പൈലറ്റ് ശുചിമുറിയിൽ കുഴഞ്ഞുവീണ് മരിച്ചു; വിമാനത്തിന് അടിയന്തര ലാൻഡിങ്
Mail This Article
സാന്റിയാഗോ (ചിലെ) ∙ വിമാനത്തിലെ ശുചിമുറിയിൽ കുഴഞ്ഞുവീണ് പൈലറ്റ് മരിച്ചതിനെ തുടർന്നു വിമാനം അടിയന്തരമായി ലാൻഡ് ചെയ്തു. ക്യാപ്റ്റൻ ഇവാൻ ആൻഡൗറാണ് (56) മരിച്ചത്. യുഎസിലെ മയാമിയിൽനിന്നു ചിലെയിലേക്ക് 271 യാത്രക്കാരുമായി പറന്ന വിമാനത്തിലാണു സംഭവം.
ഞായറാഴ്ച രാത്രിയോടെ, വിമാനം ടേക്ക് ഓഫ് ചെയ്ത് മൂന്നു മണിക്കൂര്‍ കഴിഞ്ഞപ്പോഴാണ് ഇവാനു ശാരീരികാസ്വസ്ഥത അനുഭവപ്പെട്ടത്. ക്രൂ അംഗങ്ങളും യാത്രക്കാരായ ഡോക്ടര്‍മാരും ചേര്‍ന്ന് അദ്ദേഹത്തിനു അടിയന്തര ചികിത്സ നല്‍കി. തുടർന്നു പാനമ സിറ്റിയിലെ രാജ്യാന്തര വിമാനത്താവളത്തിൽ അടിയന്തരമായി ലാൻഡ് ചെയ്തയുടൻ ആരോഗ്യവിദഗ്ധർ ഓടിയെത്തി.
മെഡിക്കൽ സംഘം ഇവാനെ പരിശോധിച്ചെങ്കിലും മരിച്ചതായി സ്ഥിരീകരിച്ചു. 25 വർഷത്തോളം അനുഭവ സമ്പത്തുള്ള പൈലറ്റായിരുന്നു ഇദ്ദേഹം. ചൊവ്വാഴ്ച വൈകിട്ടാണു വിമാനം യാത്ര തുടര്‍ന്നത്. ഇവാന്റെ ആത്മാർഥതയെയും കഴിവിനെയും പ്രഫഷണലിസത്തെയും പുകഴ്ത്തി സുഹൃത്തുക്കളും സഹപ്രവർത്തകരും സമൂഹമാധ്യമങ്ങളിൽ കുറിപ്പുകൾ പങ്കുവച്ചു.
English Summary: Pilot Dies In Bathroom On Miami Flight, Forcing Emergency Landing