ADVERTISEMENT

പതിരഞ്ഞെടുപ്പിന്റെ പ്രചാരണച്ചൂടിലാണ് പുതുപ്പള്ളിയിലെ സ്ഥാനാർഥികൾ. യുഡിഎഫിനും എൽഡിഎഫിനുമൊപ്പം, സ്ഥാനാർഥി പ്രഖ്യാപനത്തിന് പിന്നാലെ എൻഡിഎയും പ്രചാരണ രംഗത്ത് സജീവമായിട്ടുണ്ട്. പാർട്ടിയുടെ സംസ്ഥാന അധ്യക്ഷനും മുതിർന്ന നേതാക്കളും ദേശീയ നേതാക്കളഉം മണ്ഡലത്തിൽ എത്തിയിട്ടുണ്ട്. വികസന രാഷ്ട്രീയം മുൻനിർത്തിയുള്ള പ്രചാരണത്തിൽ വിശ്വാസി സമൂഹവും യുവാക്കളും പാർട്ടിക്കൊപ്പമാണെന്ന ആത്മവിശ്വാസത്തോടെയാണ് എൻഡിഎ സ്ഥാനാർഥി ലിജിൻ ലാൽ തിരഞ്ഞെടുപ്പിനെ നേരിടാൻ ഒരുങ്ങുന്നത്. പതിറ്റാണ്ടുകളായി കോൺഗ്രസ് ഭരിക്കുന്ന മണ്ഡലത്തിൽ പല മേഖലകളിലും ജനം ആഗ്രഹിക്കുന്ന വികസനമുണ്ടായിട്ടില്ലെന്ന് ലിജിൻ ലാൽ പറയുന്നു. ഇടതുവലതു മുന്നണികൾ മാറിമാറി ഭരിക്കുന്ന കേരളത്തിൽ ഇരുമുന്നണികളും വികസനത്തെ മാറ്റി നിർത്തുകയാണെന്ന് ആരോപിക്കുന്ന ലിജിൻലാൽ, മണ്ഡലത്തിലെ പ്രചാരണ വിഷയങ്ങളെപ്പറ്റിയും തിരഞ്ഞെടുപ്പ് പ്രതീക്ഷകളെപ്പറ്റിയും സംസാരിക്കുന്നു.

∙ പതിറ്റാണ്ടുകളായി കോൺഗ്രസ് ജയിക്കുന്ന മണ്ഡലമാണ് പുതുപ്പള്ളി. മണ്ഡലത്തിൽ വികസന പ്രവർത്തനങ്ങൾ ഇനിയും ഏറെ വരാനുണ്ടെന്ന് മറ്റു കക്ഷികൾ പറയാറുണ്ട്. വികസനം തന്നെയാണോ ബിജെപിയും പ്രധാന പ്രചാരണ വിഷയമാക്കുന്നത്? എന്തൊക്കെ വികസന പ്രവർത്തനങ്ങളാണ് തിരഞ്ഞെടുപ്പ് വാഗ്ദാനങ്ങളായി ബിജെപി മുന്നോട്ടുവയ്ക്കുന്നത്?

53 വർഷം യുഡിഎഫ് പ്രതിനിധീകരിച്ച മണ്ഡലമാണ് പുതുപ്പള്ളി. യുഡിഎഫിന്റെ പ്രതിനിധി കേവലം എംഎൽഎ മാത്രമായിരുന്നില്ല. അദ്ദേഹം നാല് ടേമുകളിൽ മന്ത്രിയും രണ്ടു തവണ മുഖ്യമന്ത്രിയുമായിരുന്നു. ധനകാര്യം ഉൾപ്പെടെയുള്ള വകുപ്പുകളും അദ്ദേഹം കൈകാര്യം ചെയ്തിരുന്നു. 2014നു മുൻപ് കേന്ദ്രത്തിലും കോൺഗ്രസിന്റെ ഭരണമായിരുന്നു. എല്ലാത്തരത്തിലും കോൺഗ്രസിന് അനുകൂലമായിരുന്ന കാലഘട്ടത്തിലും പുതുപ്പള്ളിയിലെ ജനങ്ങൾക്ക് അവർ ആഗ്രഹിച്ച വികസനം നൽകാൻ കഴിഞ്ഞോ എന്നതാണ് പ്രധാന ചോദ്യം.

