ADVERTISEMENT

ന്യൂഡൽഹി ∙ നരേന്ദ്ര മോദി സർക്കാരിനെതിരെ പ്രതിപക്ഷ ‘ഇന്ത്യ’ മുന്നണി നൽകിയ അവിശ്വാസപ്രമേയ നോട്ടിസ് ലോക്സഭയിൽ അവതരിപ്പിച്ചു. കോൺഗ്രസ് സഭാകക്ഷി ഉപനേതാവും അസമിൽനിന്നുള്ള എംപിയുമായ ഗൗരവ് ഗൊഗോയ് ആണ് അവിശ്വാസ പ്രമേയ നോട്ടിസ് അവതരിപ്പിച്ചത്. ഒരൊറ്റ ഇന്ത്യയില്‍ ഇപ്പോള്‍ രണ്ടു മണിപ്പുരാണുള്ളതെന്ന് തരുൺ ഗൊഗോയ് ചൂണ്ടിക്കാട്ടി. രണ്ടു വിഭാഗങ്ങള്‍ ഇത്തരത്തില്‍ ഏറ്റുമുട്ടുന്നതു മുന്‍പ് ഇന്ത്യയില്‍ ഉണ്ടായിട്ടില്ല. മണിപ്പുരില്‍ ലഹരിമാഫിയയ്ക്കു പിന്തുണ നല്‍കുന്നതു മുഖ്യമന്ത്രിയുടെ ഓഫിസ് ആണെന്നും ഗൗരവ് കുറ്റപ്പെടുത്തി.

പ്രധാനമന്ത്രി സഭയിൽവന്നു സംസാരിക്കാനുള്ള മാർഗമെന്ന നിലയിലാണ് അവിശ്വാസപ്രമേയം അവതരിപ്പിക്കുന്നതെന്നു കോൺഗ്രസ് സഭാകക്ഷി നേതാവ് അധീർ രഞ്ജൻ ചൗധരി വ്യക്തമാക്കിയിരുന്നു.

മണിപ്പുരിനെക്കുറിച്ച് പ്രധാനമന്ത്രി സംസാരിച്ചത് വെറും 30 സെക്കൻഡ് മാത്രമാണെന്ന് ഗൗരവ് ഗൊഗോയ് ചൂണ്ടിക്കാട്ടി. മണിപ്പുരിലെ സാഹചര്യം പരിഗണിക്കുമ്പോൾ ഇരട്ട എൻജിൻ സർക്കാർ പരാജയമാണെന്ന് സമ്മതിക്കേണ്ടി വരും. ലഹരി മാഫിയയ്ക്കായി മുഖ്യമന്ത്രിയുടെ ഓഫിസ് ഇടപെട്ടുവെന്ന ഗുരുതരമായ ആരോപണവും അദ്ദേഹം ഉയർത്തി. മന്ത്രിമാർക്കും ലഹരി മാഫിയയുമായി ബന്ധമുണ്ടെന്നും ഗൊഗോയ് പറഞ്ഞു.

‘‘മണിപ്പുരിൽ സുരക്ഷാ സേനകൾ പരാജയപ്പെട്ടു. ആയുധങ്ങൾ വ്യാപകമായി കൊള്ളയടിക്കപ്പെട്ടു. രണ്ടു വിഭാഗങ്ങൾ ഇത്തരത്തിൽ പോരടിക്കുന്നത് ഇതിനു മുൻപ് ഇന്ത്യ കണ്ടിട്ടില്ല. എന്നിട്ടും പോരടിക്കുന്ന ഇരു വിഭാഗങ്ങളെയും ഒന്നിച്ചിരുത്തി ചർച്ച ചെയ്യാൻ ആഭ്യന്തര മന്ത്രി തയാറായില്ല. അവിടെ സ്വാതന്ത്ര്യസമര സേനാനിയുടെ കുടുംബം ഉൾപ്പെടെ കലാപത്തിന് ഇരയായി. എന്നിട്ടും എല്ലാം സാധാരണ നിലയിലാണെന്ന് സർക്കാർ പറയുന്നു’ – ഗൗരവ് ഗൊഗോയ് ചൂണ്ടിക്കാട്ടി.

ലോക്‌സഭയിൽ അവിശ്വാസ പ്രമേയം അവതരിപ്പിച്ച് സംസാരിക്കുന്ന തരുൺ ഗൊഗോയ് എംപി (എഎൻഐ പങ്കുവച്ച ചിത്രം)
ലോക്‌സഭയിൽ അവിശ്വാസ പ്രമേയം അവതരിപ്പിച്ച് സംസാരിക്കുന്ന ഗൗരവ് ഗൊഗോയ് എംപി (എഎൻഐ പങ്കുവച്ച ചിത്രം)

അവിശ്വാസ പ്രമേയം അവതരിപ്പിച്ചുകൊണ്ട് അദ്ദേഹം മൂന്നു ചോദ്യങ്ങളും ഉയർത്തി. 1. പ്രധാനമന്ത്രി എന്തുകൊണ്ട് മണിപ്പുരിൽ പോയില്ല? 2. മുഖ്യമന്ത്രിയെ മാറ്റാൻ പ്രധാനമന്ത്രി തയാറാകാത്തത് എന്തുകൊണ്ട്? 3. പ്രധാനമന്ത്രി എന്തുകൊണ്ട് മൗനം തുടരുന്നു എന്നിവയായിരുന്നു അദ്ദേഹത്തിന്റെ ചോദ്യം.

പാർലമെന്റിലേക്ക് തിരികെയെത്തിയ രാഹുൽ ഗാന്ധി ആദ്യം സംസാരിക്കുമെന്നാണ് കോൺഗ്രസ് നേതാക്കൾ അറിയിച്ചിരുന്നതെങ്കിലും രാഹുൽ സംസാരിച്ചില്ല. ഇതിനെതിരെ പരിഹാസവുമായി ബിജെപി രംഗത്തുവന്നു. എല്ലാവരും ആകാംക്ഷയോടെ കാത്തിരുന്നിട്ടും എന്തുകൊണ്ടാണ് കോൺഗ്രസ് നേതാവ് സംസാരിക്കാതിരുന്നതെന്ന് കേന്ദ്രമന്ത്രി പ്രഹ്‍ളാദ് ജോഷി പരിഹസിച്ചു. രാഹുൽ തയാറാവാത്തതിനാലാണോ അതോ ഉറക്കമെഴുന്നേൽക്കാൻ വൈകിയതു കൊണ്ടാണോ സംസാരിക്കാത്തതെന്ന് നിഷികാന്ത് ദുബേ പരിഹസിച്ചു. അതേസമയം പ്രധാനമന്ത്രി നരേന്ദ്ര മോദി സഭയിലുള്ളപ്പോൾ രാഹുൽ സംസാരിക്കുമെന്നാണ് സൂചന.

അവിശ്വാസ പ്രമേയം അവതരിപ്പിക്കുമ്പോൾ പ്രധാനമന്ത്രി നരേന്ദ്ര മോദി സഭയിൽ എത്താത്തതിനെതിരെയും കടുത്ത വിമർശനം ഉയർന്നു. ജനങ്ങൾ പ്രധാനമന്ത്രിയെ തിരഞ്ഞെടുത്തത് പാർലമെന്റിൽ എത്തുന്നതിനു വേണ്ടിയാണെന്നും എന്താണ് അദ്ദേഹത്തെ അതിൽനിന്ന് പിൻവലിയാൽ പ്രേരിപ്പിക്കുന്നതെന്നും ഡിഎംകെ ആരാഞ്ഞു. 

തൊഴിലില്ലായ്മയും വിലക്കയറ്റവും പോഷകാഹാരക്കുറവും മൂലം രാജ്യത്തെ ജനങ്ങൾ വലഞ്ഞിരിക്കുകയാണെന്നും  എങ്ങനെയാണ് ഇങ്ങനെ ഒരു സർക്കാരിനെ പിന്തുണയ്ക്കുക എന്നും അവിശ്വാസ പ്രമേയത്തെ അനുകൂലിച്ച് സംസാരിക്കവേ എൻസിപി നേതാവ് സുപ്രിയ സുലെ ചോദിച്ചു. അവർ വന്ദേ ഭാരതിനെ കുറിച്ച് സംസാരിക്കുന്നു. എന്നാൽ അത് പാവപ്പെട്ടവർക്കു വേണ്ടിയുള്ളതല്ലെന്നും സുപ്രിയ സുലെ പറഞ്ഞു. 

അവിശ്വാസപ്രമേയത്തിൽ 12 മണിക്കൂറോളമാണ് ചർച്ച നടക്കുക. ആറ് മണിക്കൂർ 41 മിനിറ്റ് ബിജെപിക്കും ഒരുമണിക്കൂർ 16 മിനിറ്റ് കോൺഗ്രസ് അംഗങ്ങൾക്കും ലഭിക്കും. ലോക്സഭയിൽ ബിജെപിക്ക് കേവലഭൂരിപക്ഷമുള്ളതിനാൽ അവിശ്വാസം പാസാവില്ലെങ്കിലും മണിപ്പുർ കലാപത്തിൽ രണ്ടുദിവസങ്ങളായി നടക്കുന്ന ചർച്ചയിൽ പ്രധാനമന്ത്രി മറുപടി പറയുമെന്നതാണു പ്രതിപക്ഷത്തിന്റെ നേട്ടം. പ്രധാനമന്ത്രി നരേന്ദ്ര മോദി ഇന്ന് സഭയിലില്ലെങ്കിലും, വ്യാഴാഴ്ച സഭയിൽ മറുപടി നൽകും.

ഇടവേളയ്ക്കു ശേഷം സഭയിലേക്കു തിരിച്ചെത്തിയ കോൺഗ്രസ് നേതാവ് രാഹുൽ ഗാന്ധി ഉൾപ്പെടെയുള്ളവർ അവിശ്വാസ പ്രമേയ ചർച്ചയിൽ പങ്കെടുത്ത് സംസാരിക്കും. രാഹുൽ, ഗൗരവ് ഗൊഗോയ് എന്നിവർക്കു പുറമെ മനീഷ് തിവാരി, ദീപക് ബയ്ജ്, അധീർ രഞ്ജൻ ചൗധരി‍, ബെന്നി ബഹനാൻ, ഹൈബി ഈഡൻ, ടി.എൻ.പ്രതാപൻ, ഡീൻ കുര്യാക്കോസ് എന്നിവരാണ് കോൺഗ്രസിനെ പ്രതിനിധീകരിച്ച് സംസാരിക്കുന്നത്.

ബിജെപിയിൽനിന്ന് മന്ത്രിമാരായ അമിത് ഷാ, നിർമല സീതാരാമൻ, കിരൺ റിജിജു, ജ്യോതിരാദിത്യ സിന്ധ്യ, സ്മൃതി ഇറാനി, ലോക്കറ്റ് ചാറ്റർജി, ബണ്ഡി സഞ്ജയ് കുമാർ, റാം കൃപാൽ യാദവ്, രാജ്ദീപ് റോയ്, വിജയ് ഭാഗൽ, രമേഷ് ബിധൂരി, സുനിത ദുഗ്ഗൽ, ഹീന ഗാവിത്, നിഷികാന്ത് ദുബെ, രാജ്യവർധൻ സിങ് റാത്തോർ എന്നിവരും സംസാരിക്കും.

English Summary: No-Confidence Motion Live Updates

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com