസ് കേസെടുത്തത്. പരാതിക്കാരുടെ വിശദമായ മൊഴി രേഖപ്പെടുത്തിയ ശേഷം അറസ്റ്റ് ഉൾപ്പെടെയുള്ള നടപടികളെടുക്കുമെന്നു പൊലീസ് അറിയിച്ചു.

English Summary: Back Story of Flex Controversy in Malappuram

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com