ADVERTISEMENT

ന്യൂഡൽഹി∙ സമൂഹമാധ്യമങ്ങൾ മുതൽ ബാങ്കുകൾ വരെ നമ്മളിൽ നിന്ന് ശേഖരിക്കുന്ന വ്യക്തിഗത വിവരങ്ങൾ എന്തിന് ഉപയോഗിക്കുന്നുവെന്ന് ഇനി നമ്മളെ രേഖാമൂലം അറിയിക്കേണ്ടി വരും. ഇതടക്കമുള്ള വ്യവസ്ഥകളുള്ള ഡിജിറ്റൽ വ്യക്തിവിവരസുരക്ഷാ ബിൽ (ഡിപിഡിപി ബിൽ) കേന്ദ്രമന്ത്രി അശ്വിനി വൈഷ്ണവ് ലോക്സഭയിൽ അവതരിപ്പിച്ചു. പൗരന്മാരുടെ ഡേറ്റ ദുരുപയോഗിക്കുന്നതിൽ നിന്ന് ഇന്റർനെറ്റ് പ്ലാറ്റ്ഫോമുകളെ വിലക്കുന്നതാണ് ബിൽ എന്ന് കേന്ദ്ര ഐടി സഹമന്ത്രി രാജീവ് ചന്ദ്രശേഖർ പറഞ്ഞു.

ബില്ലിലെ മിക്ക വ്യവസ്ഥകളിൽ നിന്നും സർക്കാർ സ്ഥാപങ്ങൾക്ക് ഇളവ് നൽകാമെന്നു വ്യവസ്ഥയുള്ളതിനാൽ ഇവയിൽ ഭൂരിഭാഗവും സ്വകാര്യ സ്ഥാപനങ്ങൾക്കും വ്യക്തികൾക്കും മാത്രമേ ഫലത്തിൽ ബാധകമാവൂ. ഓൺലൈനായി ശേഖരിക്കുന്ന വിവരങ്ങളും ഓഫ്‍ലൈനായി സ്വീകരിച്ച് പിന്നീട് ‍ഡിജിറ്റൈസ് ചെയ്യപ്പെടുന്നതുമായി വിവരങ്ങൾ ബില്ലിന്റെ പരിധിയിൽ വരും. ഇന്ത്യൻ പൗരന്റെ വിവരം മറ്റു രാജ്യങ്ങളിൽ ഉപയോഗിക്കപ്പെട്ടാലും അത് ഈ ബില്ലിന്റെ പരിധിയിൽ വരും.

നമ്മുടെ ഡേറ്റ ഒരു സ്ഥാപനം എന്തിനൊക്കെ ഉപയോഗിച്ചുവെന്ന് അറിയാൻ നമുക്ക് അവകാശം നൽകുന്ന വ്യവസ്ഥയുമുണ്ട്.
ബിൽ നിയമമാകുന്നതിനു മുൻപ് സ്വകാര്യ സ്ഥാപനങ്ങൾക്കും സൈറ്റുകൾക്കും വ്യക്തികൾ നൽകിയ വ്യക്തിവിവരങ്ങൾ എന്തൊക്കെയെന്നും, അന്തെന്തിനൊക്കെ ഉപയോഗിച്ചുവെന്നും കമ്പനികൾ ഇമെയിൽ വഴിയോ ആപ് വഴിയോ വ്യക്തികളെ അറിയിക്കണം. വിവരങ്ങൾ പിൻവലിക്കാനുള്ള നടപടിക്രമങ്ങൾ, പരാതിപരിഹാര സംവിധാനം തുടങ്ങിയവയും അറിയിക്കണം.

വ്യവസ്ഥകളിൽ ചിലത്

∙ വിവരാവകാശ അപേക്ഷയ്ക്ക് പൊതുതാൽപര്യമുണ്ടെങ്കിൽ പോലും ഇനി ആരുടെയും വ്യക്തിവിവരങ്ങൾ മറുപടിയായി ലഭിക്കില്ല. വിവരാവകാശ നിയമത്തിലെ 8–ാം വകുപ്പ് ഭേദഗതി ചെയ്യും.

∙ ഒരു വ്യക്തി ഡേറ്റ നൽകിയ സ്വകാര്യസ്ഥാപനത്തിൽ നിന്ന് അതു സംബന്ധിച്ച വിവരങ്ങൾ തേടാൻ അവകാശമുണ്ടാകും. ഡേറ്റ ആരുമായൊക്കെ പങ്കുവച്ചു, എന്തൊക്കെ പങ്കുവച്ചു, എന്തിനൊക്കെ ഉപയോഗിച്ചു എന്നതടക്കം ചോദിക്കാം.

