ADVERTISEMENT

കാസർകോട്∙ ബേക്കൽകോട്ട കണ്ടു മടങ്ങിയ ആറംഗ സംഘത്തിനു നേരെ മേൽപ്പറമ്പിൽ സദാചാര ആക്രമണം. സംഭവത്തിൽ നാലു പേരെ പൊലീസ് അറസ്റ്റ് ചെയ്തു. അബ്‍ദുൾ മൻസൂർ (41), അബ്ദുൽ ഖാദർ അഫീഖ് (37), മുഹമ്മദ്‌ നിസാർ (38), ബി.കെ.ആരിഫ് (32) എന്നിവരാണ് അറസ്റ്റിലായത്. പിറന്നാൾ ആഘോഷത്തിന്റെ ഭാഗമായി ബേക്കൽ കോട്ട സന്ദർശിച്ചു മടങ്ങിയ വിദ്യാർഥികൾ അടങ്ങിയ ആറു പേരെയാണ് നാട്ടുകാർ തടഞ്ഞുവച്ച് ആക്രമിച്ചത്. ഞായറാഴ്ച വൈകിട്ട് നാലുമണിയോടെയാണ് സംഭവം.

സംഘത്തിൽ മൂന്നു ആൺകുട്ടികളും മൂന്നു പെൺകുട്ടികളുമാണ് ഉണ്ടായിരുന്നത്. ഇതിൽ ഒരു ആൺകുട്ടിയുടെ പതിനെട്ടാം ജന്മദിനമായിരുന്നു ഞായറാഴ്ച. ജന്മദിനാഘോഷത്തിന്റെ ഭാഗമായി ബേക്കൽകോട്ടയിലേക്ക് പോകുന്നതിന് ഒപ്പം പഠിക്കുന്ന പെൺകുട്ടിയെയും ആൺകുട്ടി ക്ഷണിച്ചു. രണ്ടു സുഹൃത്തുക്കളുമായാണ് പെൺകുട്ടി എത്തിയത്. നാലു പേരും കൂടി ബസിൽ ബേക്കൽകോട്ടയിലേക്ക് പോയി. മടങ്ങിവരുമ്പോൾ ജന്മദിനം ആഘോഷിക്കുന്ന ആണ്‍കുട്ടിയുടെ സഹോദരനും പ്രതിശ്രുത വധുവും ചേർന്ന് ഇവരെ കാറിൽ കയറ്റി.

ഭക്ഷണം കഴിക്കുന്നതിനായി മേൽപ്പറമ്പിലെ റസ്റ്ററന്റിനു മുന്നിൽ ഇവർ കാർ നിർത്തിയപ്പോഴാണ് ആക്രമണം ഉണ്ടായത്. മഴ കാരണം കുറച്ചുനേരം ഇവർ കാറിൽ നിന്ന് ഇറങ്ങിയില്ലെന്ന് പൊലീസ് പറഞ്ഞു. ഇത് ഒരു സംഘം ആളുകൾ ചോദ്യം ചെയ്യുകയും മർദിക്കുകയുമായിരുന്നു. തടഞ്ഞു വയ്ക്കൽ, സംഘം ചേർന്ന് ആക്രമിക്കൽ തുടങ്ങിയ വകുപ്പുകൾ പ്രകാരമാണ് ഇവർക്കെതിരെ കേസ് എടുത്തിട്ടുള്ളത്.

English Summary: Three Arrested for Moral Policing at Kasargod

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com