ADVERTISEMENT

ന്യൂഡൽഹി∙ തിരഞ്ഞെടുപ്പിൽ ‘വിദ്യാഭ്യാസമുള്ള സ്ഥാനാർഥികള്‍ക്ക്’ വോട്ട് രേഖപ്പെടുത്തണമെന്ന് വിദ്യാർഥികളോടു പറഞ്ഞ അധ്യാപകനെ പിരിച്ചുവിട്ട സംഭവത്തിൽ പ്രതികരണവുമായി ഡൽഹി മുഖ്യമന്ത്രി അരവിന്ദ് കേജ്‌രിവാൾ. പ്രശസ്ത എഡ്–ടെക്ക് പ്ലാറ്റ്ഫോമായ ‘അൺഅക്കാദമി’യാണ് അധ്യാപകനായ കരൺ സാങ്‌വനിനെ പിരിച്ചുവിട്ടത്. ക്ലാസിനിടെ ആരുടെയും പേരെടുത്തു പറയാതെ, വിദ്യാഭ്യാസം ഇല്ലാത്തവരെ അധികാരത്തിൽ കയറ്റരുതെന്നും വരുന്ന തിരഞ്ഞെടുപ്പുകളിൽ വിദ്യാഭ്യാസം ഉള്ളവർക്കുമാത്രമേ വോട്ട് ചെയ്യാവൂ എന്നുമായിരുന്നു കരൺ സാങ്‌വൻ പറഞ്ഞത്.

അതേസമയം, അധ്യാപകർ സ്വന്തം അഭിപ്രായം ക്ലാസ് മുറികളിൽ പങ്കുവയ്ക്കുന്നത് പഠനത്തെ ബാധിക്കുമെന്നതാണ് നിലപാടെന്ന് അൺഅക്കാദമി വാർത്താക്കുറിപ്പിലൂടെ അറിയിച്ചു. ‘‘സാങ്‌വൻ കരാർ ലംഘനമാണ് നടത്തിയത്. ക്ലാസിൽ പക്ഷപാതപരമായി പെരുമാറാൻ പാടില്ല. അതു ലംഘിക്കപ്പെട്ടതുകൊണ്ടാണ് പിരിച്ചുവിടേണ്ടിവന്നത്. എല്ലാ അധ്യാപകർക്കും കൃത്യമായ പെരുമാറ്റച്ചട്ടം ഏർപ്പെടുത്തിയിട്ടുണ്ട്. വ്യക്തിപരമായ കാര്യങ്ങൾ പ്രചരിപ്പിക്കാനുള്ള വേദിയല്ല ക്ലാസ്മുറികൾ. അതു വിദ്യാർഥികളെ തെറ്റായി ബാധിക്കാനാകില്ല. ഈ സാഹചര്യത്തിൽ കരൺ സാങ്‌വരെ പിരിച്ചുവിടേണ്ടി വന്നു’’ – അൺഅക്കാദമി സഹസ്ഥാപകൻ റോമൻ സൈനി എക്സ് പ്ലാറ്റ്ഫോമിൽ (ട്വിറ്റർ) കുറിച്ചു.

എന്നാൽ വിദ്യാഭ്യാസമുള്ള ആളുകളോട് വോട്ട് ചെയ്യണമെന്ന് ആവശ്യപ്പെടുന്നത് കുറ്റകരമാണോയെന്ന് അരവിന്ദ് കേജ്‌രിവാൾ ചോദിച്ചു. ‘‘ഒരാൾ നിരക്ഷരനെങ്കിൽ അദ്ദേഹത്തെ ഞാൻ വ്യക്തിപരമായി ബഹുമാനിക്കുന്നു. എന്നാൽ ജനങ്ങളെ പ്രതിനിധീകരിക്കുന്നയാളുകൾ നിരക്ഷരർ ആകാൻ പാടില്ല. ഇത് ശാസ്ത്ര, സാങ്കേതികവിദ്യയുടെ കാലഘട്ടമാണ്. നിരക്ഷരരായ പൊതുപ്രവർത്തകർക്ക് 21ാം നൂറ്റാണ്ടിലെ ആധുനിക ഇന്ത്യയെ കെട്ടിപ്പടുക്കാനാകില്ല’’ – എക്സ് പ്ലാറ്റ്ഫോമിലെഴുതിയ കുറിപ്പിൽ കേജ്‌രിവാൾ വ്യക്തമാക്കി.

വിവാദത്തെക്കുറിച്ച് ശനിയാഴ്ച തന്റെ യൂട്യൂബ് ചാനലിലൂടെ പ്രതികരിക്കുമെന്ന് അധ്യാപകനായ സാങ്‌വൻ അറിയിച്ചു. ‘‘കഴിഞ്ഞ കുറച്ചുദിവസങ്ങളായി എന്റെ പേരിലുള്ള വിഡിയോ വൈറൽ ആയിരുന്നു. ജുഡീഷ്യൽ സർവീസസ് പരീക്ഷയ്ക്കായി തയാറെടുക്കുന്ന വിദ്യാർഥികളോടാണ് സംസാരിച്ചത്. അവരും ഞാനും ഇപ്പോൾ പ്രത്യാഘാതം നേരിടുകയാണ്’’ – അദ്ദേഹം പറഞ്ഞു.

സാങ്‌വന്റെ പിരിച്ചുവിടലിനെതിരെ വിമർശനം ഉയർന്നുകഴിഞ്ഞു. എക്സ് പ്ലാറ്റ്ഫോമിൽ അൺഇൻസ്റ്റാൾ അൺഅക്കാദമി എന്ന ഹാഷ്ടാഗിലും പ്രതിഷേധം വ്യാപിക്കുന്നുണ്ട്.

English Summary: UnAcademy fires teacher for encouraging students to vote for educated leaders, sparks controversy
 

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com