യുഡിഎഫ് മാത്രമല്ല, എൽഡിഎഫും മണ്ഡലത്തിൽ വികസനം ഇല്ലാതായതിന്റെ കാരണക്കാരാണ്. കേരളത്തിൽ ഇക്കാലമത്രയും ഭരിച്ചത് ഇടതു, വലതു മുന്നണികള്‍ മാറി മാറിയാണ്. കഴിഞ്ഞ ഏഴുവർഷമായി കേരളം ഭരിക്കുന്നത് ഇടതുപക്ഷ സർക്കാരാണ്. ഇവിടുത്തെ പിഡബ്ല്യുഡി റോഡുകളും പാലങ്ങളും ശോചനീയാവസ്ഥയിലാണ്. ആറുമാനൂർ പാലം ഇപ്പോഴും അഞ്ചു തൂണുകൾ മാത്രമായി നിൽക്കുകയാണ്. ഈ തുണുകളുടെ നിർമാണത്തിനു മാത്രം ചെലവഴിച്ചതായി കാണിച്ചിരിക്കുന്നത് 1.89 കോടി രൂപയാണ്.

40 ശതമാനത്തോളം വീടുകളിൽ ശുദ്ധജലം ലഭ്യമല്ലായിരുന്നു. ഇന്ന് ശുദ്ധജല ലഭ്യത ഉറപ്പാക്കുന്നത് നരേന്ദ്ര മോദി സർക്കാരിന്റെ ജൽജീവൻ പദ്ധതി പ്രകാരമുള്ള ഫണ്ട് ഉപയോഗിച്ചാണ്. പ്രാഥമിക ആരോഗ്യ കേന്ദ്രങ്ങളുൾപ്പെടെ മണ്ഡലത്തിലെ ആരോഗ്യ രംഗം ശോചനീയാവസ്ഥയാലാണ്. ആരോഗ്യ രംഗത്തെ പ്രവർത്തനങ്ങൾ പുരോഗമിക്കുന്നതായി എൽഡിഎഫ് സ്ഥാനാർഥി പറയുന്നുണ്ട്. എന്നാൽ ഇതിനായി എൻആർഎച്ച്എം ഫണ്ട് അല്ലാതെ സംസ്ഥാന സർക്കാർ എത്ര ഫണ്ട് നൽകുന്നുണ്ടെന്ന് വെളിപ്പെടുത്താൻ അവർ തയാറാവുമോ? കേന്ദ്രഫണ്ട് വഴി 50 ലക്ഷം മുതൽ ഒന്നരക്കോടി രൂപവരെ ഇവിടുത്തെ വിവിധ പ്രാഥമികാരോഗ്യ കേന്ദ്രങ്ങൾക്കും പാമ്പാടിയിലെ താലൂക്ക് ആശുപത്രിക്കും ലഭിച്ചിട്ടുണ്ട്. 

lijin-lal-1-
ഉപതിരഞ്ഞെടുപ്പിന്‍റെ നാമനിർദേശ പത്രിക സമർപ്പിക്കാൻ ബിജെപി പ്രവർത്തകർക്കൊപ്പം എത്തുന്ന ലിജിൻ ലാൽ. Photo: Special Arrangement

