ADVERTISEMENT

തിരുവനന്തപുരം∙ വിലക്കയറ്റവുമായി ബന്ധപ്പെട്ട അടിയന്തരപ്രമേയ നോട്ടിസിനു മറുപടി നല്‍കുമ്പോൾ, നിയമസഭയെയും സാമാജികരെയും തെറ്റിദ്ധരിപ്പിച്ചെന്ന് ചൂണ്ടിക്കാട്ടി ഭക്ഷ്യ-പൊതുവിതരണ വകുപ്പ് മന്ത്രി ജി.ആര്‍.അനിലിനെതിരെ എം.വിന്‍സെന്റ് എംഎല്‍എ സ്പീക്കര്‍ക്ക് അവകാശലംഘനത്തിനു നോട്ടിസ് നല്‍കി.

സപ്ലൈകോ ഔട്ട്‌ലെറ്റുകളില്‍ 13 നിത്യോപയോഗ സാധനങ്ങള്‍ ഇല്ലെന്ന് പ്രതിപക്ഷ നേതാവ് പറഞ്ഞത് തെറ്റാണെന്നും സഭ പിരിഞ്ഞതിനുശേഷം പ്രതിപക്ഷ നേതാവിനോടൊപ്പം ഔട്ട്‌ലെറ്റുകള്‍ സന്ദര്‍ശിക്കുവാന്‍ തയാറാണെന്നും മന്ത്രി സഭയില്‍ വ്യക്തമാക്കിയിരുന്നു. എന്നാല്‍, അന്നു തന്നെ സപ്ലൈകോ ഔട്ട്‌ലെറ്റുകള്‍ നേരിട്ട് സന്ദര്‍ശിച്ച ദൃശ്യമാധ്യമങ്ങള്‍ സപ്ലൈകോ ഔട്ട്‌ലെറ്റുകളില്‍ 13 നിത്യോപയോഗ സാധനങ്ങളില്‍ പലതും നിലവില്‍ ലഭ്യമല്ലെന്ന വസ്തുത ദൃശ്യങ്ങള്‍ സഹിതം വാര്‍ത്തയായി സംപ്രേഷണം ചെയ്തു.

പത്രമാധ്യമങ്ങളും ഇക്കാര്യം വ്യക്തമാക്കുന്ന നിരവധി റിപ്പോര്‍ട്ടുകള്‍ പ്രസിദ്ധീകരിക്കുകയും ചെയ്തു. തുടര്‍ന്ന് മന്ത്രി തന്നെ അവശ്യസാധനങ്ങള്‍ മുഴുവന്‍ ലഭ്യമല്ലെന്നും ഉടന്‍ ലഭ്യമാക്കാന്‍ നടപടി സ്വീകരിക്കുമെന്നും മാധ്യമങ്ങളോട് വ്യക്തമാക്കി. ഈ സാഹചര്യത്തില്‍ സപ്ലൈകോ ഔട്ട്‌ലെറ്റുകളില്‍ നിത്യോപയോഗ സാധനങ്ങളുടെ ലഭ്യത സംബന്ധിച്ച് മന്ത്രി സഭയില്‍ നടത്തിയ പ്രസ്താവന വസ്തുതാ വിരുദ്ധമാണെന്ന കാര്യം ബോധ്യപ്പെടുന്നതാണെന്ന് എം.വിന്‍സെന്റ് സ്പീക്കര്‍ക്ക് നല്‍കിയ കത്തില്‍ ചൂണ്ടിക്കാട്ടി.

ജനജീവിതത്തെ ദോഷകരമായി ബാധിക്കുന്ന വിലക്കയറ്റമെന്ന പ്രധാനപ്പെട്ട ഒരു വിഷയത്തെക്കുറിച്ച് വസ്തുതാ വിരുദ്ധമായ കാര്യം സഭാതലത്തില്‍ പറഞ്ഞ് സഭയെയും സാമാജികരെയും മനഃപൂര്‍വം തെറ്റിദ്ധരിപ്പിക്കുന്നതിനു ശ്രമിച്ചതിലൂടെ ഭക്ഷ്യ-പൊതുവിതരണ വകുപ്പ് മന്ത്രി നിയമസഭ അംഗമെന്ന നിലയില്‍ തന്റെയും നിയമസഭയുടെയും സഭാംഗങ്ങളുടെയും പ്രത്യേക അവകാശങ്ങള്‍ ലംഘിച്ചെന്നും നിയമസഭയുടെ നടപടിക്രമവും കീഴ്‌വഴക്കങ്ങളും സംബന്ധിച്ച ചട്ടം 154 പ്രകാരം മന്ത്രി ജി.ആര്‍.അനിലിനെതിരെ അവകാശ ലംഘനത്തിനു നടപടി സ്വീകരിക്കണമെന്നും എം.വിന്‍സെന്റ് സ്പീക്കറോട് അഭ്യർഥിച്ചു.

English Summary: M Vincent MLA gave a notice to the Speaker for violation of rights against Minister GR Anil

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com