ADVERTISEMENT

കൊച്ചി ∙ ‘ഓണപ്പൂക്കൾ പറിച്ചില്ലേ നീ ഓണക്കോടിയുടുത്തില്ലേ, പൊന്നുംചിങ്ങം വന്നിട്ടും നീ മിന്നും മാലേം കെട്ടീലേ’
ഓണത്തിനൊരുങ്ങിയില്ലേ എന്നു ചോദിച്ചു കവി ചങ്ങമ്പുഴ പതിറ്റാണ്ടുകൾക്കു മുൻപു രചിച്ച വരികൾ. ഓണത്തിലേക്കും ഐശ്വര്യസമൃദ്ധിയിലേക്കുമുള്ള ശുഭയാത്രയ്ക്കു തുടക്കമിട്ട് ഇന്ന് അത്തം. നന്മയുടെ പൂവിളികളുയരുന്ന ദശസുദിനങ്ങൾ. കോവിഡ് ഭീഷണികളിൽനിന്നു പൂർണമുക്തമായ ആദ്യ ഓണക്കാലം.

കർക്കടകത്തിന്റെ കറുത്ത ചേലകൾ വലിച്ചെറിഞ്ഞു പൊന്നിൻ ചിങ്ങത്തിലെത്തിയ മലയാളിമുറ്റങ്ങൾ പൂക്കളങ്ങളുമായി ഐതിഹ്യപ്പെരുമയിലെ മാവേലിത്തമ്പുരാനെ കാത്തിരിക്കുന്നു. ഇന്നേക്കു പത്താം നാൾ തിരുവോണം. ആഘോഷത്തിമിർപ്പിലേക്കു തിരിയുകയാണു കേരളത്തിലും ലോകത്തിന്റെ മറ്റു ഭാഗങ്ങളിലുമുള്ള മലയാളി സമൂഹം. ഇത്തവണ വിനായക ചതുർഥിയും അത്തവും ഒന്നിച്ചുവരുന്ന പ്രത്യേകതയുമുണ്ട്.

തൃപ്പൂണിത്തുറയിൽ അത്തച്ചമയാഘോഷം ഇന്നു രാവിലെ 9നു മുഖ്യമന്ത്രി പിണറായി വിജയൻ ഉദ്ഘാടനം ചെയ്യും. രാജനഗരിക്കു നിറപ്പകിട്ടേകി അത്തം ഘോഷയാത്ര നടൻ മമ്മൂട്ടി ഫ്ലാഗ് ഓഫ് ചെയ്യും. ഐതിഹ്യത്തിൽ ഓണത്തോട് ഏറ്റവും ചേർന്നുനിൽക്കുന്ന തൃക്കാക്കര മഹാക്ഷേത്രത്തിൽ 10 ദിവസത്തെ തിരുവോണ ഉത്സവത്തിന് ഇന്നു രാത്രി 8നു കൊടികയറും.

ഓണം വാരാഘോഷം 27 മുതൽ

തിരുവനന്തപുരം∙ സംസ്ഥാന സർക്കാരിന്റെ ഓണം വാരാഘോഷ പരിപാടികൾ 27 മുതൽ സെപ്റ്റംബർ 2 വരെ തലസ്ഥാനത്തും ജില്ലാ ആസ്ഥാനങ്ങളിലും നടക്കും. സംസ്ഥാനതല ആഘോഷത്തിന്റെ ഭാഗമായി തിരുവനന്തപുരം കവടിയാർ മുതൽ മണക്കാട് ജംക്‌ഷൻ വരെയുള്ള പ്രദേശത്തെ ഉത്സവമേഖലയായി ടൂറിസം വകുപ്പ് പ്രഖ്യാപിച്ചു.

റോഡിന് ഇരുവശവുമുള്ള സർക്കാർ, പൊതുമേഖലാ, തദ്ദേശ, സ്വയംഭരണ സ്ഥാപനങ്ങൾ ദീപാലങ്കാരമൊരുക്കണമെന്നു നിർദേശിച്ചിട്ടുണ്ട്.
തനതു ഫണ്ടിൽനിന്നു 2 ലക്ഷം രൂപ വരെ വിനിയോഗിക്കാം. ഓണാഘോഷ സമാപനയാത്രയിൽ ഫ്ലോട്ടുകൾ അവതരിപ്പിക്കുന്നതിന് നാലു ലക്ഷം രൂപ വരെ ഓരോ സ്ഥാപനത്തിനും ഉപയോഗിക്കാം.

English Summary: Onam Celebration Starts

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com