ഇപ്പോൾ ഇവിടെ നടക്കുന്ന റോഡുപണികൾ ഭൂരിഭാഗവും കേന്ദ്രസർക്കാരിന്റെ ഗ്രാമീൺ സഡക്ക് യോജന പ്രകാരം ലഭിക്കുന്ന ഫണ്ട് ഉപയോഗിച്ചുള്ളതാണ്. പാമ്പാടിയിൽ രണ്ടര വർഷം മുൻപ് നിർമിച്ച റോഡ് ഇന്ന് തകർന്ന് ഗതാഗത യോഗ്യമല്ലാത്ത രീതിയിൽ മാറിയിരിക്കുന്നു. ആ റോഡ് എന്തുകൊണ്ട് ഇത്രവേഗം പൊളിഞ്ഞുപോയെന്നും എന്തുകൊണ്ട് നന്നാക്കാൻ സാധിക്കുന്നില്ലെന്നും ഇടതുപക്ഷം മറുപടി പറയണം. മണ്ഡലത്തിലെ സർക്കാർ സ്കൂളുകളുടെ അവസ്ഥയും മോശമായി തുടരുകയാണ്. ഇതെല്ലാം നാം പരിശോധിക്കണം. എൻഡിഎ മുന്നോട്ടുവയ്ക്കുന്ന വികസന രാഷ്ട്രീയത്തിന്റെ പ്രസക്തി അപ്പോൾ മനസ്സിലാക്കാനാവും. 

പുതുപ്പള്ളി മണ്ഡലം ഒരു കാർഷിക മേഖല കൂടിയാണ്. കർഷകർക്ക് അവരുടെ അധ്വാനത്തിന്റെ പ്രതിഫലം ലഭ്യമാക്കാൻ സംസ്ഥാന സർക്കാര്‍ തയാറായിട്ടുണ്ടോ? എന്നാൽ കേന്ദ്രത്തിൽ നരേന്ദ്ര മോദി സർക്കാർ അധികാരത്തിൽ വന്നതോടെ കൃത്യമായ ഇടവേളകളിൽ കൃഷിക്കാർക്ക് അവരുടെ ബാങ്ക് അക്കൗണ്ടിലേക്ക് 2000 രൂപ വീതം ലഭിക്കുന്നുണ്ട്. 14 ഗഡുക്കളായി 28,000 രൂപ ലഭിച്ച 21,000 ത്തോളം കുടുംബങ്ങൾ ഈ നിയോജക മണ്ഡലത്തിലുണ്ട്. ഓരോ പഞ്ചായത്തിലും ഏകദേശം 2500 കുടുംബങ്ങൾ ഈ പദ്ധതിയുടെ ഗുണഭോക്താക്കളാണ്. 

lijin-lal-11-
പുതുപ്പള്ളി മണ്ഡലത്തിൽനിന്ന്. Photo: Special Arrangement

മാതൃവന്ദന യോജന പ്രകാരം 6000 രൂപ വീതം ലഭിച്ച നിരവധി അമ്മമാർ മണ്ഡലത്തിലുണ്ട്. ഗ്രാമീണ മേഖയിൽ ഓരോ വാർഡിലുമുള്ള അങ്കൺവാടികളിൽ അന്വേഷിച്ചാൽ ഇതിന്റെ കണക്ക് ലഭിക്കും. ഓരോ അങ്കൺവാടിക്കു കീഴിലും എല്ലാ വർഷനും കുറഞ്ഞത് 20 മുതൽ 30 വരെ അമ്മമാർ പദ്ധതിയ‌ുടെ ഗുണഭോക്താക്കളാണ്.

