ADVERTISEMENT

‘‘ഏറെ കഠിനമായ നാളുകളായിരുന്നു അത്. ഒരു മാസത്തോളം ഇൻജക്‌ഷൻ എടുക്കേണ്ടി വന്നു. അതുമൂലമുണ്ടായ ഹോർമോൺ വ്യതിയാനങ്ങൾ ഏറെ ബുദ്ധിമുട്ടുകളുണ്ടാക്കി. ജോലിയെ ബാധിക്കാതെ അതു മുന്നോട്ടു കൊണ്ടുപോകുക എന്നത് ഏറെ ശ്രമകരമായ കാര്യമായിരുന്നു’’– അമ്മയാകാനുള്ള ആഗ്രഹം മനസ്സിലുണ്ടായ നാളുകളെ കുറിച്ചാണ് ബോളിവുഡ് താരം പ്രിയങ്ക ചോപ്രയുടെ ഈ വാക്കുകൾ. കരിയറിൽ നേട്ടങ്ങൾ കൊയ്യുന്ന കാലത്ത്, തന്റെ മുപ്പതാം വയസ്സിൽ ‘ഭാവി’യെക്കരുതി എടുത്ത മികച്ച തീരുമാനത്തെ കുറിച്ച് ‘അൺറാപ്പ്ഡ്’ എന്ന പോ‍ഡ്കാസ്റ്റിൽ സംസാരിക്കുകയായിരുന്നു പ്രിയങ്ക. മുപ്പതാം വയസ്സിൽ വിവാഹിതയാകാനോ ഒരു കുഞ്ഞിന്റെ മാതാവാകാനോ താൽപര്യമില്ലാതിരുന്ന പ്രിയങ്ക, എന്നാൽ തനിക്ക് ഇഷ്ടമുള്ളപ്പോൾ മാതാവാകാൻ അന്നെടുത്ത തീരുമാനമായിരുന്നു അണ്ഡം ശീതീകരിച്ചു സൂക്ഷിക്കുക എന്നത്.

ശീതീകരിച്ചു സൂക്ഷിച്ച അണ്ഡം ഉപയോഗിച്ച് കൃത്രിമ ഗർഭധാരണത്തിലൂടെ 39 ാം വയസ്സിലാണ് പ്രിയങ്കയ്ക്ക് മാൾട്ടി മേരി ചോപ്ര ജനിക്കുന്നത്. പ്രിയങ്ക ചോപ്ര മാത്രമല്ല, തെലുങ്ക് സൂപ്പർതാരം രാം ചരണിന്റെ ഭാര്യ ഉപാസനയും അണ്ഡം ശീതീകരിച്ചു സൂക്ഷിച്ചതിനെപ്പറ്റി പറഞ്ഞിരുന്നു. സാമ്പത്തികമായി സുരക്ഷിതരാകുന്നതു വരെ കുട്ടികൾ വേണ്ട എന്ന തീരുമാനമാണ് വിവാഹസമയത്തു തന്നെ അണ്ഡം സൂക്ഷിക്കാൻ പ്രേരിപ്പിച്ചതെന്നാണ് ഉപാസന പറഞ്ഞത്. 2012 ൽ വിവാഹിതരായ ഇവർക്ക് 2023 ലാണ് കുഞ്ഞ് ജനിച്ചത്. ഉപാസനയും പ്രിയങ്കയും മാത്രമല്ല, അണ്ഡം ശീതീകരിച്ചു സൂക്ഷിക്കുന്നവരുടെ എണ്ണം വർധിക്കുകയാണ്. തയ്‍വാനിൽ ആയിരക്കണക്കിനു സ്ത്രീകളാണ് അണ്ഡം ശീതീകരിച്ചു സൂക്ഷിക്കുന്നത് എന്ന റിപ്പോർട്ടാണ് ഇപ്പോൾ ഇതു വീണ്ടും ചർച്ചയിലേക്കു കൊണ്ടുവന്നത്. എന്തുകൊണ്ടാണ് തയ്‌വാൻ വനിതകൾ അത്തരമൊരു തീരുമാനമെടുത്തത്?


