ADVERTISEMENT

മുംബൈ∙ പ്രശസ്ത കലാസംവിധായകൻ നിതിൻ ചന്ദ്രകാന്ത് ദേശായ് അന്തരിച്ചു. 58 വയസ്സായിരുന്നു. മഹാരാഷ്ട്രയിലെ റെയ്ഗാഡ് ജില്ലയിലെ സ്വന്തം സ്റ്റുഡിയോയിൽ തൂങ്ങിമരിച്ച നിലയിലാണു നിതിൻ ചന്ദ്രകാന്ത് ദേശായിയെ കണ്ടെത്തിയത്. ആത്മഹത്യയാണെന്ന നിഗമനത്തിലാണ് പൊലീസ്. 252 കോടി രൂപയുടെ വായ്പാ തിരിച്ചടവുണ്ടായിരുന്നതായി ദേശീയമാധ്യമങ്ങൾ റിപ്പോര്‍ട്ട് ചെയ്തു.

നിതിൻ ദേശായിയുടെ കമ്പനി, എൻഡിസ് ആർട്ട് വേൾഡ് പ്രൈവറ്റ് ലിമിറ്റഡ് 2016ലും 2018ലും ഇസിഎൽ ഫിനാൻസിൽനിന്ന് രണ്ടു വായ്പകളിലായി 185 കോടി രൂപ കടം എടുത്തിട്ടുണ്ട്. 2020 ജനുവരിയോടെയാണ് സാമ്പത്തിക പ്രശ്നങ്ങൾ തുടങ്ങിയത്. വിവിധ ഹോട്ടലുകൾ, തീം റസ്റ്ററന്റുകൾ, ഷോപ്പിങ് മാളുകൾ, റിക്രിയേഷൻ സെന്ററുകൾ തുടങ്ങിയവയ്ക്കുള്ള സൗകര്യങ്ങൾ ചെയ്തു നൽകലാണ് എൻഡിസ് ആർട്ട് വേൾഡിന്റെ ജോലി. ചരിത്രസ്മാരകങ്ങളുടെ പകർപ്പുകൾ നിർമിക്കുകയും അവ പരിപാലിക്കുകയും ചെയ്തിരുന്നു.

∙ 4 ദേശീയ അവാർഡുകൾ

നിരവധി ഹിന്ദി, മറാഠി ചിത്രങ്ങളിൽ പ്രവർത്തിച്ചിട്ടുണ്ട്. തമാസ് (1987) എന്ന ടെലിവിഷൻ ചിത്രത്തിന്റെ അസിസ്റ്റന്‍ഡ് കലാസംവിധായകനായാണു തന്റെ കരിയർ നിതിൻ ചന്ദ്രകാന്ത് തുടങ്ങുന്നത്. ഹം ദിൽ ദേ ചുകേ സനം (1999) എന്ന ചിത്രത്തിന്റെ കലാസംവിധാനത്തിലൂടെ ബോളിവുഡിൽ അരങ്ങേറി. ലഗാൻ, ദേവദാസ്, സ്വദേശ്, ജോധാ അക്ബർ, പ്രേം രതൻ ധാൻ പയോ എന്നിവയാണു ശ്രദ്ധനേടിയ ബോളിവുഡ് ചിത്രങ്ങൾ. ജോധാ അക്ബർ പോലുള്ള ചിത്രങ്ങൾ ചിത്രീകരിച്ചത് നിതിൻ ദേശായിയുടെ സ്റ്റുഡിയോയിലായിരുന്നു.

മികച്ച കലാസംവിധാനത്തിനു നാല് ദേശീയ ചലച്ചിത്ര അവാർഡുകളും മൂന്നു ഫിലിംഫെയർ അവാർഡുകളും ലഭിച്ചിട്ടുണ്ട്. 2016ൽ പത്മശ്രീ നൽകി രാജ്യം ആദരിച്ചു. 1965 ജനുവരി 25നു മഹാരാഷ്ട്രയിലെ ദാപോലിലാണു ജനനം.

English Summary: Art Director Nitin Desai died in his studio in Maharashtra

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com