ADVERTISEMENT

തിരുവനന്തപുരം ∙ വിഎസ്‌എസ്‌സി (വിക്രം സാരാഭായി സ്പേസ് സെന്റർ) നടത്തിയ ടെക്നിഷ്യൻ (ഇലക്ട്രീഷ്യൻ ഗ്രേഡ് ബി) പരീക്ഷയിൽ തട്ടിപ്പ് നടത്തിയവർ ഉപയോഗിച്ചത് ഓൺലൈൻ ഷോപ്പിങ് സൈറ്റുകളിൽനിന്ന് വാങ്ങിയ ചൈനീസ് ‘എക്സാം ചീറ്റിങ് കിറ്റ്’. 1500 മുതൽ 6500 രൂപ വരെ വിലയിൽ ഇത്തരം കിറ്റുകളും ക്യാമറകളും ഓൺലൈനിൽ സുലഭമാണ്.

ചെവിക്കുള്ളിലേക്ക് വയ്ക്കാന്‍ കഴിയുന്ന ബഡുകൾ സൂക്ഷ്മപരിശോധനയിലേ കണ്ടെത്താൻ കഴിയൂ. ശരീരത്തിന്റെ വിവിധ ഭാഗങ്ങളിൽ സ്ഥാപിക്കാൻ കഴിയുന്ന ക്യാമറകളുമുണ്ട്. നൂറുകണക്കിനു പേർ പങ്കെടുക്കുന്ന പരീക്ഷയായിട്ടും വിഎസ്‌എസ്‌സി സുരക്ഷാ പരിശോധനകൾ നടത്താത്തത് തട്ടിപ്പുകാർക്ക് സഹായകരമായി. തട്ടിപ്പ് നടന്ന സാഹചര്യത്തിൽ പരീക്ഷ റദ്ദാക്കിയേക്കും.

വിഎസ്എസ്‍സി നടത്തുന്ന പരീക്ഷയിൽ തട്ടിപ്പു നടക്കുമെന്ന് ദിവസങ്ങൾക്കു മുൻപാണ് പൊലീസിനു രഹസ്യസന്ദേശം ലഭിച്ചത്. വടക്കേ ഇന്ത്യയിൽനിന്നായിരുന്നു സന്ദേശം. സെന്ററുകൾക്ക് ജാഗ്രതാ നിർദേശം നൽകിയെങ്കിലും സുരക്ഷ വർധിപ്പിച്ചില്ല. നീറ്റ് പരീക്ഷ അടക്കമുള്ള പ്രധാന പരീക്ഷകളിലേതുപോലെ സുരക്ഷാപരിശോധന ഏർപ്പെടുത്തിയിരുന്നെങ്കിൽ തട്ടിപ്പുകാർ ഹാളിൽ കടക്കുന്നത് ഒഴിവാക്കാമായിരുന്നു. മൊബൈൽ ഫോണുകൾ സ്വിച്ച്ഓഫ് ചെയ്ത് ഹാളിനു പുറത്തുവയ്ക്കണമെന്ന നിർദേശം മാത്രമാണ് അധികൃതർ നൽകിയത്.

ദേഹപരിശോധ നടത്തിയില്ല. ബെൽറ്റും ഷൂസും ഒഴിവാക്കാൻ നിർദേശമുണ്ടായിരുന്നില്ല. പരീക്ഷാ ഡ്യൂട്ടിയിലുണ്ടായിരുന്ന അധ്യാപകർ പൊലീസ് മുന്നറിയിപ്പിന്റെ അടിസ്ഥാനത്തിൽ ജാഗ്രത പുലർത്തിയതാണ് തട്ടിപ്പ് വെളിച്ചത്തുകൊണ്ടുവന്നത്. വിഎസ്എസ്‌സിയിൽനിന്ന് പരീക്ഷാ മേൽനോട്ടത്തിന് ഉദ്യോഗസ്ഥരും ഒരു സിഐഎസ്എഫ് സുരക്ഷാഭടനും സെന്ററുകളിൽ എത്തിയിരുന്നു. പരീക്ഷാ ഹാളിലെ അധ്യാപകർക്കു പുറമേ 5 ക്ലാസ് മുറികളുടെ ചുമതല വിഎസ്എസ്ഇയിലെ ഒരു ജീവനക്കാരനു നൽകി.