∙ ഇതെന്റെ ‘ഇൻഷുറൻസ് പോളിസി’

ഒരു തയ്‍വാൻ ബ്രാൻഡിന്റെ മാർക്കറ്റിങ് ഡയറക്ടറാണ് മുപ്പത്തിമൂന്നുകാരിയായ വിവിയൻ തങ്. അവിവാഹിതയാണ്. നിലവിലെ സാഹചര്യങ്ങളിൽ വിവാഹിതയാകാനും കുട്ടികളുണ്ടാകാനും താൽപര്യമില്ല തങ്ങിന്. എന്നാൽ ഭാവിയിൽ കുട്ടികളുണ്ടാകാൻ ആഗ്രഹിക്കുന്നുണ്ടുതാനും. അതിനായി തങ് സ്വന്തം ശരീരത്തിൽ കുത്തിവയ്ക്കുന്ന ഹോർമോൺ സംബന്ധമായ മരുന്നാണ് റികോവെല്ല. രണ്ടാഴ്ചത്തേക്ക് എല്ലാ ദിവസവും ഇൻജക്‌ഷൻ വേണം. അതിനുശേഷം മാത്രമേ അണ്ഡം പുറത്തെടുത്ത് ശീതീകരിക്കാനാകൂ. അണ്ഡം പുറത്തെടുക്കുന്നതിനുള്ള ശസ്ത്രക്രിയയ്ക്കു മുന്നോടിയായി രണ്ടാഴ്ചയ്ക്കിടെ എല്ലാ രണ്ടു ദിവസം കൂടുമ്പോഴും തങ് ആശുപത്രിയിലെത്തി ഡോക്ടറെ കാണണം. രക്ത പരിശോധനയ്ക്കും അണ്ഡ വളർച്ചയുമായി ബന്ധപ്പെട്ട ഹോർമോണുകളുടെ പരിശോധനയ്ക്കുമാണിത്.

‘ഭാവിയിൽ ഒരു കുഞ്ഞ്’ എന്ന ആഗ്രഹവുമായി തയ്‌വാനിൽ അണ്ഡം ശീതീകരിച്ച് സൂക്ഷിക്കുന്ന ആയിരക്കണക്കിനു സ്ത്രീകളിൽ ഒരാൾ മാത്രമാണ് തങ്. ഇതെന്റെ ‘ഇൻഷുറൻസ് പോളിസി’യാണെന്നാണ് തങ് പറയുന്നത്. ‘‘ഇവിടെ സ്ത്രീകൾ കൂടുതലും സ്വതന്ത്രരാണ്; കരിയറിൽ ശ്രദ്ധിക്കാൻ ആഗ്രഹിക്കുന്നവരും. അതുപോലെ ഒരു കുട്ടിക്കു വേണ്ടി ആരെയെങ്കിലും ജീവിതപങ്കാളിയാക്കാൻ അവർ ആഗ്രഹിക്കുന്നുമില്ല. എന്റെ തീരുമാനത്തോട് എന്റെ കുടുംബം പൂർണമായും യോജിക്കുന്നു’’ എന്നാണ് ഈ തീരുമാനത്തെ കുറിച്ച് തങ് പറഞ്ഞത്.

TAIWAN-FERTILITY
തായ്പേയിലെ ആശുപത്രിയിലെ ചെക്കപ്പിനു ശേഷം അണ്ഡം ശീതീകരിണത്തിന് നൽകാനുള്ള ചികിത്സയുടെ ആദ്യപടിയെന്ന നിലയിൽ ഹോർമോൺ സ്വയം കുത്തിവയ്ക്കുന്ന തയ്‍വാൻ യുവതിയായ വിവിയൻ തങ്. (Photo: REUTERS/Ann Wang)

