ഉമ്മൻ ചാണ്ടിയുടെ ‘പുതുപ്പള്ളിക്കോട്ട’; പോരാട്ടം കടുപ്പിക്കാൻ മുന്നണികൾ

Mail This Article
കോട്ടയം∙ പുതുപ്പള്ളിയെന്നാൽ ഉമ്മൻ ചാണ്ടിയെന്നും, ഉമ്മന്‍ ചാണ്ടിയെന്നാൽ പുതുപ്പള്ളിയെന്നുമായിരുന്നു അരനൂറ്റാണ്ടുകളായുള്ള പുതുപ്പള്ളി വിശേഷം. ഉമ്മൻചാണ്ടിക്കു പകരമൊരു പേര് കോൺഗ്രസ് നേതൃത്വത്തിനും പുതുപ്പള്ളിക്കാർക്കും നാളിതുവരെയും ആലോചിക്കേണ്ടി വന്നിട്ടില്ല. ഉമ്മൻ ചാണ്ടിയുടെ വേർപാടോടെ പുതുപ്പള്ളി മണ്ഡലം മറ്റൊരു തിരഞ്ഞെടുപ്പ് ചൂടിലേക്ക് നീങ്ങുകയാണ്. പ്രിയപ്പെട്ട കുഞ്ഞുഞ്ഞിനെ ചേർത്തുപിടിച്ച പുതുപ്പള്ളിക്കാർ ആരെയാകും പകരക്കാരനായി തിരഞ്ഞെടുക്കയെന്ന ആകാംഷയാണ് ഇനിയുള്ളത്. തിരഞ്ഞെടുപ്പ് പ്രഖ്യാപിച്ച് മണിക്കൂറുകൾക്കകം ചാണ്ടി ഉമ്മന്റെ സ്ഥാനാർഥിത്വം പ്രഖ്യാപിച്ച് കോൺഗ്രസ് രംഗത്തെത്തി. ഉമ്മൻ ചാണ്ടിയുടെ പിന്തുടർച്ച മകനിലൂടെ ഉറപ്പാക്കാനാകുമെന്ന് തന്നെയാണ് കോൺഗ്രസിന്റെ വിശ്വാസം.
∙ പുതുപ്പള്ളിയുടെ മണ്ഡലമനസ്സ്
കോട്ടയം താലൂക്കിലെ അകലുക്കുന്നം, അയർക്കുന്നം, കുരോപ്പട, മണർകാട്, മീനടം, പാമ്പാടി, പുതുപ്പള്ളി എന്നീ പഞ്ചായത്തുകളും, ചങ്ങനാശ്ശേരി താലൂക്കിൽ ഉൾപ്പെട്ട വാകത്താനം പഞ്ചായത്തും ചേർന്നതാണ് പുതുപ്പള്ളി മണ്ഡലം. എട്ടിൽ, ആറു തദ്ദേശസ്ഥാപനങ്ങളിലെ ഭരണനേട്ടത്തോടെയാണ് സിപിഎം ഉപതിരഞ്ഞെടുപ്പിന് ഇറങ്ങുന്നത്. ഒപ്പം കഴിഞ്ഞ തിരഞ്ഞെടുപ്പിൽ ഉമ്മൻ ചാണ്ടിയുടെ ഭൂരിപക്ഷം കുറയ്‌ക്കാനായതും കടുത്ത മത്സരം ഉയർത്തിയതായി സിപിഎം വിലയിരുത്തിയിരുന്നു. എന്നാൽ ഇന്നത്തെ സാഹചര്യത്തിൽ മണ്ഡലത്തിലെ പൊതുവികാരം യുഡിഎഫിനൊപ്പമാണ്. ഉമ്മൻ ചാണ്ടിയോടുള്ള പുതുപ്പള്ളിക്കാരുടെ ഹൃദയബന്ധം അദ്ദേഹത്തിന്റെ അഭാവത്തിൽ പതിൻമടങ്ങ് കരുത്തോടെ നിഴലിക്കുമെന്ന വിശ്വാസത്തിലാണ് കോണ്‍ഗ്രസ് നേതൃത്വം. ഇതെല്ലാം പരിഗണിച്ച് ശക്തമായ സ്ഥാനാർഥിയെ ഉയർത്തി തിരഞ്ഞെടുപ്പ് കടുപ്പിക്കാനാകും എതിർമുന്നണികളുടെ നീക്കം.

∙ ഉമ്മൻ ചാണ്ടിയോടൊപ്പം 53 വർഷം
ഒരു കാലത്തും കൈവിടാതെ ഉമ്മൻ ചാണ്ടിയോടൊപ്പം 53 വർഷമായുള്ള മണ്ഡലമാണ് പുതുപ്പള്ളി. ഇത്രയും കാലം ഒരേ മണ്ഡലത്തിന്റെ പ്രതിനിധിയെന്ന അത്യപൂർവ ചരിത്രം ഉമ്മൻ ചാണ്ടിക്ക് മാത്രം സ്വന്തം. 1970 മുതൽ തുടർച്ചയായ 12 ജയം നേടിതിന്റെയും രണ്ടുവട്ടം മുഖ്യമന്ത്രി പദവിയിലെത്തുകയും ചെയ്തതിന്റെ അപൂർവ റെക്കോർഡ് ഉമ്മൻ ചാണ്ടിയുടെ പേരിലാണ്. 50 വർഷം പൂർത്തിയാക്കിയതിന്റെ റെക്കോർഡുള്ള മറ്റൊരാൾ കെ.എം. മാണിയാണ്.
1970ൽ ഇരുപത്തിയേഴാം വയസ്സിലായിരുന്നു ഉമ്മൻ ചാണ്ടിയുടെ കന്നിയങ്കം. സിറ്റിങ് സീറ്റിലെ എംഎൽഎ സിപിഎമ്മിലെ ഇ.എം.ജോർജിനെ തോൽപ്പിച്ചായിരുന്നു തുടക്കം. അതിന് മുൻപ് 1965ലും 67 ലും പുതുപ്പള്ളി പിന്തുണച്ച ഇ.എം. ജോർജിനെയാണ് അന്ന് 7,288 വോട്ടുകൾക്കാണ് ഉമ്മൻ ചാണ്ടി പരാജയപ്പെടുത്തിയത്.
പിന്നീട് 1977ൽ കോൺഗ്രസ് എംഎൽഎയായിരുന്ന പി.സി.ചെറിയാനായിരുന്നു ജനതാപാർട്ടിയിൽ നിന്ന് മത്സരിച്ചത്. അന്ന് 15,910 ഭൂരിപക്ഷത്തിലായിരുന്നു ഉമ്മൻ ചാണ്ടിയുടെ വിജയം. ഇടതുമുന്നണിയിലെ കോൺഗ്രസ് യു സ്ഥാനാർഥിയായിട്ടായിരുന്നു 1980ൽ ഉമ്മൻ ചാണ്ടിയുടെ മൂന്നാമത്തെ അംഗം. അന്ന് എൻഡിപിയുടെ എം.ആർ.ജി.പണിക്കർക്കെതിരെ 13,659 വോട്ടുകൾക്കായിരുന്നു വിജയം. ആ തിരഞ്ഞെടുപ്പിൽ അദ്ദേഹത്തിന്റെ തിരഞ്ഞെടുപ്പ് ചുമതലക്കാരനായിരുന്നു സിപിഎം നേതാവ് വി.എൻ.വാസവൻ. പിന്നീട് വാസവനടക്കം തിരഞ്ഞെടുപ്പിൽ എതിരാളികളായെത്തിയെങ്കിലും ഉമ്മൻ ചാണ്ടിയല്ലാത്ത മറ്റൊരാൾക്കും പുതുപ്പള്ളി ജനതയുടെ മനം കവരാനായില്ല.
ഉമ്മൻ ചാണ്ടിക്ക് എതിരാളിയെ കണ്ടെത്തുകയെന്നത് എന്നും ഇടതുപക്ഷത്തിന് തലവേദനയായിരുന്നു. 2001ൽ കോൺഗ്രസിൽ നിന്നുള്ള ചെറിയാൻ ഫിലിപ്പിനെയാണ് ഇടത് സ്ഥാനാർഥിയായി രംഗത്തിറക്കിയത്. അന്ന് 12,575 വോട്ടിനായിരുന്നു ഉമ്മൻ ചാണ്ടിയുടെ വിജയം. പിന്നീട് 2006ൽ എസ്എഫ്ഐ പ്രസിഡന്റ് സിന്ധു ജോയിയെ രംഗത്തിറക്കിയെങ്കിലും അവർ 19,563 വോട്ടുകൾക്ക് പരാജയപ്പെട്ടു. പുതുപ്പള്ളി മണ്ഡലത്തിന്റെ ചരിത്രത്തിലെ ആദ്യത്തെ വനിതാ സ്‌ഥാനാർഥിയായിരുന്നു സിന്ധു. വിദ്യാർഥി സമരത്തിനിടെ പരുക്കേറ്റ കാലുമായി ക്രച്ചസിൽ പ്രചാരണം നടത്തിയ സിന്ധുവിന് അനുകൂലമായി സഹതാപതരംഗവും ഉണ്ടാകുമെന്ന് പ്രതീക്ഷിച്ചിരുന്നു. പൊലീസിന്റെ ഗ്രനേഡ് പ്രയോഗത്തിൽ കാലിനു പരുക്കേറ്റുവെന്നും അതിന്റെ ഉത്തരവാദിത്തം മുഖ്യമന്ത്രിയായിരുന്ന ഉമ്മൻ ചാണ്ടിക്കാണെന്നുമായിരുന്നു സിന്ധു ജോയിയുടെ പ്രചാരണം. ആ തിരഞ്ഞെടുപ്പിൽ ക്രച്ചസിലൂന്നി നടന്നായിരുന്നു ഉമ്മന്‍ ചാണ്ടിയുടേയും പ്രചരണം. സ്വിറ്റ്‌സർലൻഡിലെ ദാവോസിൽ മഞ്ഞിൽ തെന്നി വീണ് ഇടുപ്പെല്ലിനു പരുക്കേറ്റതിനാലാണ് ഉമ്മൻ ചാണ്ടിയും ക്രച്ചസിൽ പ്രചരണം നടത്തിയത്.

കൂടിയാലോചനകളിൽ സിപിഎം, മണിക്കൂറുകൾക്കം സ്ഥാനാർഥി പ്രഖ്യാപനവുമായി കോൺഗ്രസ്
പുതുപ്പള്ളി മണ്ഡലത്തിൽ ഉപതിരഞ്ഞെടുപ്പിനായുള്ള പ്രവർത്തനങ്ങള്‍ എതാനം ദിവസങ്ങൾക്ക് മുൻപ് തന്നെ സിപിഎം ആരംഭിച്ചിരുന്നു. ഇതേ തുടർന്ന് സംസ്ഥാന സെക്രട്ടേറിയറ്റ് അംഗങ്ങൾക്കും സംസ്ഥാന കമ്മിറ്റി അംഗങ്ങൾക്കും മണ്ഡലത്തിലെ പഞ്ചായത്തുകളുടെ ചുമതല വിഭജിച്ച് നൽകി. തദ്ദേശസ്ഥാപനങ്ങളുടെ ഭരണം കൂടെയുള്ളത് നേട്ടമാക്കി പ്രവർത്തനം കടുപ്പിക്കാനാണ് സിപിഎമ്മിന്റെ നീക്കം. കഴിഞ്ഞ തിരഞ്ഞെടുപ്പിൽ ചരിത്രത്തിലെ ഏറ്റവും ചെറിയ ഭൂരിപക്ഷത്തിലേക്ക് ഉമ്മൻ ചാണ്ടിയെ തള്ളിവിടാൻ സഹായകരമായ രാഷ്ട്രീയ അന്തരീക്ഷം പുതുപ്പള്ളിയിൽ നിലനിൽക്കുന്നുണ്ടെന്ന വിശ്വാസത്തിലാണ് ഇടതു നേതൃത്വം. പുതുപ്പള്ളിക്കാരനെന്ന വിശേഷണം കൂടിയുള്ള ജെയ്‌ക്ക് സി.തോമസിനെ തന്നെ ഇത്തവണയും മത്സരരംഗത്തിറക്കാനാകും സിപിഎമ്മിന്റെ നീക്കം. 2016ലും ജെയ്‍ക് തന്നെയായിരുന്നു ഉമ്മൻ ചാണ്ടിയുടെ എതിരാളി. അന്ന് ഉമ്മൻ ചാണ്ടി നേടിയ 27,092 വോട്ടുകളുടെ ഭൂരിപക്ഷമാണ് 2021ൽ 9044 ലേക്ക് ജെയ്‌ക്ക് എത്തിച്ചത്. എന്നിരുന്നാലും അപ്രതീക്ഷിത സ്ഥാനാര്‍ഥയുണ്ടാകാനുള്ള സാധ്യതയും തള്ളിക്കളയാനാകില്ല. സിപിഎമ്മിന്റെ സ്ഥാനാർഥിയെ സംബന്ധിച്ച ഔദ്യോഗിക പ്രഖ്യാപനം വെള്ളിയാഴ്ച ഉണ്ടാകുമെന്നാണ് സൂചന. ഒരു മുഴം മുമ്പേ സ്ഥാനാർഥി നീക്കങ്ങളിലേക്ക് കടന്ന സിപിഎമ്മിനെ ഞെട്ടിച്ചുകൊണ്ടാണ് തിരഞ്ഞെടുപ്പ് പ്രഖ്യാപിച്ച് മണിക്കൂറുകൾക്കകം ചാണ്ടി ഉമ്മന്റെ സ്ഥാനാർഥിത്വം കോൺഗ്രസ് പ്രഖ്യാപിച്ചത്. പുതുപ്പള്ളിയിലേത് എല്ലാ അർഥത്തിലും ഒരു രാഷ്ട്രീയ പോരാട്ടമാണെന്ന് വ്യക്തമാക്കി ചാണ്ടി ഉമ്മൻ മത്സരത്തെക്കുറിച്ചുള്ള വ്യക്തമായ സന്ദേശം നൽകി കഴിഞ്ഞു.
ഉമ്മൻ ചാണ്ടിയുടെ നിയമസഭാ വിജയങ്ങൾ
വർഷം, മണ്ഡലം, ഭൂരിപക്ഷം
1970– പുതുപ്പള്ളി–7,288
1977–പുതുപ്പള്ളി–15,910
1980–പുതുപ്പള്ളി–13,659
1982–പുതുപ്പള്ളി–15,983
1987–പുതുപ്പള്ളി–9,164
1991–പുതുപ്പള്ളി–13,811
1996–പുതുപ്പള്ളി–10,155
2001–പുതുപ്പള്ളി–12,575
2006–പുതുപ്പള്ളി–19,863
2011–പുതുപ്പള്ളി–33,255
2016–പുതുപ്പള്ളി–27,092
2021–പുതുപ്പള്ളി–9,044
English Summary: Puthuppally By-Election: Puthupally Constituency History