ഇവയെല്ലാം നരേന്ദ്ര മോദി സര്‍ക്കാരിന്റെ ഡയറക്ട് ട്രാൻസ്ഫർ സ്കീമിനു കീഴിൽ നടപ്പാക്കുന്ന പദ്ധതികളാണ്. ഈ വികസത്തിന്റെ രാഷ്ട്രീയം ചർച്ച ചെയ്യുമ്പോൾ ഇടതു, വലതു മുന്നണികൾ പ്രതിക്കൂട്ടിലാവും. ഈ വികസന രാഷ്ട്രീയം പറയാനാവുന്നത് എൻഡിഎയ്ക്ക് മാത്രമാണ്. തുറന്ന മനസ്സോടെ വീടുകളിൽ കയറിച്ചെന്ന് ഈ രാഷ്ട്രീയം പറയാനും വോട്ടു ചോദിക്കാനുമുള്ള ധാർമികമായ ഉത്തരവാദിത്തം ദേശീയ ജനാധിപത്യ സഖ്യത്തിനുണ്ട്.

lijin-lal-4-
എൻഡിഎ സ്ഥാനാര്‍ഥി ലിജിൻ ലാലിന്‍റെ തിരഞ്ഞെടുപ്പ് പ്രചാരണത്തിൽനിന്ന്. Photo: Special Arrangement

∙ മിത്ത് വിവാദം തിരഞ്ഞെടുപ്പിൽ ചർച്ചാവിഷയമാകും എന്ന് പറയുകയുണ്ടായി. അത് തിരഞ്ഞെടുപ്പിന്റെ ഫലത്തെ എത്രത്തോളം സ്വാധീനിക്കും എന്നാണ് കരുതുന്നത്? വിശ്വാസി സമൂഹം എൻഡിഎ ക്കൊപ്പം നിൽക്കുമെന്ന് കരുതുന്നുണ്ടോ?

തീർച്ചയായും വിശ്വാസി സമൂഹം എൻഡിഎക്കൊപ്പമുണ്ടാകും. കേരളത്തിൽ കഴിഞ്ഞ കുറച്ചു കാലത്തെ ചരിത്രമെടുത്തു പരിശോധിച്ചാൽ നിരവധി തവണ ഇവിടുത്തെ വിശ്വാസിസമൂഹത്തിന്റെ നേർക്ക് കടന്നുകയറ്റമുണ്ടായിട്ടുണ്ട്. അത് കേവലം ഒരു വിഭാഗത്തിനെതിരെ മാത്രമല്ല, എല്ലാ വിഭാഗത്തിനെതിരെയുമുണ്ട്. വിശ്വാസികൾ ധാരാളമുള്ള മണ്ഡലമാണ് പുതുപ്പള്ളി. സ്ഥാനാർഥി പ്രഖ്യാപനത്തിനു പിന്നാലെ ഇടതുമുന്നണി സ്ഥാനാർഥി പറഞ്ഞത് ഇവിടെ ഒരു പുണ്യാളനേ ഉള്ളൂവെന്നാണ്. തിരഞ്ഞെടുപ്പു പ്രഖ്യാപിച്ചു കഴിഞ്ഞപ്പോൾ അവർ വിശ്വാസികള്‍ക്കൊപ്പമാണെന്നു പറഞ്ഞു. എൻഎസ്എസിന്റെ നാമജപ ഘോഷയാത്രയ്ക്കെതിരെ എടുത്ത കേസ് പിൻവലിക്കാൻ തീരുമാനിച്ചു. അതിനു മുൻപുള്ള അവസ്ഥയെന്തായിരുന്നു? അപ്പോഴും എൻഎസ്എസ് പറഞ്ഞത് കേസ് പിൻവലിക്കണമെന്നല്ല, ഷംസീർ മാപ്പു പറയണമെന്നും ഷംസീറിനെ തിരുത്താൻ പാര്‍ട്ടി തയാറാവണമെന്നുമാണ്. 

lijin-lal-2-
എൻഡിഎ സ്ഥാനാര്‍ഥി ലിജിൻ ലാലിന്‍റെ തിരഞ്ഞെടുപ്പ് പ്രചാരണത്തിൽനിന്ന്. Photo: Special Arrangement