∙ എണ്ണം കൂടി, കോവിഡിനു ശേഷം

തയ്‌വാനിൽ 35നും 39നും ഇടയിലുള്ള സ്ത്രീകളാണ് ഈ സാങ്കേതിക വിദ്യയുടെ ഉപഭോക്താക്കളിൽ ഏറെയും. നാഷനൽ തയ്‌വാൻ യൂണിവേഴ്സിറ്റി ഹോസ്പിറ്റലിന്റെ കണക്കു പ്രകാരം, അണ്ഡം ശീതീകരിക്കുന്ന നൂതന സാങ്കേതികവിദ്യയെ ആശ്രയിക്കുന്ന ഈ പ്രായത്തിലുള്ളവരുടെ എണ്ണത്തിൽ 86 ശതമാനമാണ് വർധന. കോവിഡ് മഹാമാരിക്കു ശേഷമാണ് ഇത് വർധിച്ചതെന്നു പറയുന്നു, തയ്‌വാനിൽ അണ്ഡം സൂക്ഷിക്കുന്നതിനായി ആദ്യ ‘എഗ് ബാങ്ക്’ സ്ഥാപിച്ച ‘ദ് സ്ട്രേക് ഫെർട്ടിലിറ്റി ക്ലിനിക്’ ഉടമ ഡോ. ലായ് സിങ് ഹുഅ പറയുന്നത്, നിലവിൽ എണ്ണൂറിലധികം സ്ത്രീകളുടെ അണ്ഡമാണ് ഇവിടെ ശീതീകരിച്ച് സൂക്ഷിക്കുന്നതെന്നും ഈ ആവശ്യവുമായി സമീപിക്കുന്ന സ്ത്രീകളുടെ എണ്ണം ഒരോ വർഷവും 50 ശതമാനം വർധിക്കുകയാണെന്നുമാണ്.

തയ്‍വാനിലെ പ്രധാന നഗരങ്ങളായ ഹസെഞ്ചു, താ‍ഒയുവാൻ എന്നിവിടങ്ങളിലെ പ്രാദേശിക ഭരണകൂടം അണ്ഡം ശീതീകരിക്കുന്നതിനായി സബ്സിഡി ഏർപ്പെടുത്തിയിട്ടുണ്ട്. എന്നാൽ വർഷം തോറും 1400 കേന്ദ്രങ്ങൾക്കു മാത്രമാണ് അണ്ഡം സൂക്ഷിക്കുന്നതിന് അനുമതി നല്‍കിയിരിക്കുന്നത്. 2‌600 ഡോളർ (ഏതാണ്ട് രണ്ടേകാൽ ലക്ഷം രൂപ) മുതൽ 3900 ഡോളർ (3.22 ലക്ഷം രൂപ) വരെയാണ് അണ്ഡം ശീതീകരിക്കുന്നതിനു മുന്നോടിയായി കഴിക്കേണ്ട മരുന്നുകൾക്കും ആശുപത്രി സന്ദർശനത്തിനും ചെക്കപ്പിനും മാത്രം വേണ്ടത്. അണ്ഡം സൂക്ഷിക്കുന്നതിനായി 160 ഡോളർ മുതൽ 320 ഡോളർ വരെ ഒരു വർഷം കൊടുക്കണം. ഈ പണച്ചെലവു താങ്ങാനാകാത്തത് പല വനിതകളെയും തീരുമാനത്തിൽനിന്നു പിന്തിരിപ്പിക്കുന്നുമുണ്ട്.

തായ്‌വാനിലെ റിപ്രോഡക്ഷൻ മെഡിക്കൽ സെന്റർ.REUTERS/Ann Wang
തായ്‌വാനിലെ റിപ്രോഡക്ഷൻ മെഡിക്കൽ സെന്റർ.REUTERS/Ann Wang

∙ ആ നിയമം മാറണം!

തയ്‍വാനിൽ അണ്ഡം ശീതീകരിക്കാൻ തിടുക്കം കാണിക്കുന്നവർ പക്ഷേ അതു പിന്നീട് ഉപയോഗപ്പെടുത്തുന്നതിൽ ആ തിടുക്കം കാണിക്കുന്നില്ലെന്നതും വലിയ പ്രശ്നമായി സർക്കാരിനു മുന്നിലുണ്ട്. യുഎസിൽ ശീതീകരിച്ച് സൂക്ഷിക്കുന്ന അണ്ഡം പിന്നീട് ഉപയോഗിക്കുന്നവരുടെ എണ്ണം ഏതാണ്ട് 38 ശതമാനമാണ്. എന്നാൽ തയ്‌വാനിൽ അത് 8 ശതമാനം മാത്രമാണ്. ഇതിനു കാരണം തയ്‍വാനിൽ നിലവിലുള്ള ഒരു നിയമമാണ്. തയ്‍വാനിലെ അസിസ്റ്റഡ് റീപ്രൊഡക്‌ഷൻ ആക്ട് 2007 പ്രകാരം, എതിർലിംഗത്തിൽപ്പെട്ടയാളെ വിവാഹം കഴിച്ചവർക്കു മാത്രമേ കൃത്രിമ ബീജസങ്കലനത്തിന് (ആർട്ടിഫിഷ്യൽ ഇൻസെമിനേഷൻ) അനുമതിയുള്ളൂ. അതുകൊണ്ടുതന്നെ വിവാഹിതർക്കു മാത്രമേ സൂക്ഷിച്ചു വച്ച അണ്ഡത്തിൽനിന്ന് ഗർഭം ധരിക്കാൻ കഴിയൂ.