∙ വിവരസുരക്ഷാ നിയമം നടപ്പാക്കുന്നതിനായി ഡേറ്റ പ്രൊട്ടക‍്ഷൻ അതോറിറ്റി നിലവിൽ വരും. അപ്പീലുകൾ ടെലികോം തകർക്കപരിഹാര അപ്‍ലറ്റ് ട്രൈബ്യൂണലുകൾ പരിഗണിക്കും.
∙ വ്യക്തികളിൽ നിന്ന് വിവരം ശേഖരിക്കുമ്പോൾ ഓരോന്നിന്റെയും ഉദ്ദേശം ലളിതവും കൃത്യവുമായി ഉപയോക്താവിന് അറിയിച്ച് അനുമതി വാങ്ങണം. ഡേറ്റ എന്തിന് ഉപയോഗിക്കും, അനുമതി പിൻവലിക്കാനുള്ള നടപടി തുടങ്ങിയവയും അറിയിക്കണം. വ്യക്തികൾക്ക് എപ്പോൾ വേണമെങ്കിലും അനുമതി റദ്ദാക്കാം.
∙ നിശ്ചിത കാര്യത്തിന് ആവശ്യമില്ലാത്ത വിവരങ്ങൾ തേടുന്നത് അനുവദിക്കില്ല. ഉദാഹരണത്തിന് ആശുപത്രിയിലെ ടെലികൺസൾട്ടേഷന് ഫോണിലെ കോണ്ടാക്റ്റ് ലിസ്റ്റ് ആവശ്യപ്പെടുന്നത് അസാധുവായിരിക്കും.
∙ വിവരച്ചോർച്ചയുണ്ടായാൽ സ്ഥാപനങ്ങൾ അത് ബാധിക്കപ്പെട്ട വ്യക്തിയെയും ഡേറ്റ പ്രൊട്ടക്ഷൻ ബോർഡിനെയും അറിയിക്കണം. വീഴ്ചയുണ്ടായാൽ‌ 200 കോടി രൂപ വരെ പിഴ.
∙ നിശ്ചിത ആവശ്യം കഴിയുകയോ വ്യക്തികൾ ആവശ്യപ്പെടുകയോ ചെയ്താൽ സ്ഥാപനങ്ങൾ വ്യക്തിവിവരങ്ങൾ മായിച്ചുകളയണം. മറ്റേതെങ്കിലും ഏജൻസികൾക്ക് വിവരം കൈമാറിയിട്ടുണ്ടെങ്കിൽ അവിടെ നിന്നും നീക്കണം.
∙ 18 വയസ്സിനു താഴെയുള്ളവരുടെ വ്യക്തിവിവരങ്ങൾ ഓൺലൈനായി കൈകാര്യം ചെയ്യുന്നതിന് മാതാപിതാക്കളുടെയോ രക്ഷിതാക്കളുടെയോ 'സമ്മതം' വേണമെന്ന കരടുബില്ലിലെ വ്യവസ്ഥയിൽ ഇളവ്. സർക്കാർ നിശ്ചിത സാഹചര്യങ്ങളിൽ ഈ വ്യവസ്ഥ ഒഴിവാക്കാം. സുരക്ഷിതമായി ഡേറ്റ കൈകാര്യം ചെയ്യുന്ന സ്ഥാപനങ്ങൾക്ക് പ്രായപരിധിയിൽ ഇളവുണ്ടാകും.
∙ നൽകിയ വിവരങ്ങളിൽ തെറ്റുണ്ടെങ്കിൽ അവ തിരുത്താനും മാറ്റം വരുത്താനും അവകാശം. മരണത്തിനു ശേഷം നമ്മുടെ ഡേറ്റയുടെ അവകാശം ആർക്കെന്ന് (നോമിനി) നിശ്ചയിക്കാൻ നമുക്ക് അവകാശം.
∙ കമ്പനികൾക്ക് ഡേറ്റ കൈമാറാൻ അനുമതിയില്ലാത്ത രാജ്യങ്ങൾ സർക്കാർ വിജ്ഞാപനം ചെയ്യും. അനുമതിയുള്ള രാജ്യങ്ങൾ വിജ്ഞാപനം ചെയ്യുമെന്നായിരുന്നു കരടുബില്ലിൽ.

വാർഷികത്തിൽ പുതിയ ബിൽ

വിവരസുരക്ഷാ ബില്ലിന്റെ ആദ്യരൂപം പിൻവലിച്ച് കൃത്യം ഒരു വർഷം തികയുന്ന ഇന്നാണ് പുതിയ പതിപ്പ് പാർലമെന്റിൽ അവതരിപ്പിച്ചത്. കഴിഞ്ഞ ഓഗസ്റ്റ് മൂന്നിനാണ് ഏറെ ചർച്ചകൾക്ക് വഴിവച്ച വ്യക്തിവിവര സുരക്ഷാ ബിൽ (പേഴ്സനൽ ഡേറ്റ പ്രൊട്ടക്ഷൻ ബിൽ) കേന്ദ്രസർക്കാർ പിൻവലിച്ചത്. ആദ്യ ബിൽ പരിഗണിച്ച സംയുക്ത പാർലമെന്ററി സമിതി 81 ഭേദഗതികളും സമഗ്രമായ നിയമനിർമാണത്തിന് 12 ശുപാർശകളും മുന്നോട്ടുവച്ചിരുന്നു. ഇത് കണക്കിലെടുത്താണ് അന്ന് ബിൽ പിൻവലിച്ചത്.

English Sumary: The Digital Personal Data Protection Bill in Lok Sabha

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com