പാലായിലെ ബിഷപ്പ് വിശ്വാസി സമൂഹത്തിനു നേരെയുള്ള കടന്നുകയറ്റത്തെ ചോദ്യം ചെയ്തപ്പോഴും ഇടതുപക്ഷം സ്വീകരിച്ച നിലപാട് എന്തായിരുന്നു? സജി ചെറിയാൻ ഒരു വാക്ക് പറഞ്ഞപ്പോൾ മിനിറ്റുകൾക്കകം മാറ്റിപ്പറയിപ്പിച്ച പാർട്ടിയാണത്. അവർ ഇവിടെ നിശ്ശബ്ദത പാലിക്കുകയാണ്. ഷംസീറിന്റെ പ്രസ്താവനയ്ക്കെതിരെ നിലപാടെടുത്ത വി.ഡി. സതീശൻ, അതിനുശേഷം ചേർന്ന നിയമസഭാ സമ്മേളനത്തിൽ ഷംസീറിനെതിരെ പ്രതികരിക്കാനോ സഭയിൽനിന്ന് ഇറങ്ങിപ്പോരാനോ പോലും തയാറായില്ല. സഭയ്ക്കകത്ത് ഇരു മുന്നണികളും ഒറ്റക്കെട്ടാണ്. വിശ്വാസികൾക്കൊപ്പം നിൽക്കുന്ന പാർട്ടി ബിജെപിയാണ്, മുന്നണി ദേശീയ ജനാധിപത്യ സഖ്യവും. മുറിവേറ്റ മനസ്സുമായി ഉപതിരഞ്ഞെടുപ്പിനെ നേരിടുന്ന വിശ്വാസി സമൂഹത്തിന്റെ അനുകൂല നിലപാട് എൻഡിഎയ്ക്ക് ഒപ്പമായിരിക്കും.

∙ പുതിയ വോട്ടർമാരുടെയും യുവാക്കളുടെയും രാഷ്ട്രീയ നിലപാടുകൾ തിരഞ്ഞെടുപ്പിൽ നിർണായകമാവുമെന്ന വിലയിരുത്തലുണ്ട്. ഈ വോട്ടുകൾ ബിജെപിക്ക് ലഭിക്കാനുള്ള സാധ്യത മണ്ഡലത്തിൽ എത്രത്തോളമുണ്ട്?

യുവാക്കളുടെ വോട്ട് ഒരു തിരഞ്ഞെടുപ്പിന്റെ ഫലത്തെ സ്വാധീനിക്കുന്ന നിർണായക ഘടകമാണ്. ചിന്തിക്കുന്ന ഒരു തലമുറയാണത്. തങ്ങൾ ഇഷ്ടപ്പെടുന്ന രീതിയിൽ സുഖമായി ജീവിച്ച്, ഇഷ്ടമുള്ള ജോലി ചെയ്യാൻ പറ്റുന്ന സാഹചര്യം ഇവിടെയുണ്ടോ എന്നത് അവരുടെ പരിഗണനയിലെ വലിയ വിഷയമാണ്. ആ ചോദ്യം ഉയരുമ്പോഴാണ് കേരളത്തിലെ യുവാക്കൾ ഇന്ന് വിദേശരാജ്യങ്ങളിലേക്ക് പോകുന്നുവെന്ന വസ്തുത മനസ്സിലാക്കേണ്ടത്. പല വീടുകളിലും പ്രായമായ അച്ഛനും അമ്മയും മാത്രമായി അവശേഷിക്കുന്ന സ്ഥിതിവിശേഷം ഉണ്ടാകുന്നു. കേരളത്തിലെ ഉന്നത വിദ്യാഭ്യാസ രംഗത്തെ പാടെ തകർക്കുന്ന ഇടതുപക്ഷ മുന്നണിയുടെ സമീപനത്തിന്റെ ഭാഗമായി, പഠനത്തിനായി നിരവധി യുവാക്കൾ വിദേശത്തേക്ക് പോകുന്നു. ഇതിനെതിരെ ഇന്ന് കേരളത്തിൽ പ്രതികരിക്കുന്നത് ബിജെപി മാത്രമാണ്. മറ്റാരും ശബ്ദമുയർത്തുന്നില്ല. യുവാക്കൾക്ക് ഇവിടെ ഒരു സംരംഭം തുടങ്ങി മുന്നോട്ട് പോകാനുള്ള സാഹചര്യമുണ്ടോ? സംരംഭം തുടങ്ങിയാൽ അത് പൂട്ടാൻ വേണ്ടി നടക്കുന്ന സമീപനമാണ് സർക്കാരിന്റെ ഭാഗത്തുനിന്നുള്ളത്. ഇതിനെതിരെ പ്രതികരിക്കാനും ബിജെപി മാത്രമേയുള്ളൂ.                             