അവിവാഹിതർക്കും സ്വവർഗാനുരാഗികളായ സ്ത്രീകൾക്കും സൂക്ഷിച്ചു വച്ച അണ്ഡം ഉപയോഗപ്പെടുത്താൻ തയ്‍വാനിലെ നിയമം അനുവദിക്കുന്നില്ല. തയ്‍വാനിൽ പ്രത്യുൽപാദന നിരക്ക് (ഫെർട്ടിലിറ്റി റേറ്റ്) ഒരു സ്ത്രീക്ക് 0.89 കുട്ടികൾ എന്ന നിലയിലാണ്. ആഗ്രഹിക്കുന്ന ജീവിതപങ്കാളിയെ കിട്ടാത്തതും അവിവാഹിതരായി തുടരാനുള്ള താൽപര്യവും സൂക്ഷിച്ചു വച്ച അണ്ഡം പിന്നീട് ഉപയോഗിക്കുന്നതിൽനിന്ന് സ്ത്രീകളെ പിന്നോട്ടു വലിക്കുന്നു. ഭാവിയിൽ നിയമം മാറുമെന്നും അവിവാഹിതർക്കും ഗർഭിണിയാകാനുള്ള അനുവനാദം ഭരണകൂടം തുറന്നുതരുമെന്നുമുള്ള പ്രതീക്ഷയിലാണ് തയ്‍വാനിലെ സ്ത്രീകളിൽ ഭൂരിപക്ഷവും അണ്ഡം സൂക്ഷിച്ചുവയ്ക്കുന്നത്.

∙ അണ്ഡശീതീകരണം എങ്ങനെ?

സ്‌ത്രീകളുടെ അണ്ഡം ശേഖരിച്ചു പൂജ്യം ഡിഗ്രിയിൽ താഴെ തണുപ്പിച്ച്, അണ്ഡം വളരാതെയും മാറ്റങ്ങളൊന്നും സംഭവിക്കാതെയും സൂക്ഷിച്ചുവയ്‌ക്കുന്ന രീതിയാണിത്. ദ്രവനൈട്രജൻ ടാങ്കുകളിലാണ് ഇതു സൂക്ഷിക്കുക. ഇത്തരത്തിൽ എത്ര കാലം വേണമെങ്കിലും സൂക്ഷിക്കാം. പിന്നീട് ഇത് ആവശ്യാനുസരണം ബീജവുമായി സംയോജിപ്പിച്ചു തിരികെ ഗർഭാശയത്തിൽ നിക്ഷേപിച്ചു ഗർഭം ധരിക്കാം. സൂക്ഷിച്ചു വച്ച അണ്ഡം ഉപയോഗിച്ച് വാടകഗർഭധാരണത്തിലൂടെ അമ്മയാകുന്നവരുമുണ്ട്. പ്രിയങ്ക ചോപ്ര വാടകഗർഭധാരണത്തിലൂടെയാണ് കുഞ്ഞിനു ജന്മം നൽകിയത്.

തായ്‌വാൻ യുവതിയായ തങ് സുഹൃത്തുക്കൾക്കൊപ്പം. REUTERS/Ann Wang
തായ്‌വാൻ യുവതിയായ തങ് സുഹൃത്തുക്കൾക്കൊപ്പം. REUTERS/Ann Wang

