ADVERTISEMENT

‘അദൃശ്യനായ ശത്രു’ – സ്വസ്ഥ ജീവിതത്തിന് സ്ഥിരമായി ഭീഷണി സൃഷ്ടിക്കുന്ന അണുവികിരണത്തിന് (Radiation) ജപ്പാനിലെ ഫുകുഷിമ നിവാസികൾ ഇട്ടിരിക്കുന്ന പേര്. 2011ലെ സൂനാമിയിൽ ഫുകുഷിമയിലെ ആണവ നിലയത്തിനു സംഭവിച്ച അപകടത്തിന്റെ നീരാളിക്കൈകളിൽ ഇന്നും കുരുങ്ങിക്കിടക്കുന്ന ഹതഭാഗ്യർ. വർഷങ്ങൾക്കു ശേഷം സ്വന്തം മണ്ണിലേക്കു തിരിച്ചുവരാനുള്ള അവസരം ലഭിച്ചെങ്കിലും, ഇവിടുത്തുകാരെ മറുനാട്ടുകാർ സംശയത്തോടെയാണ് കാണുന്നത്. കാരണമുണ്ട്. സൂനാമിക്കാലത്തെ അപകടത്തെ തുടർന്നുണ്ടായ അണുവികിരണത്തിന്റെ ബാക്കിപത്രം ഇപ്പോഴും ഫുകുഷിമയിലുണ്ടെന്ന് അവർ ഭയക്കുന്നു. അദൃശ്യശത്രുവായി തങ്ങൾക്കൊപ്പം അണുവികിരണമുണ്ടെന്ന് ഫുകുഷിമക്കാരും ഭയക്കുന്നു.

ഇപ്പോൾ എന്തുകൊണ്ട് ഫുകുഷിമ എന്നല്ലേ? ഫുകുഷിമ ആണവ നിലയത്തിൽനിന്ന് അണുവികിരണമുള്ള വെള്ളം കടലിലേക്ക് ഒഴുക്കാൻ ജപ്പാന് രാജ്യാന്തര ആണവോർജ ഏജൻസി (ഐഎഇഎ) നൽകിയ അനുമതിയാണ് പുതിയ ചർച്ച. ഇതുമായി ബന്ധപ്പെട്ട് ഐഎഇഎയുടെ പ്രത്യേക സംഘം നടത്തിയ രണ്ടു വർഷം നീണ്ട പഠനത്തിന്റെ റിപ്പോർട്ട് കഴിഞ്ഞ ദിവസം പുറത്തുവിട്ടിരുന്നു. ഫുകുഷിമയിലെ ജലം കടലിൽ ഒഴുക്കാനുള്ള ജപ്പാന്റെ നീക്കം സുരക്ഷിതമാണെന്ന കണ്ടെത്തലാണ് റിപ്പോർട്ടിലുള്ളത്. ഈ റിപ്പോർട്ട് ഐഎഇഎ ഡയറക്ടർ ജനറൽ റാഫേൽ മരിയാനോ ഗ്രോസി, ജപ്പാൻ പ്രധാനമന്ത്രി ഫുമിയോ കിഷിദയ്ക്ക് കൈമാറുകയും ചെയ്തു.

ഈ സാഹചര്യത്തിൽ, അടുത്ത മാസം മുതൽ അണുവികിരണമുള്ള ജലം കടലിലേക്ക് ഒഴുക്കാനുള്ള ജപ്പാന്റെ നീക്കമാണ് ഇപ്പോൾ ആശങ്കയ്ക്ക് കാരണമാകുന്നത്. ഏതാണ്ട് 1.37 ദശലക്ഷം ടൺ വെള്ളമാണ് പസിഫിക് സമുദ്രത്തിലേക്ക് ഒഴുക്കുക. 30 വർഷം കൊണ്ട് ഇതു പൂർത്തിയാക്കാനാണ് ജപ്പാന്റെ നീക്കം.

∙ 1.37 മില്യൻ ടൺ ജലം, 1000 ടാങ്കുകൾ

2011 മാർച്ചിൽ ജപ്പാനിലുണ്ടായ ഭൂചലനത്തിലും സൂനാമിയിലും ഫുകുഷിമയിലെ ആണവ നിലയത്തിനു കേടുപാടു സംഭവിച്ചിരുന്നു. ഇവിടുത്തെ ഡെയ്‌ച്ചി, ഡെയ്‌നി എന്നീ പേരുകളിലറിയപ്പെടുന്ന റിയാക്‌ടറുകളിൽ ഡെയ്‌ച്ചിയാണ് തകർന്നത്. ടോക്കിയോയിൽനിന്ന് 250 കിലോമീറ്റർ വടക്കുകിഴക്കാണ് ഈ നിലയം. അപകടത്തെ തുടർന്ന് നിലയത്തിന്റെ ആണവ ടാങ്കുകളിൽ വെള്ളം കയറിയിരുന്നു. ശക്തമായ അണുപ്രസരണമുണ്ടായി. ടാങ്കുകളിൽനിന്ന് അണുവികിരണമുള്ള ജലം ചോർന്നു.

