ADVERTISEMENT

തിരുവനന്തപുരം∙ കൊട്ടാരക്കര താലൂക്ക് ആശുപത്രിയിൽവച്ച് അക്രമിയുടെ കുത്തേറ്റ് മരിച്ച ഡോ. വന്ദനാ ദാസിന് ചികിത്സ നൽകുന്നതിൽ അധികൃതർക്ക് വീഴ്ചയുണ്ടായതായി തിരുവഞ്ചൂർ രാധാകൃഷ്ണൻ എംഎൽഎ. ഡോക്ടമാർ ഉൾപ്പെടെയുള്ള ആരോഗ്യപ്രവർത്തകർക്കെതിരെയുള്ള അക്രമങ്ങള്‍ തടയുന്നതിനുള്ള ബില്ലിന്റെ ചർച്ചയിൽ സംസാരിക്കുകയായിരുന്നു അദ്ദേഹം. 

പുലർച്ചെ 5ന് വന്ദനയുടെ കൊലപാതകം നടന്നിട്ട് എഫ്ഐആർ ഇട്ടത് രാവിലെ 8.15നാണെന്നു തിരുവഞ്ചൂർ പറഞ്ഞു. കേസുകളിൽ ഒരു മണിക്കൂറിനകം എഫ്ഐആർ ഇടണമെന്ന നിർദേശം പാലിക്കപ്പെട്ടില്ല. 9.30നാണ് എഫ്ഐആർ നടപടിക്രമങ്ങൾ പൂർത്തിയായത്. നിയമം നടപ്പിലാക്കുന്നവർക്ക് വീഴ്ച വന്നെങ്കിലും അവർക്കെതിരെ നടപടിയെടുത്തില്ല. എഫ്ഐആറിൽ ഐപിസിയിലെ സെക്‌ഷൻ 302 വകുപ്പ് ചേർത്തിട്ടില്ല. 

നിയമം നടപ്പിലാക്കേണ്ടവർ നിയമത്തിൽനിന്ന് അകന്നു പോയി. വന്ദനാ ദാസിന്റെ കേസിൽ സമചിത്തതയോടെ നടപടിയെടുത്തില്ല. പരുക്കേറ്റ വന്ദനാ ദാസിന് കൊട്ടാരക്കര ആശുപത്രിയില്‍ പ്രാഥമിക ചികിത്സ നൽകിയില്ല. അവിടെയുണ്ടായിരുന്ന ഡോക്ടര്‍ പരിഭ്രാന്തയായതിനാൽ ചികിത്സ നടത്തിയില്ലെന്നാണ് വാദം. അവർ ഒരു മണിക്കൂറിനുശേഷം മറ്റൊരു രോഗിയെ ചികിത്സച്ചതായി അറിയാൻ കഴിഞ്ഞു.

പൊലീസ് വാഹനത്തിലാണ് വന്ദനയെ ചുരുട്ടികൂട്ടി തലസ്ഥാനത്തെ സ്വകാര്യ ആശുപത്രിയിലേക്ക് കൊണ്ടുപോയത്. പോകുന്ന വഴിയിൽ മൂന്നു മെഡിക്കൽ കോളജ് ഉണ്ടായിരുന്നു. ഗോകുലം, അസീസി, പാരിപ്പള്ളി മെഡിക്കൽ കോളജുകൾ പിന്നിട്ടാണ് തലസ്ഥാനത്തെ സ്വകാര്യ ആശുപത്രിയിലെത്തിച്ചത്. പരുക്കേറ്റാൽ അടിയന്തര ചികിത്സ കിട്ടണം. അതിന് തൊട്ടടുത്ത മെഡിക്കൽ കോളജിലെത്തിക്കാനാണ് എല്ലാവരും ശ്രമിക്കുക. 

വന്ദനയെ ആശുപത്രിയിൽ എത്തിക്കുന്നതിൽ വീഴ്ചയുണ്ടായി. വാഹനത്തിൽനിന്ന് നടന്നിറങ്ങിയാണ് വന്ദന ആശുപത്രിയിലേക്ക് പോയത്. ഇത്തരം വിഷമങ്ങൾക്ക് കൂടി സർക്കാർ പരിഹാരം ഉണ്ടാകണം. കേസിലെ എഫ്ഐആറും എഫ്ഐഎസും തമ്മിൽ വ്യത്യാസമുണ്ട്. ഇതു കേസിനെ ബാധിക്കാനിടയുണ്ട്. കുടുംബം സിബിഐ അന്വേഷണം ആവശ്യപ്പെട്ടപ്പോള്‍ നിയമവകുപ്പ് എതിർത്തു. ഈ നിലപാട് ശരിയല്ല. ഇനിയെങ്കിലും അന്വേഷണം ശരിയായി നടക്കാൻ നടപടിയുണ്ടാകണം. സർക്കാർ കർശന നിലപാട് എടുക്കണമെന്നും തിരുവഞ്ചൂർ രാധാകൃഷ്ണൻ പറഞ്ഞു.

English Summary: Dr. Vandana case: Thiruvanchoor says officials failed in providing treatment

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com