സിന്തറ്റിക് ഹോർമോണുകൾ കുത്തിവച്ച് അണ്ഡാശയത്തെ (ഓവറി) ഉത്തേജിപ്പിക്കുകയാണ് ആദ്യം ചെയ്യുക. ഒരു മാസത്തോളം നീണ്ടു നിൽക്കുന്ന പ്രക്രിയയാണിത്. ആർത്തവത്തിന്റെ രണ്ടാം ദിവസം മുതൽ ഹോർമോണുകൾ കുത്തിവയ്ക്കണം. ഇതു രണ്ടാഴ്ച നീളും. തുടർന്ന് അൾട്രാസൗണ്ട് സ്കാനിങ്, രക്തപരിശോധന എന്നിവയിലൂടെ അണ്ഡാശയത്തിനുള്ളിലെ ഫോളിക്കിളുകളുടെ വളർച്ച പരിശോധിക്കും. ഫോളിക്കിൾ ഒരു പ്രത്യേക വളർച്ചയിൽ എത്തിയാൽ അണ്ഡം പൂർണവളർച്ചയിൽ എത്താൻ ഒരു ‘ട്രിഗർ ഷോട്ട്’ ഇൻജക്‌ഷൻ നൽകും. തുടർന്ന് 35 മണിക്കൂറിനു ശേഷം അണ്ഡം ശസ്ത്രക്രിയയിലൂടെ പുറത്തെടുക്കും.

അണ്ഡശീതീകരണത്തിൽ നിരവധി വെല്ലുവിളികളുണ്ടെന്നാണു വിദഗ്ധർ ചൂണ്ടിക്കാട്ടുന്നത്. അണ്ഡാശയത്തെ ഉത്തേജിപ്പിക്കുന്ന മരുന്നുകൾക്ക് സ്ത്രീകളുടെ ഈസ്ട്രജൻ അളവ് സാധാരണ ആർത്തവചക്രസമയത്ത് ഉള്ളതിനേക്കാൾ 10 മുതൽ 20 മടങ്ങുവരെ ഉയർത്താൻ കഴിയും. ഈസ്ട്രജൻ അളവ് ഉയരുന്നത് ചില സ്ത്രീകളിൽ മൂഡ് സ്വിങ്ങിനു വരെ കാരണമാകാം.

∙ പ്രോത്സാഹിപ്പിച്ച് ഫെയ്സ്ബുക്, തിരസ്കരിച്ച് ചൈന

കൂടുതൽ വനിതാ ജീവനക്കാരെ ആകർഷിക്കുന്നതിന്റെ ഭാഗമായി, അണ്ഡം ശേഖരിച്ചു ശീതീകരിച്ചു സൂക്ഷിച്ചശേഷം പിന്നീടു തിരികെ നിക്ഷേപിക്കുന്ന രീതി സ്വീകരിക്കുന്ന ജീവനക്കാരികൾക്കു വൻ ഓഫറുകളുമായി ഫെയ്സ്ബുക്കും ആപ്പിളും രംഗത്തുവന്നിരുന്നു. ഈ രീതി പിന്തുടരുന്ന ജീവനക്കാരികൾക്കു 12.28 ലക്ഷം രൂപ (20,000 ഡോളർ) വരെ നൽകുമെന്നാണ് ഫെയ്‌സ്‌ബുക്കും ആപ്പിളും പ്രഖ്യാപിച്ചത്. കരിയറിൽ ശ്രദ്ധിച്ച ശേഷം ആ തിരക്കുകൾ കഴിയുന്ന കാലത്തു ഗർഭം ധരിക്കാൻ സ്‌ത്രീകളെ പ്രോത്സാഹിപ്പിക്കുകയായിരുന്നു ഇതിന്റെ ലക്ഷ്യം.

ചിത്രത്തിന് കടപ്പാട് :  ഇൻസ്റ്റഗ്രാം
പ്രിയങ്ക ചോപ്ര മകൾക്കൊപ്പം (Image Credit∙ Priyankachopra/ Instagram)

അതേസമയം, പ്രത്യുൽപാദന സഹായ സാങ്കേതികവിദ്യ (എആർടി) ഉപയോഗിച്ച് അണ്ഡം ശീതീകരിച്ചു സൂക്ഷിക്കുന്നതിന് അവിവാഹിതകൾക്ക് ചൈനീസ് ഭരണകൂടം വിലക്കേർപ്പെടുത്തിയിട്ടുണ്ട്. സെലിബ്രിറ്റികളുൾപ്പെടെ ഒട്ടേറെപ്പേർ എആർടി സംവിധാനം ദുരുപയോഗം ചെയ്യുന്നെന്ന ആരോപണങ്ങളെത്തുടർന്നാണു നടപടിയെന്നാണ് ഭരണകൂടം പറയുന്നത്. കൃത്രിമ ഗർഭധാരണ ചികിത്സയ്ക്കൊപ്പമാണ് (ഐവിഎഫ്) സാധാരണയായി എആർടി പ്രയോജനപ്പെടുത്തുന്നത്. എന്നാൽ, ഐവിഎഫിനു വേണ്ടിയല്ലാതെ അണ്ഡം ശീതീകരിച്ചു സൂക്ഷിക്കാൻ പ്രത്യുൽപാദന സഹായ സാങ്കേതികവിദ്യ ദുരുപയോഗം ചെയ്യുന്നവരുണ്ട്.