lijin-lal-6-
എൻഡിഎ സ്ഥാനാര്‍ഥി ലിജിൻ ലാലിന്‍റെ തിരഞ്ഞെടുപ്പ് പ്രചാരണത്തിൽനിന്ന്. Photo: Special Arrangement

സ്റ്റാർട്ടപ്പുകൾക്കായി മുദ്രാ ലോൺ ഉൾപ്പെടെ എല്ലാ സഹായവും ചെയ്തു കൊടുക്കുന്നത് നരേന്ദ്രമോദി സർക്കാരാണ്. മേക്ക് ഇൻ ഇന്ത്യ ഉൾപ്പെടെയുള്ള പദ്ധതികൾ യുവാക്കൾക്കായുള്ളതാണ്. ഇത്തരം പദ്ധതികൾ രാജ്യത്തെ യുവാക്കൾക്ക് നൽകുന്ന ആത്മവിശ്വാസം വളരെ വലുതാണ്. യുവാക്കൾക്കൊപ്പം നിൽക്കാനും അവരുടെ ജീവിത നിലവാരം ഉയർത്താനും സഹായിക്കുന്ന മുന്നണി എൻഡിഎ ആണെന്ന് അവർ വിശ്വസിക്കുന്നുണ്ട്. അതിനാൽ തന്നെ യുവാക്കളുടെ വോട്ട് എൻഡിഎയ്ക്ക് ആയിരിക്കുമെന്ന കാര്യത്തിൽ യാതൊരു സംശയവുമില്ല.

lijin-lal-14-
എൻഡിഎ സ്ഥാനാര്‍ഥി ലിജിൻ ലാല്‍ ക്നാനായ സിറിയൻ ആർച്ച് ബിഷപ്പ് മാർ സേവേറിയസ് കുര്യാക്കോസ് വലിയ മെത്രാപ്പോലീത്തയെ സന്ദർശിക്കുന്നു. Photo: Special Arrangement

∙ കോവിഡ് മഹാമാരിയുടെ ഘട്ടത്തിൽ ജില്ലയിൽ താങ്കളുടെ നേതൃത്വത്തിൽ ബിജെപി നടത്തിയ പ്രവർത്തനങ്ങള്‍ ശ്രദ്ധേയമായിരുന്നു. അത്തരം സേവന പ്രവൃത്തികൾ  ബിജെപിയുടെ വോട്ട് ശതമാനം വർധിക്കുന്നതിലേക്ക് നയിക്കുമെന്ന് കരുതുന്നുണ്ടോ?  