ഫുകുഷിമയിലെ അണുവികിരണമുള്ള ജലം കടലിൽ ഒഴുക്കാനുള്ള ജപ്പാൻ സർക്കാരിന്റെ നീക്കത്തിനെതിരെ സോളിൽ നടത്തിയ പ്രതിഷേധ മാർച്ചിൽ ദക്ഷിണ കൊറിയൻ പ്രതിപക്ഷ പാർട്ടിയായ ജസ്റ്റിസ് പാർട്ടിയുടെ പ്രതിനിധികൾ. (ചിത്രം: Jung Yeon-je / AFP)
ഫുകുഷിമയിലെ അണുവികിരണമുള്ള ജലം കടലിൽ ഒഴുക്കാനുള്ള ജപ്പാൻ സർക്കാരിന്റെ നീക്കത്തിനെതിരെ സോളിൽ നടത്തിയ പ്രതിഷേധ മാർച്ചിൽ ദക്ഷിണ കൊറിയൻ പ്രതിപക്ഷ പാർട്ടിയായ ജസ്റ്റിസ് പാർട്ടിയുടെ പ്രതിനിധികൾ. (ചിത്രം: Jung Yeon-je / AFP)

ഇതേത്തുടർന്ന് റിയാക്‌ടറുകൾ തണുപ്പിക്കാനായി ഉപയോഗിച്ചതിലൂടെ അണുവികിരണമുണ്ടായ ജലമാണ് 2011 മുതൽ ഇവിടെ സൂക്ഷിച്ചിരിക്കുന്നത്. ഇത്തരത്തിൽ ആണവ നിലയത്തിന്റെ അടിയിൽ നൂറു കണക്കിന് ടാങ്കുകളിലായി സൂക്ഷിച്ചിരിക്കുന്ന 1.37 ദശലക്ഷം ടൺ വെള്ളമാണ് കടലിലേക്ക് ഒഴുക്കാൻ അനുമതി നൽകിയിരിക്കുന്നത്. ഇതിന്റെ നടപടികളാണ് അടുത്ത മാസം ആരംഭിക്കുക.

അടുത്ത വർഷം ആരംഭത്തോടെ, സൂക്ഷിക്കുന്ന ജലത്തിന്റെ അളവ്, ഈ ടാങ്കുകളുടെ പരമാവധി പരിധിയിലെത്തും. ഇവയിൽ നിന്നുള്ള ആകസ്മികമായ ചോർച്ച തടയുന്നതിനും പ്ലാന്റിന്റെ ഡീകമ്മിഷനിങ്ങിനുമായി ജലം നീക്കം ചെയ്യേണ്ടതുണ്ടെന്നാണ് ജപ്പാൻ ഭരണകൂടത്തിന്റെയും പ്ലാന്റിന്റെ ഓപ്പറേറ്ററായ ടോക്കിയോ ഇലക്ട്രിക് പവർ കമ്പനിയുടെയും നിലപാട്. ഈ സാഹചര്യത്തിലാണ്, അണുവികിരണമുള്ള വെള്ളം കടലിലേക്ക് ഒഴുക്കാൻ അനുമതി തേടി അവർ രാജ്യാന്തര ആണവോർജ ഏജൻസിയെ സമീപിച്ചതും അനുമതി ലഭിച്ചതും.

∙ കടൽവെള്ളം മലിനമാകുമോ?

ഫുകുഷിമ ആണവനിലയത്തിൽ നിന്നുള്ള ജലം സമുദ്രത്തിൽ തുറന്നുവിടുന്നതുകൊണ്ട് യാതൊരു ആരോഗ്യ, സുരക്ഷാ പ്രശ്നങ്ങളുമില്ലെന്നാണ് ജപ്പാന്റെ നിലപാട്. ഈ ജലം ശുദ്ധീകരിച്ചും തുടർന്ന് നൂറിരട്ടിയിലധികം സമുദ്രജലവുമായി സംയോജിപ്പിച്ചും അപകടം പരമാവധി കുറച്ചശേഷം കടലിനടിയിലെ തുരങ്കത്തിലൂടെ പസഫിക് സമുദ്രത്തിലേക്ക് തുറന്നുവിടാനാണ് പദ്ധതിയെന്ന് ജപ്പാൻ ഭരണകൂടം വിശദീകരിക്കുന്നു. ഇതുമായി ബന്ധപ്പെട്ട രാജ്യാന്തര സുരക്ഷാ മാനദണ്ഡങ്ങളെപ്പോലും അതിശയിക്കുന്ന സുരക്ഷയിലാണ് ഇതിന്റെ നടപടികളെന്നാണ് അവരുടെ വാദം. മാത്രമല്ല, ആണവ നിലയത്തിന്റെ അടിയിൽ ടാങ്കുകളിൽ സൂക്ഷിച്ചിരിക്കുന്ന ഈ വെള്ളം, വർഷങ്ങളെടുത്ത് ഘട്ടംഘട്ടമായാണ് പുറന്തള്ളുക.

ഫുകുഷിമയിലെ അണുവികിരണമുള്ള ജലം കടലിൽ ഒഴുക്കാനുള്ള ജപ്പാൻ സർക്കാരിന്റെ നീക്കത്തിനെതിരെ സോളിലെ ദേശീയ അസംബ്ലിക്കു മുന്നിൽ പ്ലക്കാർഡുകളുമേന്തി പ്രതിഷേധിക്കുന്ന പ്രതിപക്ഷ പാർട്ടിയായ ഡെമോക്രാറ്റിക് പാർട്ടി പ്രതിനിധികൾ. (ചിത്രം: Jung Yeon-je / AFP)
ഫുകുഷിമയിലെ അണുവികിരണമുള്ള ജലം കടലിൽ ഒഴുക്കാനുള്ള ജപ്പാൻ സർക്കാരിന്റെ നീക്കത്തിനെതിരെ സോളിലെ ദേശീയ അസംബ്ലിക്കു മുന്നിൽ പ്ലക്കാർഡുകളുമേന്തി പ്രതിഷേധിക്കുന്ന പ്രതിപക്ഷ പാർട്ടിയായ ഡെമോക്രാറ്റിക് പാർട്ടി പ്രതിനിധികൾ. (ചിത്രം: Jung Yeon-je / AFP)