egg-freezing
പ്രതീകാത്മക ചിത്രം

ചൈനയിലെ സെലിബ്രിറ്റികൾ പലരും വിദേശത്തുപോയി എആർടി പ്രയോജനപ്പെടുത്തിത്തുടങ്ങിയത് അവിവാഹിതകളായ ഒട്ടേറെപ്പേർ അനുകരിച്ചതായാണ് ആരോഗ്യവകുപ്പിന്റെ കണ്ടെത്തൽ. അവിവാഹിതകൾക്ക് വിലക്കുണ്ടെങ്കിലും വിവാഹ സർട്ടിഫിക്കറ്റ് ഉൾപ്പെടെ രേഖകൾ ഹാജരാക്കുന്ന ദമ്പതികൾക്ക് എആർടി ഉപയോഗിച്ച് അണ്ഡം ശീതീകരിച്ചു സൂക്ഷിക്കാം. ഇതിനെതിരെ ചൈനയിൽ ഒരു യുവതി നടത്തിയ നിയമപോരാട്ടം ഏറെ ശ്രദ്ധയാകർഷിച്ചിരുന്നു. അവിവാഹിതയാണെന്ന കാരണത്താൽ അണ്ഡം ശീതീകരിച്ച് സൂക്ഷിക്കുന്ന ചികിത്സ നിഷേധിക്കപ്പെട്ട തെരേസ സൂ എന്ന യുവതി 2019ൽ നൽകിയ പരാതിയാണ് വാർത്തകളിൽ ഇടം നേടിയത്. ചൈനയിൽ ജനനനിരക്ക് കുറഞ്ഞതോടെ ഈ പരാതി വീണ്ടും ചർച്ചകളിലേക്കെത്തുകയും ചെയ്തു.

∙ കേരളത്തിലും സുലഭം, ചെലവേറെ

അണ്ഡം ശീതീകരിച്ച് സൂക്ഷിച്ച ശേഷം ഗർഭധാരണത്തിന് ഉപയോഗിക്കുന്നവരുടെ എണ്ണം കേരളത്തിലും വർധിക്കുന്നുണ്ട്. വ്യക്തിപരവും പ്രഫഷനലും ആരോഗ്യപരവുമായ കാരണങ്ങളാൽ കേരളത്തിൽ അണ്ഡം സൂക്ഷിച്ചുവയ്ക്കുന്നവരുടെ എണ്ണത്തിൽ വർധന ഉണ്ടായിട്ടുണ്ടെന്ന് കൊച്ചി അമൃത ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് മെഡിക്കൽ സയൻസസിലെ പ്രത്യുൽപാദന ചികിത്സാവിഭാഗം മേധാവിയും പ്രഫസറുമായ ഡോ.ഫെസി ലൂയിസ് ‘മനോരമ ഓൺലൈനി’നോടു പറഞ്ഞു. ഉദാഹരണത്തിന്, അർബുദരോഗം ബാധിച്ചവരാണെങ്കിൽ കീമോതെറാപി ഉൾപ്പെടെയുള്ള ചികിത്സകൾക്ക് വിധേയമായാൽ അണ്ഡോൽപാദനം കുറഞ്ഞേക്കാം. അങ്ങനെയുള്ളവർ പിന്നീട് ഗർഭം ധരിക്കുന്നതിനായി അണ്ഡം സൂക്ഷിച്ചുവയ്ക്കാറുണ്ട്. അതുപോലെ വിവാഹബന്ധം വേർപെടുത്തിയവർക്ക്, പിന്നീട് പുനർവിവാഹത്തിനും കുഞ്ഞുങ്ങൾ വേണമെന്നും താൽപര്യമുണ്ടാകാം. അതേസമയം വിവാഹം എന്നു നടക്കുമെന്നു നിശ്ചയമില്ല. 40 വയസ്സിനു ശേഷം അണ്ഡോൽപാദന ശേഷി കുറയുമെന്നതിനാൽ, അത്തരക്കാരും അണ്ഡം സൂക്ഷിച്ചുവയ്ക്കാറുണ്ട്. അതുപോലെ കരിയറുമായി ബന്ധപ്പെട്ട കാരണൾ‌ കൊണ്ടും അണ്ഡം സൂക്ഷിച്ചുവയ്ക്കുന്നവരുണ്ടെന്ന് ഡോക്ടർ പറയുന്നു.

