ADVERTISEMENT

ന്യൂഡൽഹി∙ മണിപ്പുരിൽ ആൾക്കൂട്ടം നഗ്നരാക്കി ക്രൂരമായ അതിക്രമത്തിനിരയാക്കിയ സ്ത്രീകളെ സന്ദർശിച്ച് ഡൽഹി വനിതാ കമ്മിഷൻ അധ്യക്ഷ സ്വാതി മാലിവാൾ. അപമാനിതരായ ഈ സ്ത്രീകളുടെ കണ്ണുനീർ ദീർഘകാലത്തോളം തന്റെ ഉറക്കംകെടുത്തുന്നതാണെന്നും സ്വാതി പ്രതികരിച്ചു. 

‘‘മണിപ്പുരിൽ ക്രൂരമായ പീഡനത്തിനിരയായ പെൺമക്കളുടെ കുടുംബത്തെ സന്ദർശിച്ചു. അവരുടെ കണ്ണുനീർ കണ്ട് എനിക്ക് ഉറങ്ങാൻ സാധിച്ചില്ല. ഇപ്പോൾ ആരും അവരെ പോയി കാണുന്നില്ല’’– സ്വാതി മാലിവാൾ പറഞ്ഞു. മണിപ്പുരിലെ യുവതികളെ ആശ്വസിപ്പിക്കുന്ന വിഡിയോയും സ്വാതി പങ്കുവച്ചു. എന്തുകൊണ്ടാണ് മുഖ്യമന്ത്രി ബിരേൻ സിങ് അടക്കമുള്ളവരുടെ ഭാഗത്തുനിന്ന് യാതൊരു ഇടപെടലും ഉണ്ടാകാത്തതെന്നും സ്വാതി ചോദിച്ചു. 

‘‘ക്രൂരമായ അതിക്രമത്തിനിരയായ രണ്ടു പെൺകുട്ടികളുടെ കുടുംബത്തെ ഞാൻ സന്ദർശിച്ചു. ഒരു പെൺകുട്ടിയുടെ ഭർത്താവ് രാജ്യത്തിന്റെ അതിർത്തി സംരക്ഷിക്കുന്ന സൈനികനാണ്. ഇന്നുവരെ ആരും അദ്ദേഹത്തെ കണ്ടില്ല എന്ന് അദ്ദേഹം പറഞ്ഞു. ഞാനാണ് അദ്ദേഹത്തെ ആദ്യമായി സന്ദർശിച്ചത്. അതിക്രമത്തിനിരയായ മറ്റൊരു പെൺകുട്ടിയുടെ അമ്മയെയും സന്ദർശിച്ചു. എനിക്ക് സുരക്ഷയില്ലാതെ ഇവിടെ എത്താൻ സാധിക്കുന്നുണ്ടെങ്കിൽ എന്തുകൊണ്ട് മുഖ്യമന്ത്രി ഇവരെ സന്ദർശിച്ചില്ല’’– സ്വാതി മാലിവാൾ ചോദിച്ചു. 

അക്രമത്തിനിരയായ യുവതികളുടെ കുടുംബത്തെ സന്ദർശിച്ചശേഷം മൊയ്റംഗിലെ ദുരിതാശ്വാസ ക്യാംപും സ്വാതി മാലിവാൾ സന്ദർശിച്ചു. സ്ത്രീകളും കുട്ടികളും അടക്കമുള്ളവർ ഇവിടെ വളരെ ബുദ്ധിമുട്ടിയാണ് കഴിയുന്നതെന്ന് സ്വാതി മാലിവാൾ പറഞ്ഞു. ഇവിടെയുള്ള സ്ത്രീകളുടെയും കുട്ടികളുടെയും ദുരിതാവസ്ഥ കണക്കിലെടുത്ത് മണിപ്പുർ സന്ദർശിക്കണമെന്ന് ആവശ്യപ്പെട്ട് പ്രധാനമന്ത്രി നരേന്ദ്ര മോദിക്കും കേന്ദ്രമന്ത്രി സ്മൃതി ഇറാനിക്കും നിവേദനം നൽകുമെന്നും സ്വാതി മാലിവാൾ പറഞ്ഞു. മണിപ്പുർ മുഖ്യമന്ത്രി എത്രയും പെട്ടെന്നു തന്നെ ഇവരെ സന്ദർശിക്കണമെന്ന് അപേക്ഷിക്കുകയാണെന്നും സ്വാതി കൂട്ടിച്ചേർത്തു. 

English Summary: Delhi Women Commission Swati Maliwal's Emotional Meet With Manipur Families

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com