ആണവ നിലയത്തിലെ കണ്ടൻസറിൽ ഉപയോഗിച്ച ശേഷം തിരികെ ഒഴുക്കിവിടുന്ന കടൽ വെള്ളത്തിന്റെ ചൂടാണു മറ്റൊരു വിവാദ വിഷയം. അറ്റോമിക് എനർജി റെഗുലേറ്ററി ബോർഡിന്റെ നിബന്ധന അനുസരിച്ച്, ഈ വെള്ളത്തിലുണ്ടാകുന്ന താപനിലയുടെ വ്യത്യാസം ഏഴു ഡിഗ്രി സെൽഷ്യസിൽ താഴെ മാത്രമായിരിക്കും. ഈ വെള്ളം തീരത്തോടു ചേർന്നു തന്നെയാണ് ഒഴുക്കിവിടുന്നത്. അതുകൊണ്ട് കടലിലേക്ക് ഏതാനും മീറ്റർ ദൂരം ഒഴുകുന്നതിനിടെ സാധാരണ ഊഷ്‌മാവിലെത്തും. സമുദ്രത്തിലെ ജൈവ സമ്പത്തിന് ഇതുകൊണ്ട് ഒരു ദോഷവുമുണ്ടാവില്ല. താപവൈദ്യുതനിലയങ്ങളിലും സമാന സാഹചര്യമാണ്.

∙ അടിസ്ഥാനമുണ്ട്, ആശങ്കയ്ക്ക്!

ഫുകുഷിമയിലെ ജലം അത്യാധുനിക സാങ്കേതിക വിദ്യകൾ ഉപയോഗിച്ച് ശുദ്ധീകരിച്ചതാണെന്ന് അധികൃതർ ആണയിടുമ്പോഴും, അതുമായി ബന്ധപ്പെട്ട് ആശങ്കകൾ ഉയരുന്നതിന് കാരണമുണ്ട്. അഡ്വാൻസ്ഡ് ലിക്വിഡ് പ്രോസസിങ് സിസ്റ്റം (എഎൽപിഎസ്) ഉപയോഗിച്ചാണ് ഇവിടെ ജലം ശുദ്ധീകരിക്കുന്നത്. ആണവവികിരണമുള്ള ജലത്തിലെ 62 റേഡിയോ ആക്ടീവ് പദാർഥങ്ങൾ ഇതിലൂടെ നീക്കം ചെയ്യാമെന്നാണ് വാദം.

അപ്പോഴും, ജലത്തിൽനിന്ന് വേർതിരിക്കാൻ പ്രയാസമുള്ള ട്രിറ്റിയം, കാർബൺ–14 എന്നീ പദാർഥങ്ങൾ അവിടെ നിലനിൽക്കുകയാണ്. ഹൈഡ്രജന്റെ റേഡിയോ ആക്ടീവ് രൂപമാണ് ട്രിറ്റിയം; കാർബൺ–14 കാർബണിന്റെയും. ചെറിയ അളവുകളിൽ ഇവയിൽ നിന്നുള്ള റേഡിയേഷൻ കുറവായിരിക്കുമെങ്കിലും, അളവു കൂടുമ്പോൾ വെല്ലുവിളിയും കൂടും.

ഫുകുഷിമയിലെ അണുവികിരണമുള്ള ജലം കടലിൽ ഒഴുക്കാനുള്ള തീരുമാനം അറിയിക്കാനായി സോളിലെത്തിയ ഐഎഇഎ ഡയറക്ടർ ജനറൽ റാഫേൽ ഗ്രോസിക്കെതിരെ പ്ലക്കാർഡുകളുമായി പ്രതിഷേധിക്കുന്നവർ. (ചിത്രം: YONHAP / AFP)
ഫുകുഷിമയിലെ അണുവികിരണമുള്ള ജലം കടലിൽ ഒഴുക്കാനുള്ള തീരുമാനം അറിയിക്കാനായി സോളിലെത്തിയ ഐഎഇഎ ഡയറക്ടർ ജനറൽ റാഫേൽ ഗ്രോസിക്കെതിരെ പ്ലക്കാർഡുകളുമായി പ്രതിഷേധിക്കുന്നവർ. (ചിത്രം: YONHAP / AFP)

എന്നാൽ ഈ നടപടിക്രമങ്ങളിൽ വീഴ്ച സംഭവിക്കുന്നതും ഇതുമായി ബന്ധപ്പെട്ട് അധികൃതർ ആക്ഷേപം കേൾക്കുന്നതും അപൂർവമൊന്നുമല്ല. ആണവ പദാർഥങ്ങൾ നീക്കം ചെയ്യുന്ന കാര്യത്തിൽ എഎൽപിഎസിന് വീഴ്ച സംഭവിച്ചതായി 2013 ഏപ്രിലിൽ വാർത്താ ഏജൻസിയായ റോയിട്ടേഴ്സ് റിപ്പോർട്ട് ചെയ്തിരുന്നു. 2018ലും ഇക്കാര്യത്തിൽ വീഴ്ച സംഭവിച്ചതിനെ തുടർന്ന് ടോക്കിയോ ഇലക്ട്രിക് പവർ കമ്പനി ക്ഷമാപണം പോലും നടത്തിയിരുന്നു.