In this illustration photo taken in Los Angeles on October 28, 2021, a person watches on a smartphone Facebook CEO Mark Zuckerberg unveil the META logo. - Facebook chief Mark Zuckerberg on Thursday announced the parent company's name is being changed to "Meta" to represent a future beyond just its troubled social network. The new handle comes as the social media giant tries to fend off one its worst crises yet and pivot to its ambitions for the "metaverse" virtual reality version of the internet that the tech giant sees as the future. (Photo by Chris DELMAS / AFP)
(Photo by Chris DELMAS / AFP)

അണ്ഡം ശീതീകരിച്ച് സൂക്ഷിക്കുന്നതു പോലെയുള്ള ഐവിഎഫ് ചികിത്സകളെപ്പറ്റിയുള്ള അവബോധം ആളുകളിൽ കൂടിയിട്ടുണ്ടെന്നു മാത്രമല്ല, അതിനുള്ള ചെലവു താങ്ങാൻ ഇന്ന് കൂടുതൽ ആളുകൾക്ക് കഴിയുമെന്നതും ഇത് കൂടാൻ കാരണമായിട്ടുണ്ട്.

അണ്ഡം ശീതീകരിച്ച് സൂക്ഷിക്കുന്നവരുടെ എണ്ണത്തിൽ 2 വർഷത്തിനിടെ അഞ്ചിരട്ടി വർധനയുണ്ടായിട്ടുണ്ടെന്നാണ് റിപ്പോർട്ട്. ജോലി ചെയ്യുന്ന കമ്പനിയുടെ വിദേശ ഓഫിസിൽ നിശ്ചിതകാലത്തേക്കു ജോലിക്കു പോകുന്നവർ, ഉദ്ദേശിക്കുന്ന സ്ഥലത്തേക്കു സ്ഥലംമാറ്റം കാത്തിരിക്കുന്നവർ, പ്രഫഷനൽ കാരണങ്ങളുള്ളവർ, സെലിബ്രിറ്റികൾ, വിവാഹം താമസിപ്പിക്കുന്നവർ തുടങ്ങിയവരെല്ലാം ഇതിൽപ്പെടും.

ചൈനയുടെ തലസ്ഥാനമായ ബെയ്ജിങ്ങിലെ കാഴ്ച. Photo by AFP / WANG ZHAO
ചൈനയുടെ തലസ്ഥാനമായ ബെയ്ജിങ്ങിലെ കാഴ്ച. Photo by AFP / WANG ZHAO

സംസ്ഥാനത്ത് 2002ൽ ഏഴ് പ്രത്യുൽപാദന ചികിത്സാകേന്ദ്രങ്ങൾ ആണ് ഉണ്ടായിരുന്നെങ്കിൽ ഇപ്പോഴത് 80 ആയി ഉയർന്നെന്നാണ് റിപ്പോർട്ട്. ഇതിൽ 50 എണ്ണത്തിലും അണ്ഡവും ബീജവും ശീതീകരിക്കാൻ സൗകര്യം ഉണ്ട്. സംസ്ഥാനത്ത് അണ്ഡം എടുക്കാൻ ഒരു ലക്ഷം മുതൽ 1.25 ലക്ഷം രൂപ വരെയാണു ചെലവ്. വാർഷികഫീസായി 20,000 രൂപ മുതൽ 30,000 രൂപ വരെ നൽകണം. ബീജം സൂക്ഷിക്കുന്നതിനു വർഷം ശരാശരി 7000 രൂപയാണ് ചെലവ്.

English Summary: Thousands Of Taiwanese Women Are Freezing Their Eggs? Why egg freezing increasing?

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com