വായ്പകൾക്കുമേൽ പിഴപ്പലിശ ഒഴിവാക്കണം; ബാങ്കുകൾക്ക് ആർബിഐ നിർദേശം
Mail This Article
ന്യൂഡൽഹി∙ വായ്പാ അക്കൗണ്ടുകൾക്കുമേൽ പിഴ ചുമത്തുന്നതുമായി ബന്ധപ്പെട്ട് ബാങ്കുകൾക്ക് നിർദേശവുമായി ആർബിഐ സർക്കുലർ. പല ബാങ്കുകളും പലിശയ്ക്ക് മേൽ പിഴപ്പലിശ ചുമത്തുന്നത് മാനദണ്ഡങ്ങൾ പാലിക്കാതെയാണെന്ന് ആർബിഐ കണ്ടെത്തിയതിനെത്തുടർന്നാണ് പുതിയ മാർഗനിർദേശങ്ങൾ. പിഴപ്പലിശ ഒഴിവാക്കുന്നതുൾപ്പെടെയുള്ള നിർദേശങ്ങളുണ്ട്. 2024 ജനുവരി 1 മുതൽ ആയിരിക്കും പുതിയ മാർഗനിർദേശങ്ങൾ പ്രാബല്യത്തിൽ വരിക.
വായ്പ വാങ്ങുമ്പോൾ പറഞ്ഞ നിബന്ധനകൾ കടം വാങ്ങുന്നയാൾ പാലിക്കാതിരിക്കുകയോ വീഴ്ച വരുത്തുകയോ ചെയ്താൽ പല ബാങ്കുകളും ബാധകമായ പലിശ നിരക്കുകൾക്കപ്പുറം പിഴ ഈടാക്കുന്നുണ്ട്. കടം വാങ്ങുന്നയാൾ വ്യവസ്ഥകൾ പാലിക്കാത്തതിന്, പിഴ ഈടാക്കിയാൽ അത് 'പീനൽ ചാർജുകൾ' ആയി കണക്കാക്കും. ഇതിനു പലിശ ഈടാക്കില്ല. ലോൺ അക്കൗണ്ടിലെ പലിശ കൂട്ടുന്നതിനുള്ള സാധാരണ നടപടിക്രമങ്ങളെ ഇത് ബാധിക്കില്ല. വായ്പയുടെ പിഴ ചാർജുകൾ അല്ലെങ്കിൽ സമാനമായ ചാർജുകൾ സംബന്ധിച്ച് നയം രൂപീകരിക്കും.
വായ്പാ കരാറിന്റെ നിബന്ധനകളും വ്യവസ്ഥകളും പാലിക്കാതെ വന്നാൽ അതുമായി ബന്ധപ്പെട്ട അറിയിപ്പുകൾ കടം വാങ്ങുന്നവർക്ക് അയയ്ക്കണം. രാജ്യത്തെ എല്ലാ ബാങ്കുകൾക്കും ഈ മാർഗ നിർദേശങ്ങൾ ബാധകമായിരിക്കുമെന്നും ആർബിഐ അറിയിച്ചു.
English Summary: RBI stops banks, NBFCs from compounding penal interest on loans