പൊലീസിന്റെ മുന്നറിയിപ്പ് കിട്ടിയതോടെ വിഎസ്എസ്‌സി അധികൃതർ ഡേറ്റാ ബാങ്ക് പരിശോധിച്ചു. മൂന്നു ഹരിയാന സ്വദേശികൾ നഗരത്തിലെ രണ്ട് സ്കൂളുകളിൽ പരീക്ഷ എഴുതുന്നതായി മനസ്സിലാക്കി. ഒരാൾ പരീക്ഷയ്ക്ക് ഹാജരായില്ല. പട്ടം സെന്റ് മേരീസ് സ്കൂളിലാണ്, അറസ്റ്റിലായ സുമിത്ത് പരീക്ഷയെഴുതിയത്. സുനിൽ വഴുതക്കാട് കോട്ടൺഹിൽ സ്കൂളിലും. സുമിത്ത് ചെവിയിൽ ഇടയ്ക്കിടെ പിടിക്കുന്നത് ശ്രദ്ധിച്ച അധ്യാപികയാണ് വിഎസ്എസ്‌സി ജീവനക്കാരോട് വിവരം പറഞ്ഞത്. അവർ നടത്തിയ പരിശോധനയിൽ ഉപകരണങ്ങൾ കണ്ടെത്തി.

സമാനമായി, കോട്ടൺഹിൽ സ്കൂളിലെ അധ്യാപികയും സംശയമുള്ള ആളിനെക്കുറിച്ചുള്ള വിവരം കൈമാറി. പരിശോധനയിൽ ഉപകരണങ്ങൾ കണ്ടെടുത്തതോടെ പൊലീസിനെ വിവരം അറിയിച്ചു. ഹരിയാനയിലെ കോച്ചിങ് സെന്ററുകൾ കേന്ദ്രീകരിച്ചാണ് തട്ടിപ്പ് ആസൂത്രണം ചെയ്തതെന്നാണ് പൊലീസിന് ലഭിച്ച പ്രാഥമിക വിവരം. പരീക്ഷയിൽ തട്ടിപ്പു നടത്തുന്നതിന് കോച്ചിങ് സെന്ററുകൾ പരിശീലനം നൽകിയിരുന്നു. സുരക്ഷ കുറവുള്ള പരീക്ഷകളും സെന്ററുകളുമാണ് തിരഞ്ഞെടുത്തിരുന്നത്.

പരീക്ഷ എഴുതാൻ വൻ തുകയ്ക്ക് ആൾമാറാട്ടക്കാരെയും ഏർപ്പെടുത്തിയിരുന്നു. സെന്ററുകൾ തമ്മിൽ മത്സരം വർധിച്ചതോടെയാണ് തട്ടിപ്പ് വിവരം ചോർന്നത്. ഹരിയാനയിലേക്ക് അന്വേഷണം വ്യാപിപ്പിക്കും. ഹരിയാനക്കാരായ 469 പേരാണ് പരീക്ഷയിൽ പങ്കെടുത്തത്. ഇത്രയും പേർ ഹരിയാനയിൽനിന്ന് പങ്കെടുത്തതിലെ അസ്വാഭാവികതയും പൊലീസ് അന്വേഷിക്കും. പ്രതികളുടെ വിവരം ഹരിയാന പൊലീസിനു കൈമാറി. അവിടെനിന്ന് സ്ഥിരീകരണം ലഭിച്ച ശേഷമാകും കേരള പൊലീസ് ഹരിയാനയിലേക്ക് പുറപ്പെടുക

മെഡിക്കൽ കോളജ് പൊലീസ് അറസ്റ്റ് ചെയ്ത സുമിത്ത് സാങ്കേതിക വിദ്യയിൽ ഹൈടെക് ആണെന്നു പൊലീസ് പറയുന്നു. ഇയാൾ വയറിൽ കെട്ടിവച്ചിരുന്നത് പഴയ മൊബൈൽ ഫോൺ ആയിരുന്നു. പരീക്ഷ ഹാളിൽ വച്ച് ഇതിന്റെ കവർ പൊളിച്ച് ക്യാമറ മാത്രം വയറിന് ഉള്ളിലൂടെ ഷർട്ടിന്റെ ബട്ടൺ ദ്വാരത്തിൽ എത്തിച്ചു. ചോദ്യങ്ങൾ സ്കാൻ ചെയ്തു പുറത്തുള്ളയാൾക്ക് കൈമാറി. ഇയർ ബഡിലൂടെ ഉത്തരങ്ങൾ ലഭിക്കാനായി കാത്തിരുന്നു. പരീക്ഷ ഹാളിൽ ഉണ്ടായിരുന്ന അധ്യാപകൻ പിടികൂടിയതിനാൽ ഒരു ചോദ്യത്തിനും ശരിയുത്തരം എഴുതാൻ സാധിച്ചില്ല. നേരത്തെയും ഇയാൾ ഇത്തരം തട്ടിപ്പ് നടത്തിയിട്ടുണ്ടെന്നാണ് പൊലീസ് നിഗമനം. സുനിൽ 75 മാർക്കിന്റെ ഉത്തരം എഴുതിയിരുന്നു.

English Summary: Those who cheated in the VSSC exam used a Chinese exam cheating kit, says Kerala Police.

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com