അതേ വർഷം ഒക്ടോബർ 18ന് റോയിട്ടേഴ്‌സ് പ്രസിദ്ധീകരിച്ച റിപ്പോർട്ട് പ്രകാരം, ഫുകുഷിമയിലെ ജലത്തിന്റെ 84 ശതമാനത്തിൽ, അനുവദനീയമായതിലും അധികം റേഡിയോ ആക്ടീവ് പദാർഥങ്ങൾ അടങ്ങിയിട്ടുണ്ടെന്ന വിവരമുണ്ടായിരുന്നു. സർക്കാർ കമ്മിറ്റിയുടെ വെബ്‌സൈറ്റിലെ രേഖകൾ അടിസ്ഥാനപ്പെടുത്തിയായിരുന്നു ഈ റിപ്പോർട്ട്. എഎൽപിഎസ് കണ്ണുംപൂട്ടി വിശ്വസിക്കാവുന്ന സംവിധാനമല്ലെന്ന് ചൂണ്ടിക്കാട്ടുന്ന പഠനങ്ങളും നിരീക്ഷണങ്ങളും വേറെയുമുണ്ട്.

ചുരുക്കത്തിൽ, ശുദ്ധീകരിച്ച ശേഷമാണ് ജലം സമുദ്രത്തിലേക്ക് ഒഴുക്കുന്നതെന്ന അധികൃതരുടെ വാദം ദുർബലമാക്കുന്നത് അതിന് ഉപയോഗിക്കുന്ന സംവിധാനത്തിലുള്ള വിശ്വാസക്കുറവു തന്നെയാണ്. ഫുകുഷിമയോടു ചേർന്ന ഭാഗത്തെ മൽസ്യം ഉപയോഗിക്കുന്നതിനുള്ള റേഡിയേഷൻ സുരക്ഷാ നിലവാരം കിലോയ്ക്ക് 100 ബെക്യൂറൽസ് ആണെന്നിരിക്കെ, ഇക്കഴിഞ്ഞ മേയ് മാസത്തിൽ ഇവിടെനിന്ന് പിടിച്ച് പരിശോധിച്ച മൽസ്യത്തിലെ അളവ് 18,000 ബെക്യൂറൽസ് ആയിരുന്നു. അതായത് ജപ്പാനിൽ അനുവദിച്ചിരിക്കുന്നതിലും 180 മടങ്ങ് അധികം!

∙ ജപ്പാനിലും എതിർപ്പ്

ഫുകുഷിമയിലെ ജലം തുറന്നുവിടുന്ന കാര്യത്തിൽ ജപ്പാനിൽനിന്നു തന്നെ കടുത്ത എതിർപ്പ് ഉയരുന്നുണ്ട്. രാജ്യത്തെ മത്സ്യബന്ധന തൊഴിലാളികളും കടൽവിഭവങ്ങളുമായി ബന്ധപ്പെട്ട് ഉപജീവനം കണ്ടെത്തുന്നവരുമാണ് എതിർപ്പുമായി രംഗത്തുള്ളത്. കടലിലേക്ക് ഈ ജലം ഒഴുക്കുന്ന സാഹചര്യമുണ്ടായാൽ, തങ്ങളുടെ ഉപജീവനം വഴിമുട്ടുമെന്ന ഭയമാണ് ആശങ്കയ്ക്ക് ആധാരം. പ്രത്യേകിച്ചും, ഇതുമായി ബന്ധപ്പെട്ട വാർത്തകൾ പ്രചരിക്കാൻ തുടങ്ങിയ ഘട്ടത്തിൽത്തന്നെ വിവിധ രാജ്യങ്ങൾ ഫുകുഷിമയോടു ചേർന്ന മേഖലകളിൽ നിന്നുള്ള ഭക്ഷ്യ വസ്തുക്കളുടെ ഇറക്കുമതിക്ക് നിയന്ത്രണം ഏർപ്പെടുത്തിക്കഴിഞ്ഞു.

ഫുകുഷിമയിലെ അണുവികിരണമുള്ള ജലം കടലിൽ ഒഴുക്കാനുള്ള ജപ്പാൻ സർക്കാരിന്റെ നീക്കത്തിനെതിരെ സോളിലെ ജപ്പാൻ എംബസിക്കു സമീപം പ്രതിഷേധിക്കുന്ന ദക്ഷിണ കൊറിയക്കാർ (ചിത്രം: Jung Yeon-je / AFP)
ഫുകുഷിമയിലെ അണുവികിരണമുള്ള ജലം കടലിൽ ഒഴുക്കാനുള്ള ജപ്പാൻ സർക്കാരിന്റെ നീക്കത്തിനെതിരെ സോളിലെ ജപ്പാൻ എംബസിക്കു സമീപം പ്രതിഷേധിക്കുന്ന ദക്ഷിണ കൊറിയക്കാർ (ചിത്രം: Jung Yeon-je / AFP)

ഫുകുഷിമ നിവാസികളുടെ കാര്യമാണ് കഷ്ടം. രാജ്യത്തിന് അകത്തും പുറത്തും കടുത്ത എതിർപ്പു നേരിടുന്ന ഒരു ആണവ നിലയം സ്ഥിതി ചെയ്യുന്നതിന്റെ പേരിൽ അവരുടെ സ്വാഭാവിക ജീവിതമാണ് തുടർച്ചയായി തടസപ്പെടുന്നത്. 2011 മാർച്ചിലെ ഭൂകമ്പത്തെയും സൂനാമിയെയും തുടർന്ന് ഫുകുഷിമ നിലയം തകരാറിലായിരുന്നു. നിലയത്തിന്റെ ആണവടാങ്കുകളിൽ വെള്ളം കയറി. ശക്തമായ അണുപ്രസരണമുണ്ടായി. ടാങ്കുകളിൽനിന്ന് അണുവികിരണമുള്ള ജലം ചോർന്നു. ഒരു ലക്ഷത്തോളം പേരെ മാറ്റി പാർപ്പിക്കേണ്ടി വരികയും ചെയ്തു. 1986ലെ ചെർണോബിൽ ദുരന്തത്തിനുശേഷമുണ്ടായ ഏറ്റവും തീവ്രമായ ആണവച്ചോർച്ചയാണു ഫുകുഷിമയിലുണ്ടായത്.

ഫുകുഷിമ ആണവ ദുരന്തത്തിനുശേഷം സമീപ നഗരങ്ങളിൽനിന്ന് ആളുകളെ ഒഴിപ്പിക്കുന്നതിനു നൽകിയ നിർദേശം, ജപ്പാൻ സർക്കാർ നാലു വർഷത്തിനു ശേഷമാണ് ഒരു നഗരത്തിന്റെ കാര്യത്തിൽ പിൻവലിച്ചത്. ഇവിടത്തെ ആണവ വികിരണത്തിന്റെ അളവ് അനുവദനീയമായ തോതിലേക്കു താണതിനെത്തുടർന്നായിരുന്നു ഇത്. ഫുകുഷിമ ആണവ റിയാക്ടറിന് ഏറ്റവും അടുത്തുള്ള നഗരമായ നരാഹ പട്ടണത്തിൽനിന്ന് ഒഴിഞ്ഞുപോയ ആളുകൾക്കാണ് മടങ്ങാൻ ആദ്യം അനുമതി ലഭിച്ചത്. 

∙ ‘സംശയിച്ച്’ അയൽക്കാർ

രാജ്യാന്തര ആണവോർജ ഏജൻസിയുടെ പിന്തുണയോടെ ഫുകുഷിമയിലെ ആണവ പ്ലാന്റ് രാജ്യാന്തര സുരക്ഷാ മാനദണ്ഡങ്ങൾ പാലിക്കുന്നുണ്ടെന്ന് ജപ്പാൻ ആണയിടുമ്പോഴും, അയൽരാജ്യങ്ങളും മറ്റ് ഏഷ്യൻ രാജ്യങ്ങളും ഇതിനെ സംശയത്തോടെയാണ് വീക്ഷിക്കുന്നത്. ജപ്പാനിലെ വിവിധ മേഖലകളിൽ നിന്നുള്ള സമുദ്രവിഭവങ്ങൾക്ക് ഈ രാജ്യങ്ങൾ കയറ്റുമതി നിരോധനം ഏർപ്പെടുത്തുന്നതും, ഫുകുഷിമ മേഖലയിൽ നിന്നുള്ള ഭക്ഷണ പദാർഥങ്ങൾക്ക് പ്രത്യേക ഭക്ഷ്യ സുരക്ഷാ പരിശോധനകൾ ഉറപ്പാക്കുന്നതും ഈ സംശയദൃഷ്ടിയുടെ ഉദാഹരണമാണ്.

അണുവികിരണമുള്ള ജലം കടലിലേക്ക് ഒഴുക്കാനുള്ള നീക്കത്തെ നഖശിഖാന്തം എതിർക്കുന്ന ഒരു രാജ്യം സ്വാഭാവികമായും ജപ്പാന്റെ അയൽക്കാരായ ചൈന തന്നെയാണ്. സമുദ്രത്തെ അവരുടെ ‘സ്വകാര്യ അഴുക്കുചാലാ’യാണ് ജപ്പാൻ കാണുന്നതെന്ന് ചൈന പരസ്യമായി വിമർശിച്ചിരുന്നു. ഇതുമായി ബന്ധപ്പെട്ട് രാജ്യാന്തര ആണവോർജ ഏജൻസി പുറത്തുവിട്ട റിപ്പോർട്ടിലെ പരാമർശങ്ങൾ ‘ഏകപക്ഷീയ’മാണെന്നും അവർ വിമർശിക്കുന്നു. ഫുകുഷിമയിലെ ജലം കടലിൽ ഒഴുക്കുന്നതിനു മുൻപ് പ്രദേശത്തെ രാജ്യങ്ങളുമായും രാജ്യാന്തര സംഘടനകളുമായും ജപ്പാൻ കരാറിലെത്തണമെന്ന നിർദ്ദേശവും ചൈന മുന്നോട്ടു വയ്ക്കുന്നു.

