ADVERTISEMENT

ന്യൂഡൽഹി∙ പാർലമെന്റിൽ മണിപ്പുർ വിഷയത്തിൽ പ്രതിപക്ഷ ഇന്ത്യ മുന്നണി കൊണ്ടുവന്ന അവിശ്വാസപ്രമേയ ചർച്ചയിൽ, തന്റെ പ്രസംഗം കഴിഞ്ഞ് ലോക്സഭ വിട്ടുപോകുന്നതിനിടെ, കോണ്‍ഗ്രസ് എംപി രാഹുൽ ഗാന്ധി വനിതാ അംഗങ്ങൾക്കു നേരെ ഫ്ലയിങ് കിസ് നൽകിയെന്ന് പരാതി. കേന്ദ്രമന്ത്രി സ്മൃതി ഇറാനിയാണ് പരാതിയുമായി രംഗത്തെത്തിയത്. വിഷയത്തിൽ ബിജെപി വനിതാ എംപിമാർ രാഹുലിനെതിരെ സ്പീക്കർ ഓം ബിർലയ്ക്ക് പരാതി നൽകി.

രാഹുൽ തന്റെ പ്രസംഗം പൂർത്തിയാക്കിയതിനു പിന്നാലെ, സ്മൃതി ഇറാനി അവിശ്വാസ പ്രമേയത്തിനെതിരെ പ്രസംഗം ആരംഭിച്ചു. പിന്നാലെ, രാഹുൽ സഭ വിട്ടു. ഇതിനിടെ വനിതാ അംഗങ്ങൾക്കു നേരെ ഫ്ലയിങ് കിസ് നൽകിയെന്നാണ് ആരോപണം. രാഹുൽ ഗാന്ധിയുടെ പേര് പരാമർശിക്കാതെയായിരുന്നു സ്മൃതി ഇറാനിയുടെ ആരോപണം.

 ‘‘എനിക്ക് മുൻപ് സംസാരിച്ചയാൾ മോശമായി പെരുമാറി. സ്ത്രീ വിരുദ്ധനായ ആൾക്കുമാത്രമേ, വനിതാ പാർലമെന്റംഗങ്ങൾക്കുനേരെ ഫ്ലയിങ് കിസ് കാണിക്കാൻ കഴിയൂ. ഇത്തരത്തിലുള്ള മാന്യതയില്ലാത്ത പെരുമാറ്റം പാർലമെന്റിൽ മുൻപ് കണ്ടിട്ടില്ല’’–  സ്മൃതി ഇറാനി പറഞ്ഞു. അതേസമയം, രാഹുൽ ഗാന്ധി ഫ്ലയിങ് കിസ് നൽകുന്നത് ക്യാമറയിൽ പതിഞ്ഞിട്ടില്ല‌. 

അവിശ്വാസ പ്രമേയ പ്രസംഗം കഴിഞ്ഞ് രാഹുൽ ലോക്‌സഭയിൽ നിന്ന് ഇറങ്ങുന്നതിനിടെ ചില ഫയലുകൾ താഴെ വീണു. അതെടുക്കാൻ കുനിഞ്ഞപ്പോൾ ഏതാനും ബിജെപി എംപിമാർ അദ്ദേഹത്തെ നോക്കി ചിരിക്കാൻ തുടങ്ങി. തുടർന്ന് ബിജെപി എംപിമാർക്ക് നേരെ ഫ്ലയിങ് കിസ് നൽകിയ ശേഷം രാഹുൽ ഇറങ്ങിപ്പോയെന്നാണ് വിവരം.

2018ല്‍ മോദി സര്‍ക്കാരിനെതിരായ ആദ്യ അവിശ്വാസപ്രമേയ ചര്‍ച്ച നടക്കുന്നതിനിടെ രാഹുല്‍ ഗാന്ധി, പ്രധാനമന്ത്രി നരേന്ദ്ര മോദിയെ ആലിംഗനം ചെയ്തതും വാർത്തയായിരുന്നു.

English Summary: Smriti Irani attacks Rahul Gandhi over alleged 'flying kiss'

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com