ADVERTISEMENT

ചേരാനല്ലൂർ ∙ അഡ്വ. സൈബി ജോസ് കിടങ്ങൂരിനെതിരെ വഞ്ചനക്കുറ്റത്തിനു റജിസ്റ്റർ ചെയ്ത കേസ് ഹൈക്കോടതി റദ്ദാക്കി. ഗാർഹിക പീഡനക്കേസിൽ സ്വന്തം കക്ഷിയെ അറിയിക്കാതെ എതിർകക്ഷിയായ ഭർത്താവിൽനിന്ന് 5 ലക്ഷം രൂപ തട്ടിയെടുത്തെന്ന കേസിൽ ചേരാനല്ലൂർ പൊലീസാണ് വഞ്ചനക്കുറ്റത്തിനു കേസ് റജിസ്റ്റർ ചെയ്തത്. കോതമംഗലം സ്വദേശിയായ ബെയ്സിൽ ജോസ് എന്നയാളുടെ പരാതിയിലാണു ചേരാനല്ലൂർ പൊലീസ് വഞ്ചനാക്കുറ്റത്തിനും കേസെടുത്ത് അന്വേഷണം നടത്തിയിരുന്നത്.

കുടുംബക്കോടതിയിലുള്ള കേസിൽ പരാതിക്കാരന്റെ ഭാര്യയുടെ അഭിഭാഷകനായിരുന്നു സൈബി. കുടുംബക്കോടതിക്കു പുറമേ, മജിസ്ട്രേട്ട് കോടതിയിൽ ഗാർഹിക പീഡനത്തിനു കേസുണ്ടായിരുന്നു. 2 കേസുകളും പിൻവലിക്കാമെന്ന് ഉറപ്പു നൽകി സൈബി 5 ലക്ഷം കൈപ്പറ്റിയെന്നായിരുന്നു പരാതി. പണം വാങ്ങിയ ശേഷം മജിസ്ട്രേട്ട് കോടതിയിലെ കേസ് പിൻവലിച്ചെങ്കിലും കുടുംബക്കോടതിയിലെ കേസ് പിൻവലിക്കാൻ തയാറായില്ല. പലതവണ സൈബി ഭീഷണിപ്പെടുത്തിയതായും പരാതിയുണ്ട്. രമ്യതയിൽ പരിഹരിക്കാൻ സാധ്യതയുണ്ടായിരുന്ന കേസ് സൈബി ഇടപെട്ടു വഷളാക്കിയതായും ആരോപണമുണ്ട്.

ചിറ്റൂർ ഡിവൈൻ നഗറിലുള്ള സൈബിയുടെ വീട്ടിലെത്തിയാണു പണം കൈമാറിയതെന്നും പരാതിയിൽ വ്യക്തമാക്കിയിരുന്നു. അനുകൂല ഉത്തരവു നേടാൻ ഹൈക്കോടതി ജഡ്ജിമാർക്കു കൈക്കൂലി കൊടുക്കണമെന്നു തെറ്റിദ്ധരിപ്പിച്ചു കക്ഷികളിൽനിന്നു ലക്ഷക്കണക്കിനു രൂപ തട്ടിയെടുത്തെന്ന കേസിൽ അന്വേഷണം നടക്കുമ്പോഴാണ് അഡ്വ.സൈബിക്കെതിരെ വീണ്ടും കേസ് റജിസ്റ്റർ ചെയ്തത്.

English Summary: Kerala High Court Quashed the Case against Adv. Saiby Jose Kidangoor

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com