ഫുകുഷിമയിലെ അണുവികിരണമുള്ള ജലം കടലിൽ ഒഴുക്കാനുള്ള ജപ്പാൻ സർക്കാരിന്റെ നീക്കത്തിനെതിരെ സോളിലെ ജപ്പാൻ എംബസിക്കു സമീപം പ്രതിഷേധിക്കുന്ന ദക്ഷിണ കൊറിയക്കാർ (ചിത്രം: Jung Yeon-je / AFP)
ഫുകുഷിമയിലെ അണുവികിരണമുള്ള ജലം കടലിൽ ഒഴുക്കാനുള്ള ജപ്പാൻ സർക്കാരിന്റെ നീക്കത്തിനെതിരെ സോളിലെ ജപ്പാൻ എംബസിക്കു സമീപം പ്രതിഷേധിക്കുന്ന ദക്ഷിണ കൊറിയക്കാർ (ചിത്രം: Jung Yeon-je / AFP)

ജപ്പാനിൽ നിന്നുള്ള ഭക്ഷ്യ വസ്തുക്കളുടെ ഇറക്കുമതിയുമായി ബന്ധപ്പെട്ട് ഉപഭോക്താക്കളുടെ എല്ലാ ആശങ്കളും ദുരീകരിക്കുമെന്ന നിലപാടാണ് ചൈനയുടേത്. ഇതിന്റെ ഭാഗമായി ഫുകുഷിമ ഉൾപ്പെടെ 10 ജപ്പാൻ മേഖലകളിൽ നിന്നുള്ള ഭക്ഷ്യവസ്തുക്കളുടെ ഇറക്കുമതിക്ക് ചൈന അപ്രഖ്യാപിത നിയന്ത്രണം ഏർപ്പെടുത്തിയതായാണ് റിപ്പോർട്ട്.

ചൈനയുടെ അതേ പാതയിലാണ് ഹോങ്കോങ്ങും. ജപ്പാനിൽ നിന്നുള്ള ഭക്ഷ്യ ഉൽപന്നങ്ങൾക്ക് നിയന്ത്രണം ഏർപ്പെടുത്തുമെന്നാണ് ഹോങ്കോങ് ചീഫ് എക്സിക്യുട്ടിവ് ജോൺ ലീയുടെ നിലപാട്. ഹോങ്കോങ്ങിലെ പല റസ്റ്ററന്റുകളിലും മെനു കാർഡിൽനിന്ന് ജപ്പാൻ കടൽ വിഭങ്ങൾ അപ്രത്യക്ഷമായെന്ന് റിപ്പോർട്ടുകൾ ചൂണ്ടിക്കാട്ടുന്നു.

ദക്ഷിണ കൊറിയയിൽ ഭരണകൂടം പദ്ധതിയെ എതിർക്കുന്നില്ലെങ്കിലും, പ്രതിപക്ഷവും ജനങ്ങളും ജപ്പാന്റെ നീക്കത്തിൽ കടുത്ത പ്രതിഷേധത്തിലാണ്. അടുത്തിടെ നടത്തിയ ഒരു ഹിതപരിശോധനയിൽ, 80 ശതമാനം ജനങ്ങളും ഇതിൽ ആശങ്കയുണ്ടെന്നാണ് അഭിപ്രായപ്പെട്ടത്.

അണുവികിരണവുമായി ബന്ധപ്പെട്ട ഭീതിയുടെ പശ്ചാത്തലത്തിൽ, ദക്ഷിണ കൊറിയയിലെ ഒരു കമ്പനി അവരുടെ ഉൽപന്നങ്ങൾ പ്രത്യേകം പരിശോധനയ്ക്ക് വിധേയമാക്കിയിരുന്നു. ജപ്പാൻ മലിനജലം കടലിൽ ഒഴുക്കിയാലും അത് തങ്ങളുടെ ഭാഗത്തുള്ള സമുദ്രജലത്തെ ബാധിക്കാൻ ഇടയില്ലെന്ന ദക്ഷിണ കൊറിയൻ ഭരണകൂടത്തിന്റെ കണ്ടെത്തലിനു പുറമേയായിരുന്നു കമ്പനിയുടെ പ്രത്യേക പരിശോധന.

∙ എതിർത്ത് മനുഷ്യാവകാശ, പരിസ്ഥിതി പ്രവർത്തകർ

ഫുകുഷിമയിലെ ജലം കടലിലേക്ക് ഒഴുക്കാനുള്ള നടപടിയെക്കുറിച്ച് പഠിക്കാൻ യുഎൻ തന്നെ നിയോഗിച്ച മനുഷ്യാവകാശ സമിതിയും അതിനെ എതിർക്കുകയാണ് ചെയ്തത്. പരിസ്ഥിതി വാദികളും സ്വാഭാവികമായും എതിർപ്പുമായി രംഗത്തുണ്ട്. അണുവികിരണമുള്ള ജലം ശുദ്ധീകരിക്കുന്നുവെന്ന് അവകാശപ്പെടുന്ന സംവിധാനം പിഴവറ്റതല്ലെന്ന നിലപാടാണ് ഇവർക്കുള്ളത്.

ഫുകുഷിമയിലെ അണുവികിരണമുള്ള ജലം കടലിൽ ഒഴുക്കാനുള്ള ജപ്പാൻ സർക്കാരിന്റെ നീക്കത്തിനെതിരെ ടോക്കിയോയിലെ വിദേശകാര്യ മന്ത്രാലയത്തിനു മുന്നിൽ പ്രതിഷേധിക്കുന്ന ദക്ഷിണ കൊറിയൻ ആക്ടിവിസ്റ്റുകൾ ഉൾപ്പെടെയുള്ളവർ. (ചിത്രം: Richard A. Brooks / AFP)
ഫുകുഷിമയിലെ അണുവികിരണമുള്ള ജലം കടലിൽ ഒഴുക്കാനുള്ള ജപ്പാൻ സർക്കാരിന്റെ നീക്കത്തിനെതിരെ ടോക്കിയോയിലെ വിദേശകാര്യ മന്ത്രാലയത്തിനു മുന്നിൽ പ്രതിഷേധിക്കുന്ന ദക്ഷിണ കൊറിയൻ ആക്ടിവിസ്റ്റുകൾ ഉൾപ്പെടെയുള്ളവർ. (ചിത്രം: Richard A. Brooks / AFP)