രാഷ്ട്രീയത്തിന് പുതിയൊരു മാനം നൽകുന്ന 'സേവാ ഹി സംഘടൻ' എന്ന പുതിയ കാഴ്ചപ്പാട് ആയിരുന്നു കോവിഡ് മഹാമാരിയുടെ സമയത്ത് പാർട്ടിയുടെ ദേശീയ അധ്യക്ഷനും പ്രധാനമന്ത്രിയും എൻഡിഎയ്ക്ക് മുന്നിലേക്ക് വച്ചത്. അതിനെ ഉൾക്കൊണ്ടുകൊണ്ട് മഹാമാരിയുടെ കാലഘട്ടത്തിൽ സാധാരണക്കാർക്ക് സേവനങ്ങൾ എത്തിച്ചു നൽകാൻ ഞങ്ങൾക്കായി.അതിനെ ഒരു പുണ്യ കർമമായാണ് പാർട്ടി പ്രവർത്തകർ കാണുന്നത്. സേവനത്തിലൂടെ സംഘടനാ പ്രവർത്തനം എന്ന ആശയത്തിലൂടെയാണ് അന്ന് മുന്നോട്ട് പോയത്. വലിയ രീതിയിൽ തന്നെ സമൂഹത്തിന്റെ വിവിധ ഭാഗങ്ങളിൽനിന്നു സഹായവും ലഭിച്ചു. പ്രളയത്തിന്റെ കാലഘട്ടത്തിലും സമാനമായ പ്രവർത്തനം കാഴ്ചവയ്ക്കാൻ എൻഡിഎയ്ക്ക് കഴിഞ്ഞിട്ടുണ്ട്. ദുരിതങ്ങളിൽ പെട്ടവർക്ക് സഹായം എത്തിക്കുമ്പോൾ അവരുടെ കണ്ണുകളിൽ നിറയുന്ന സന്തോഷം പറഞ്ഞറിയിക്കാൻ കഴിയാത്ത തരത്തിലുള്ളതാണ്. ഈ പ്രവർത്തനങ്ങളെ നേരിട്ടറിയാവുന്ന നിരവധിപ്പേരുണ്ട്. അവർ എൻഡിഎയ്ക്ക് അനുകൂലമായിരിക്കുമെന്ന കാര്യം ഉറപ്പാണ്.

lijin-lal-12-
എൻഡിഎ സ്ഥാനാര്‍ഥി ലിജിൻ ലാലിന്‍റെ തിരഞ്ഞെടുപ്പ് പ്രചാരണത്തിൽനിന്ന്. Photo: Special Arrangement

∙ കേന്ദ്രത്തിൽ ഇന്ത്യ മുന്നണി എന്ന പേരിൽ ഒരുമിച്ച് നിൽക്കുന്ന രണ്ട് പാർട്ടികളാണ് കോൺഗ്രസും സിപിഎമ്മും. കേരളത്തിൽ രണ്ടു പാർട്ടികളും രണ്ടു ചേരികളായി പരസ്പരം പോരടിക്കുകയും ചെയ്യുകയാണ്. ഇക്കാര്യം പ്രചാരണത്തിൽ വിഷയമാക്കുമോ? 

ഐഎൻഡിഐഎ എന്നത് വികസനത്തിന് എതിരായ മുന്നണിയാണ്. അവർ ദേശീയതലത്തിൽ രാഹുൽ ഗാന്ധിയെ നേതാവായി കാണുന്നു. കോൺഗ്രസും സിപിഎമ്മും മറ്റ് പ്രതിപക്ഷ കക്ഷികളും കേന്ദ്രത്തിൽ നരേന്ദ്ര മോദിയെ എതിർക്കാൻ എന്ന പേരിൽ ഒറ്റ മുന്നണിയുടെ ഭാഗമാകുന്നു. നരേന്ദ്ര മോദിയെ അധികാരത്തിൽ കൊണ്ടുവരാതിരിക്കുക എന്ന ഒറ്റ വികാരമേ അവർക്കുള്ളൂ. നരേന്ദ്ര മോദി എന്നാൽ വികസനമാണ്. വികസനത്തിന്റെ മന്ത്രമാണ് നരേന്ദ്ര മോദി. അദ്ദേഹത്തെ എതിർക്കുന്ന സഖ്യമെന്നാൽ വികസനത്തിന് എതിരായ സഖ്യമാണ്. ബിഹാറിലെ അവരുടെ ആദ്യ യോഗം ചേരാൻ വേണ്ടി യെച്ചൂരി അടക്കമുള്ള നേതാക്കൾ രാഹുൽ ