ADVERTISEMENT

തിരുവനന്തപുരം∙ കുട്ടനാട് എംഎൽഎ തോമസ് കെ.തോമസിന് രണ്ടരവർഷത്തിനുശേഷം മന്ത്രി സ്ഥാനം നൽകുന്നതുമായി ബന്ധപ്പെട്ടല്ല എൻസിപി നേതാവ് പ്രഫുൽ പട്ടേൽ തന്നെവന്നു കണ്ടതെന്ന് സൂചിപ്പിച്ച് മുഖ്യമന്ത്രി പിണറായി വിജയൻ. തന്നെ കൊലപ്പെടുത്താൻ സ്വന്തം പാർട്ടിക്കാർ ഗൂഢാലോചന നടത്തുന്നുവെന്ന തോമസ് കെ.തോമസിന്റെ ആരോപണം സംബന്ധിച്ച് എം.വിൻസന്റിന്റെ അടിയന്തരപ്രമേയ നോട്ടിസിനു മറുപടി പറയുകയായിരുന്നു മുഖ്യമന്ത്രി.

വനം മന്ത്രി എ.കെ.ശശീന്ദ്രനു രണ്ടരവർഷമാണ് മന്ത്രിസ്ഥാനത്തെ കാലാവധിയെന്നും, ഇത് എൻസിപി ദേശീയ പ്രസിഡന്റ് ശരദ് പവാർ അംഗീകരിച്ചെന്നും തോമസ് കെ.തോമസ് വെളിപ്പെടുത്തിയതായി എം.വിൻസെന്റ് പറഞ്ഞു. പ്രഫുൽ പട്ടേൽ മുഖ്യമന്ത്രിയുമായി സംസാരിച്ച് തന്റെ മന്ത്രിസ്ഥാനം ഉറപ്പിച്ചതായാണ് തോമസ് കെ.തോമസ്  പറയുന്നതെന്നും വിൻസെന്റ് പറഞ്ഞു. ഇതിനു മറുപടിയായാണ് പ്രഫുൽ പട്ടേൽ തന്നെ കണ്ടത് മറ്റൊരു കാര്യത്തിനാണെന്ന് മുഖ്യമന്ത്രി വെളിപ്പെടുത്തിയത്.

‘പ്രഫുൽ പട്ടേൽ എന്നെ കണ്ടിരുന്നു. അത് ഈ പറയുന്ന കാര്യത്തിനല്ല. എൻസിപി മന്ത്രിയെ നിശ്ചയിച്ച കാര്യം സ്വാഭാവികമായും മുന്നണി സംവിധാനമായതിനാൽ അറിയിക്കും. അദ്ദേഹം എന്നെ വന്നു കണ്ടത് മറ്റൊരു കാര്യത്തിനാണ്. അത് ആ പാർട്ടിയുമായി ബന്ധപ്പെട്ട കാര്യവുമാണ്. എങ്കിലും മുന്നണിയുമായി ബന്ധപ്പെട്ട വിഷയമാണ്. ആ കാര്യം സംസാരിക്കാനാണ് വന്നത്. ആ വിഷയത്തിൽ നേരത്തെ ശരദ്‌പവാറിന്റെ അഭിപ്രായം വനം മന്ത്രി എ.കെ.ശശീന്ദ്രൻ അറിയിച്ചിരുന്നു.  എന്റെ നിലപാടും പറഞ്ഞു. ആ വിഷയം ചർച്ച ചെയ്യാനാണ് പ്രഫുൽ പട്ടേൽ വന്നത്. ഈ വിഷയം ചർച്ച ചെയ്തിട്ടില്ല’ –മുഖ്യമന്ത്രി പറഞ്ഞു.

കുട്ടനാട് എംഎൽഎ തോമസ് കെ.തോമസിനെ കൊലപ്പെടുത്താൻ ശ്രമിച്ചെന്ന പരാതി പരിശോധിക്കുന്നതിനും സുരക്ഷ ഏർപ്പെടുത്തുന്നതിനും നടപടി സ്വീകരിച്ചിട്ടുണ്ടെന്ന് മുഖ്യമന്ത്രി പറഞ്ഞു. പരാതി അന്വേഷത്തിനായി ക്രമസമാധാന ചുമതലയുള്ള എഡിജിപി മുഖാന്തിരം ആലപ്പുഴ ജില്ലാ പൊലീസ് മേധാവിക്ക് അയച്ചു. അമ്പലപ്പുഴ ഡെപ്യൂട്ടി പൊലീസ് സൂപ്രണ്ട് തുടര്‍നടപടികള്‍ സ്വീകരിച്ചുവരുന്നു. മുന്‍പ് എംഎല്‍എ നല്‍കിയ പരാതിയെ സംബന്ധിച്ച് പൊലീസ് അന്വേഷണം നടത്തിയതില്‍, പൊലീസിന്റെ ഭാഗത്ത് തുടര്‍നടപടി ആവശ്യമില്ലെന്ന തീരുമാനത്തിലെത്തിച്ചേര്‍ന്നു എന്നതാണ് ലഭ്യമായിട്ടുള്ള വിവരം. പൊലീസിനെക്കുറിച്ചോ സർക്കാരിനെക്കുറിച്ചോ എംഎൽഎയ്ക്ക് പരാതിയില്ല. അദ്ദേഹത്തിനെതിരായ കേസിൽ പൊലീസാണ് കൃത്യമായ നടപടി സ്വീകരിച്ചതെന്ന് അദ്ദേഹം വെളിപ്പെടുത്തി. ഒരു കുറ്റവാളിയും രക്ഷപ്പെടില്ലെന്നും മുഖ്യമന്ത്രി പറഞ്ഞു.

തോമസ് കെ.തോമസ് പരാതി ഉന്നയിച്ച് രണ്ടു വർഷമായിട്ടും നടപടിയെടുത്തില്ലെന്ന് എം.വിൻസെന്റ് പറഞ്ഞു. അദ്ദേഹം വണ്ടിയിൽപോകുന്ന വഴിയിൽ വെള്ളത്തിൽ തള്ളിയിട്ട് കൊല്ലാനായിരുന്നു പദ്ധതി എന്നാണ് അപരാതിയിൽ പറയുന്നത്. കള്ളക്കേസിൽ കുടുക്കാന്‍ ശ്രമിച്ചെന്ന് പൊലീസിൽ പരാതി നൽകിയെങ്കിലും ഗൂഢാലോചന അന്വേഷിച്ചില്ല. ഭാര്യയെയും കേസില്‍ കുടുക്കാൻ ശ്രമിച്ചു. ഡ്രൈവർക്ക് പണം നൽകി യാത്രാവിവരം ചേർത്താൻ ശ്രമിച്ചതായാണ് തോമസ് കെ.തോമസ് പരാതിയിൽ പറയുന്നത്. 

മുഖ്യമന്ത്രി ഡിജിപിയെ വിളിച്ച് നടപടിക്ക് നിർദേശം നൽകണമായിരുന്നു. അല്ലാതെ ഡിജിപിക്ക് പരാതി നൽകാൻ നിർദേശിക്കുകയല്ല ചെയ്യേണ്ടിയിരുന്നത്. ഡ്രൈവർ ഗൂഢാലോചന വെളിപ്പെടുത്തിയിരുന്നില്ലെങ്കിൽ എന്തും സംഭവിക്കാമായിരുന്നു. നടപടിയുണ്ടാകാത്തതിനാലാണ് മാധ്യമങ്ങളോട് വെളിപ്പെടുത്തേണ്ടിവന്നതെന്നും എം.വിൻസെന്റ് പറഞ്ഞു.‌

തനിക്കെതിരെ യുവതികൾ നൽകിയ രണ്ടു പരാതികളും തെറ്റാണെന്ന് അന്വേഷണത്തിൽ തെളിഞ്ഞതായി തോമസ് കെ.തോമസ് പറഞ്ഞു. സിസിടിവി ഉള്ളതു കൊണ്ടാണ് താൻ നിരപരാധിയാണെന്ന് തെളിഞ്ഞത്. അല്ലെങ്കിൽ 90 ദിവസം ജയിലിൽ കിടക്കേണ്ടിവരുമായിരുന്നു. പൊലീസിന്റെ സമയോചിതമായ ഇടപെടലാണ് തന്നെ രക്ഷപ്പെടുത്തിയത്. താനാണ് ഡിജിപിക്ക് പരാതി നൽകിയത്. മുഖ്യമന്ത്രിയുടെ നിർദേശപ്രകാരമല്ല പരാതി നൽകിയത്. പൊലീസിൽ പൂർണ വിശ്വാസമുണ്ടെന്നും തോമസ് കെ.തോമസ് പറഞ്ഞു. 

ഇടതുപക്ഷത്തിന്റെ എംഎൽഎയ്ക്കു പോലും രക്ഷയില്ലാത്ത വിധം സ്ത്യുത്യർഹമയ സേവനമാണ് കേരള പൊലീസ് നൽകുന്നതെന്ന് പ്രതിപക്ഷ നേതാവ് വി.ഡി.സതീശൻ പറഞ്ഞു. തനിക്കെതിരെ വധഭീഷണിയുണ്ടെന്ന് ആലപ്പുഴ എസ്പിക്ക് പരാതി നൽകിയിട്ടും നടപടിയുണ്ടായില്ല. ഒരു വർഷം മുൻപ് ലോറി ഇടിച്ചു കൊലപ്പെടുത്താൻ ശ്രമിച്ചെന്നു പറഞ്ഞിട്ടും പൊലീസ് നടപടിയെടുത്തില്ല. എംഎൽഎയുടെ പരാതിയിൽ അന്വേഷണം നടക്കുമ്പോൾ പക്വതയില്ലാത്ത പ്രതികരണമാണെന്ന് വനം മന്ത്രി പറയുന്നത് ശരിയാണോ എന്ന് മുഖ്യമന്ത്രി പരിശോധിക്കണമെന്നും വി.ഡി.സതീശൻ പറഞ്ഞു.

English Summary: CM Pinarayi Vijayan about Praful Patel's visit and Thomas K.Thomas's complaint

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com