നിത്യ കുടുംബകഥ പറയുന്ന സീരിയലിലെ താരം; വീട്ടിൽ മീനുമായി വന്ന ബിനുവുമൊത്ത് ഹണി ട്രാപ്പ്

Mail This Article
പരവൂർ (കൊല്ലം) ∙ വയോധികനെ ഹണി ട്രാപ്പിൽ കുടുക്കി 11 ലക്ഷം രൂപ തട്ടിയെടുത്ത കേസിൽ പരവൂർ പൊലീസ് അറസ്റ്റ് ചെയ്ത സീരിയിൽ നടി പത്തനംതിട്ട മലയാലപ്പുഴ അമൃതയിൽ നിത്യ ശശി (41) സീരിയിൽ അഭിനയ രംഗത്ത് എത്തുന്നത് ആറു മാസം മുൻപ്. കുടുംബ കഥ പറയുന്ന സീരിയലിലെ അഭിനേത്രിയാണ്. നിത്യയ്‌ക്കൊപ്പം പിടിയിലായ സുഹൃത്ത് പരവൂർ കലയ്ക്കോട് ശിവ നന്ദനത്തിൽ ബിനു (48) ജില്ലാ അതിർത്തിയിൽ ഊന്നിൻമൂട്ടിൽ ഫിഷ് സ്റ്റാൾ നടത്തുന്നു. സമീപ സ്ഥലത്ത് താമസിക്കുന്ന നിത്യയുടെ വീട്ടിൽ മത്സ്യവുമായി എത്തിയുള്ള പരിചയമാണ് ഹണിട്രാപ്പിൽ എത്തുന്നതെന്നു പൊലീസ് പറഞ്ഞു.
തിരുവനന്തപുരം പട്ടത്ത് താമസിക്കുന്ന കൊല്ലം പരവൂർ സ്വദേശിയായ എഴുപത്തിനാലുകാരനാണ് ഇവരെ കുരുക്കിയ ഹണിട്രാപ്പിലെ പരാതിക്കാരൻ. ഇദ്ദേഹത്തിന്റെ ഭാര്യ മരിച്ചു. മക്കളില്ല. തിരുവനന്തപുരം പട്ടത്താണ് താമസം. പരവൂർ കലയ്ക്കോട്ടുള്ള വീട് അടച്ചിട്ടിരിക്കുകയാണ്. വല്ലപ്പോഴുമാണ് ഇവിടെ എത്തുന്നത്. പ്രതികൾ സമാന രീതിയിൽ തട്ടിപ്പു നടത്തിയിട്ടുണ്ടോയെന്ന് അന്വേഷിക്കുമെന്നു പൊലീസ് പറഞ്ഞു. നിത്യ നേരത്തേ സർക്കാർ സ്ഥാപനമായ കാപ്പെക്സിൽ ലീഗൽ അസിസ്റ്റന്റായി കരാർ അടിസ്ഥാനത്തിൽ ജോലി ചെയ്തിരുന്നു.
സംഭവത്തെക്കുറിച്ച് പൊലീസ് പറയുന്നത്:
വയോധികന്റെ കലയ്ക്കോട്ടുള്ള വീട് വിൽക്കാനുണ്ടെന്നറിഞ്ഞാണ് സീരിയൽ നടിയും നിയമ ബിരുദധാരിയുമായ നിത്യ ബന്ധം സ്ഥാപിച്ചത്. കഴിഞ്ഞ മേയ് അവസാന ആഴ്ചയാണ് തട്ടിപ്പിനു തുടക്കം കുറിക്കുന്നത്. വീട് കാണുന്നതിനായി നിത്യ കലയ്ക്കോട് എത്തി. തുടരെയുള്ള ഫോൺ സംഭാഷണത്തിലൂടെ സൗഹൃദം ഉറപ്പിച്ച ശേഷം നിത്യ വീണ്ടും വീട്ടിൽ എത്തി. അവിടെ വച്ചു വയോധികനെ ഭീഷണിപ്പെടുത്തി വസ്ത്രങ്ങൾ അഴിച്ചു മാറ്റി. ഇതിനു പിന്നാലെ വയോധികന്റെ ബന്ധുവും നിത്യയുടെ സുഹൃത്തുമായ ബിനു വീട്ടിനുള്ളിൽ പ്രവേശിച്ചു നഗ്നചിത്രങ്ങൾ വിഡിയോയിൽ പകർത്തി.
പിന്നീട് സമൂഹമാധ്യമങ്ങളിലൂടെ ചിത്രം പ്രചരിപ്പിക്കുമെന്നു ഭീഷണിപ്പെടുത്തി പണം ആവശ്യപ്പെട്ടു. ഭീഷണി രൂക്ഷമായതോടെ ആദ്യം 6 ലക്ഷം രൂപ നൽകി. ഭീഷണി തുടർന്നപ്പോൾ 5 ലക്ഷം രൂപ കൂടി കൈമാറി. എന്നാൽ 25 ലക്ഷം രൂപ വേണമെന്ന് ആവശ്യപ്പെട്ടു പ്രതികൾ ഭീഷണി തുടർന്നതോടെ കഴിഞ്ഞ 18നു പരവൂർ പൊലീസിൽ പരാതി നൽകി.
പൊലീസിന്റെ നിർദേശപ്രകാരം ബാക്കി പണം നൽകാമെന്നു പറഞ്ഞ് പട്ടത്തെ ഫ്ലാറ്റിലേക്കു വിളിച്ചു വരുത്തിയ പ്രതികളെ പരവൂർ ഇൻസ്പെക്ടർ എ.നിസാറിന്റെ നേതൃത്വത്തിലുള്ള പൊലീസ് സംഘം അറസ്റ്റ് ചെയ്യുകയായിരുന്നു.
കോടതിയിൽ ഹാജരാക്കിയ പ്രതികളെ റിമാൻഡ് ചെയ്തു. എസ്ഐ നിതിൻ നളൻ, സീനിയർ സിവിൽ പൊലീസ് ഓഫിസർമാരായ വിജയകുമാർ, പ്രദീപ്, വനിത സിവിൽ പൊലീസ് ഓഫിസർ ഷീജ എന്നിവരും അന്വേഷണ സംഘത്തിലുണ്ടായിരുന്നു.
English Summary: Serial actress honeytrap case- updates