ADVERTISEMENT

മോസ്കോ ∙ ഇന്ത്യയുടെ അഭിമാന സംരംഭമായ ചന്ദ്രയാൻ 3ന് ഒപ്പം ചന്ദ്രനിൽ ഇറങ്ങുമെന്ന് പ്രതീക്ഷിച്ചിരുന്ന റഷ്യൻ ബഹിരാകാശ പേടകമായ ‘ലൂണ 25’ തകർന്നതായി സ്ഥിരീകരണം. ചന്ദ്രന്റെ ഭ്രമണപഥത്തിൽ പ്രവേശിച്ച റഷ്യയുടെ പേടകമായ ‘ലൂണ 25’ ചന്ദ്രനിൽ ഇടിച്ചിറങ്ങിയതായി റഷ്യയുടെ ബഹിരാകാശ ഏജൻസിയാണ് അറിയിച്ചത്. പേടകത്തിന് സാങ്കേതികത്തകരാർ നേരിട്ടതായി അവർ ഇന്നലെ അറിയിച്ചിരുന്നു. ‘അസാധാരണ സാഹചര്യം’ നേരിടുന്നുവെന്നാണു റഷ്യയുടെ ബഹിരാകാശ ഏജൻസി ഇന്നലെ വൈകിട്ട് അറിയിച്ചത്.

ഓഗസ്റ്റ് 11ന് വിക്ഷേപിച്ച ലൂണ 25 നാളെ ചന്ദ്രനിൽ ഇറക്കാനായിരുന്നു പദ്ധതി. ഇതിനു മുന്നോടിയായി പേടകം താഴ്ത്തുന്ന പ്രക്രിയയ്ക്കിടെ സാങ്കേതികപ്രശ്നമുണ്ടായെന്നാണ് വിവരം. ഇതിനു പിന്നാലെയാണ് ലൂണ 25 തകർന്നതായി റഷ്യ സ്ഥിരീകരിച്ചത്. ലൂണ 25മായുള്ള ബന്ധം നഷ്ടമായെന്നും, പേടകം ചന്ദ്രനിൽ ഇടിച്ചിറങ്ങിയെന്നുമാണ് റഷ്യൻ ബഹിരാകാശ ഏജൻസിയായ റോസ്കോസ്മോസ് അറിയിച്ചത്.

അതേസമയം, ചന്ദ്ര ഗർത്തങ്ങളുടെ ലൂണ അയച്ച ആദ്യ ദൃശ്യങ്ങൾ റഷ്യ ഇന്നലെ പുറത്തുവിട്ടിരുന്നു. അരനൂറ്റാണ്ടിന്റെ ഇടവേളയ്ക്കു ശേഷമാണു ചന്ദ്രനിലേക്കു റഷ്യ പേടകം അയച്ചത്. 2021 ഒക്ടോബറിൽ നടത്താനിരുന്ന വിക്ഷേപണമാണ് 2 വർഷത്തോളം വൈകി നടന്നത്.

ജൂലൈ 14ന് ഇന്ത്യ വിക്ഷേപിച്ച ചന്ദ്രയാൻ 3 ചന്ദ്രന്റെ ഭ്രമണപഥത്തിലേക്കു പ്രവേശിച്ചതിനു തൊട്ടുപിന്നാലെയാണ് റഷ്യ പേടകം വിക്ഷേപിച്ചത്. ഇന്ധനക്ഷമതയ്ക്കായി വേറിട്ട പാത സ്വീകരിച്ച് ഓഗസ്റ്റ് 5ന് ചന്ദ്രന്റെ ഭ്രമണപഥത്തിലെത്തിയ ചന്ദ്രയാൻ രണ്ടാഴ്ച അവിടെ പഠനപരീക്ഷണങ്ങൾക്കായി ചെലവഴിച്ച ശേഷം 23നാണ് ചന്ദ്രനിലിറങ്ങുന്നത്.

Read Also: ചന്ദ്രനിൽ ഇടിച്ചിറങ്ങി, 47 വര്‍ഷത്തെ റഷ്യയുടെ കാത്തിരിപ്പ്; പരാജയം വിജയത്തിനു മുന്നോടിയെന്ന് 

1976നു ശേഷമുള്ള റഷ്യയുടെ ആദ്യ ചാന്ദ്രദൗത്യമായിരുന്നു ലൂണ 25. യുക്രെയ്ൻ യുദ്ധത്തെ തുടർന്നു ലോകരാജ്യങ്ങൾക്കിടയിൽ ഒറ്റപ്പെട്ട റഷ്യയുടെ ബഹിരാകാശ മേഖലയ്ക്ക് പുത്തൻ ഉണർവ് നൽകുന്നതാണ് ദൗത്യമെന്ന് പൊതുവെ വിലയിരുത്തലുണ്ടായിരുന്നു. അഞ്ച് ദിവസം കൊണ്ടാണ് പേടകം ചന്ദ്രന്റെ ഭ്രമണപഥത്തിയത്. ഇന്ത്യയുടെ ചന്ദ്രയാൻ–3 ദൗത്യത്തിനു സമാനമായി ചന്ദ്രന്റെ ദക്ഷിണധ്രുവ പ്രദേശത്ത് ഇറങ്ങാനാണ് ലൂണയും ലക്ഷ്യമിട്ടിരുന്നത്. ലൂണ പേടകത്തിന് 800 കിലോയായിരുന്നു ഭാരം. കൊണ്ടുപോകുന്ന പരീക്ഷണ ഉപകരണങ്ങളെല്ലാം കൂടി 31 കിലോയോളം ഭാരവുമുണ്ടായിരുന്നു.

English Summary: Luna-25 has crashed into the moon: Russia's space agency Roskosmos

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com