‘ആത്മാഭിമാനം പണയപ്പെടുത്താനാകില്ല’: കോടതിമുറിയിൽ നാടകീയമായി രാജി പ്രഖ്യാപിച്ച് ഹൈക്കോടതി ജഡ്ജി

Mail This Article
മുംൈബ∙ ആത്മാഭിമാനം പണയം വയ്ക്കാനാകില്ലെന്ന പ്രഖ്യാപനത്തോടെ കോടതി മുറിക്കുള്ളിൽവച്ച് നാടകീയമായി രാജി പ്രഖ്യാപിച്ച് ജഡ്ജി. ബോംബെ ഹൈക്കോടതിയുടെ നാഗ്പുർ ബെഞ്ചിലെ ജഡ്ജി ജസ്റ്റിസ് രോഹിത് ദേവാണ്, നാടകീയമായി രാജി പ്രഖ്യാപിച്ചത്. 2017 ൽ ഹൈക്കോടതി ജഡ്ജിയായി നിയമിതനായ രോഹിത് ദേവിന് 2025 ഡിസംബർ വരെ കാലാവധിയുണ്ടായിരുന്നു. മഹാരാഷ്ട്ര മുൻ അഡ്വക്കറ്റ് ജനറലുമാണ്.
‘‘കോടതിക്കുള്ളിലുള്ള എല്ലാവരോടും ഞാൻ ക്ഷമ ചോദിക്കുന്നു. നിങ്ങൾ നന്നാകണമെന്നുള്ള ആഗ്രഹത്തോടെയാണ് ഞാൻ ഇതുവരെ ശകാരിച്ചിട്ടുള്ളതും വഴക്കു പറഞ്ഞതും. നിങ്ങളെ മുറിപ്പെടുത്തണമെന്ന് എനിക്ക് ആഗ്രഹമില്ല. കാരണം, നിങ്ങളെല്ലാം എനിക്ക് സ്വന്തം കുടുംബാംഗങ്ങളെപ്പോലെയാണ്. ഞാൻ ജഡ്ജി സ്ഥാനം രാജിവച്ച കാര്യം നിങ്ങളെ അറിയിക്കുന്നു. ആത്മാഭിമാനം പണയപ്പെടുത്തി ജോലി ചെയ്യാൻ എനിക്കാകില്ല. നിങ്ങൾ തീർച്ചയായും കഠിനാധ്വാനം ചെയ്തു’ – ജസ്റ്റിസ് രോഹിത് ദേവ് പറഞ്ഞു. ഈ സമയത്ത് കോടതി മുറിക്കുള്ളിലുണ്ടായിരുന്ന അഭിഭാഷകനെ ഉദ്ധരിച്ച് ദേശീയ മാധ്യമങ്ങളാണ് ഇക്കാര്യം റിപ്പോർട്ട് ചെയ്തത്.
അതേസമയം, വ്യക്തിപരമായ കാരണങ്ങളാലാണ് രാജിയെന്ന് ജസ്റ്റിസ് രോഹിത് ദേവ് പിന്നീട് മാധ്യമങ്ങളോടു പ്രതികരിച്ചു. രാജിക്കത്ത് രാഷ്ട്രപതിക്ക് അയച്ചതായും അദ്ദേഹം വെളിപ്പെടുത്തി.
മാവോയിസ്റ്റ് ബന്ധം ആരോപിക്കപ്പെട്ട ഡൽഹി സർവകലാശാല മുൻ പ്രഫസർ ജി.എൻ.സായിബാബയ്ക്ക് കീഴ്ക്കോടതി വിധിച്ച ജീവപര്യന്തം തടവുശിക്ഷ റദ്ദാക്കിയ ജസ്റ്റിസ് രോഹിത് ദേവ്, അദ്ദേഹത്തെ കുറ്റവിമുക്തനാക്കിയിരുന്നു. എന്നാൽ ഈ വിധി സ്റ്റേ ചെയ്ത സുപ്രീം കോടതി, നാഗ്പുരിലെ മറ്റൊരു ബെഞ്ച് കേസ് പരിഗണിക്കണമെന്ന് നിർദ്ദേശം നൽകിയിരുന്നു.
എക്സ്പ്രസ് വേ നിർമാണ കരാറുകാർ അനധികൃത ഖനനം നടത്തുന്നതായുള്ള കേസിലെ ശിക്ഷ റദ്ദാക്കാൻ സംസ്ഥാനത്തിന് അധികാരം നൽകിയ ഉത്തരവ് ഇക്കഴിഞ്ഞ ജൂലൈ 26നും ഇദ്ദേഹം സ്റ്റേ ചെയ്തിരുന്നു.
English Summary: ‘I apologise to each one of you’: Bombay high court’s justice Rohit Deo resigns