തൽക്കാലത്തേക്കെങ്കിലും ജപ്പാൻ ജലം കടലിലൊഴുക്കാനുള്ള പദ്ധതി നീട്ടിവയ്ക്കണമെന്ന വികാരമാണ് വിമർശകർ പങ്കിടുന്നത്. ഈ സമയം കൊണ്ട് ജലം ശുദ്ധീകരിക്കാനുള്ള കൂടുതൽ മികച്ച സാങ്കേതിക വിദ്യകൾ ലഭ്യമാകുമെന്നാണ് ഇവരുടെ വാദം. ജലമൊഴുക്കുന്നത് സമുദ്രത്തിന്റെ സ്വാഭാവിക ഘടനയെയും അവിടുത്തെ പരിസ്ഥിതിയെയും എങ്ങനെ ബാധിക്കുമെന്ന കാര്യത്തിൽ വിശദമായ പഠനം വേണമെന്ന് ആവശ്യപ്പെടുന്ന വിദഗ്ധരുമുണ്ട്.

∙ ‘മാനവരാശിയെ അപകടത്തിലാക്കുന്നു’

‘12 വർഷത്തിനു ശേഷം, ആണവ മലിനീകരണത്തിന്റെ അപകടസാധ്യത മുഴുവൻ മനുഷ്യരാശിക്കും ബാധകമാക്കാൻ ജപ്പാൻ തീരുമാനിച്ചിരിക്കുന്നു’ എന്ന ചൈനീസ് വിദേശകാര്യ വക്താവ് വാങ് വെൻബിന്റെ വിലയിരുത്തലിന് ഗൗരവ സ്വഭാവം വരുന്നത് ഈ ഘട്ടത്തിലാണ്. ജപ്പാൻ ഭരണകൂടത്തിന്റെ സമ്മർദ്ദത്തിനു വഴങ്ങിയാണ് രാജ്യാന്തര ആണവോർജ ഏജൻസി (ഐഎഇഎ), ആണവവികിരണമുള്ള ജലം കടലിലൊഴുക്കാൻ അനുമതി നൽകിയതെന്ന് സംശയിക്കുന്നവരുമുണ്ട്. ഇക്കാര്യത്തിൽ രാഷ്ട്രീയ, സാമ്പത്തിക, നയതന്ത്ര തലങ്ങളിൽ രഹസ്യ സമ്മർദ്ദം ഉണ്ടായിരുന്നിരിക്കാം എന്നാണ് ആരോപണം.

കാര്യമായ പണച്ചെലവില്ലാത്ത പരിപാടിയെന്ന നിലയിലാണ് ജപ്പാൻ ആണവ നിലയത്തിൽ നിന്നുള്ള മലിനജലം കടലിലൊഴുക്കുന്നതെന്ന് ആരോപിക്കുന്നവരുമുണ്ട്. മറ്റു മാർഗങ്ങൾ അവലംബിച്ചാൽ അതിന്റെ പേരിലുണ്ടാകുന്ന ഭാരിച്ച സാമ്പത്തികച്ചെലവാണ്, മനുഷ്യരാശിക്കു മുഴുവനായും അപകടം വരുത്തുന്ന ഇത്തരമൊരു ‘കുറുക്കുവഴി’ തിരഞ്ഞെടുക്കാൻ ജപ്പാനെ പ്രേരിപ്പിച്ചതെന്നാണ് സംസാരം.

∙ ‘സ്വതന്ത്ര’ നിരീക്ഷണം വേണം

അണുവികിരണമുള്ള വെള്ളം തുറന്നുവിടുന്നതിന്റെ ദൂരവ്യാപകമായ ഫലങ്ങൾ പ്രവചിക്കാനാകില്ലെന്ന് ചൂണ്ടിക്കാട്ടുന്ന ശാസ്ത്രജ്ഞരുമുണ്ട്. അതിനാൽ ജലം കടലിലേക്ക് തുറന്നുവിടുന്നത് നീട്ടി വയ്ക്കണമെന്നാണ് ഇവരുടെ ആവശ്യം. ജപ്പാൻ ഉദ്ദേശിക്കുന്ന നടപടി സുരക്ഷിതമാണെങ്കിലും, കുറച്ചുകൂടി സുതാര്യത ആവശ്യമാണെന്ന് മറ്റൊരു വിഭാഗം ചൂണ്ടിക്കാട്ടുന്നു. ഇതിന്റെ ഭാഗമായി സ്വതന്ത്രരായ വിദഗ്ധരുടെ പാനൽ രൂപീകരിച്ച് ജലം പരിശോധിക്കാനും അതു തുറന്നുവിടുന്നതിന്റെ നടപടിക്രമങ്ങൾ നിരീക്ഷിക്കാനും സംവിധാനമൊരുക്കണമെന്നും ആവശ്യം ഉയരുന്നുണ്ട്.

ഫുകുഷിമയിലെ അണുവികിരണമുള്ള ജലവുമായി ബന്ധപ്പെട്ട പ്രശ്നം പരിഹരിക്കുന്നതിനുള്ള നിർദ്ദേശങ്ങൾ അടങ്ങിയ പട്ടിക, ദക്ഷിണ കൊറിയയിലെ പ്രധാന പ്രതിപക്ഷ പാർട്ടിയായ ഡെമോക്രാറ്റിക് പാർട്ടിയുടെ പ്രതിനിധി വൂ വോൻ–ഷിക് (ഇടത്) ഐഎഇഎ ഡയറക്ടർ ജനറൽ റാഫേൽ ഗ്രോസിക്ക് (വലത്) കൈമാറുന്നു. (ചിത്രം: Jung Yeon-je / AFP)
ഫുകുഷിമയിലെ അണുവികിരണമുള്ള ജലവുമായി ബന്ധപ്പെട്ട പ്രശ്നം പരിഹരിക്കുന്നതിനുള്ള നിർദ്ദേശങ്ങൾ അടങ്ങിയ പട്ടിക, ദക്ഷിണ കൊറിയയിലെ പ്രധാന പ്രതിപക്ഷ പാർട്ടിയായ ഡെമോക്രാറ്റിക് പാർട്ടിയുടെ പ്രതിനിധി വൂ വോൻ–ഷിക് (ഇടത്) ഐഎഇഎ ഡയറക്ടർ ജനറൽ റാഫേൽ ഗ്രോസിക്ക് (വലത്) കൈമാറുന്നു. (ചിത്രം: Jung Yeon-je / AFP)

പസിഫിക് സമുദ്രത്തിലെ ചില ദ്വീപുകൾക്ക് ഇതുമായി ബന്ധപ്പെട്ട് ഇതുവരെ അറിയിപ്പ് നൽകിയിട്ടില്ലെന്ന പരാതിയും വ്യാപകമാണ്. മത്സ്യബന്ധനവുമായി ബന്ധപ്പെട്ട് ഉപജീവനം കണ്ടെത്തുന്ന ഈ ദ്വീപുകളിലെ ജനങ്ങളും, അണുവികിരണമുള്ള ജലം പസിഫിക് സമുദ്രത്തിലേക്കു തുറന്നു വിടുന്നതിൽ ആശങ്കാകുലരാണ്.

പസിഫിക് സമുദ്രത്തിലെ ദ്വീപുകളുടെ സംഘടനയായ ‘ദ് പസിഫിക് ഐലൻഡ്സ് ഫോറവും (പിഐഎഫ്) ഇക്കാര്യത്തിൽ ആശങ്ക അറിയിച്ച് രംഗത്തുണ്ട്. ഇതുമായി ബന്ധപ്പെട്ട രാജ്യാന്തര നിയമങ്ങളിലേക്ക് ശ്രദ്ധ ക്ഷണിച്ച് പിഐഎഫ് കഴിഞ്ഞ മാസം പ്രസ്താവനയും പുറത്തിറക്കിയിരുന്നു. ജലം തുറന്നുവിടുന്നതിനോട് ആദ്യം അനുകൂലമായി പ്രതികരിച്ചിരുന്ന പാപുവ ന്യൂഗിനി പ്രധാനമന്ത്രി ജയിംസ് മറാപെയും പിന്നീട് നിലപാട് മാറ്റിയിരുന്നു. ഇക്കാര്യം അദ്ദേഹം പാർലമെന്റിലും അറിയിച്ചു.

∙ ഇനി?

ഫുകുഷിമ ജലം കടലിൽ ഒഴുക്കാനുള്ള നീക്കത്തിനെതിരെ പ്രതിഷേധം ശക്തമാകുമ്പോഴും, ശാസ്ത്രീയ വശങ്ങൾ ചൂണ്ടിക്കാട്ടി അപകടമില്ലെന്ന് ആണയിടുകയാണ് ജപ്പാൻ അധികൃതർ. 2011 മുതൽ ആയിരത്തോളം ടാങ്കുകളിലായി ഇങ്ങനെ സൂക്ഷിച്ചിരിക്കുന്ന ജലം സൃഷ്ടിക്കുന്ന അപകട ഭീഷണി ചെറുതല്ലെന്ന് അവർ ചൂണ്ടിക്കാട്ടുന്നു. ഇത് ശുദ്ധീകരിച്ച് അപകടമൊഴിവാക്കി തീരെ ചെറിയ അളവിലാണ് കടലിലൊഴുക്കുന്നതെന്നും അവർ വാദിക്കുന്നു. ഇതിനെതിരെ ജപ്പാനിൽനിന്നു തന്നെ ഉയരുന്ന പ്രതിഷേധവും കാണാതിരിക്കാനാകില്ല. ‘കച്ചവടം പൂട്ടുമെന്ന്’ ഉറപ്പുള്ള മത്സ്യബന്ധന, കടൽവിഭവ മേഖലകളിൽ നിന്നാണ് എതിർപ്പ്.

മനുഷ്യാവകാശ സംഘടനകളും പരിസ്ഥിതി സംഘടനകളും എതിർപ്പുമായി രംഗത്തുണ്ട്. ചൈന ഉൾപ്പെടെയുള്ള അയൽരാജ്യങ്ങളും പസിഫിസ് സമുദ്രത്തിലെ ദ്വീപുകളുമാണ് എതിർപ്പുള്ള മറ്റൊരു കൂട്ടർ. വിമർശനവും പ്രതിഷേധവും കടുക്കുമ്പോഴും, ഫുകുഷിമയിലെ ജലം കടലിൽ ഒഴുക്കാനുള്ള നടപടികളുമായി മുന്നോട്ടു പോവുകയാണ് ജപ്പാനിലെ ഭരണകൂടം.

English Summary: Japan will soon release Fukushima radioactive water into the ocean

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com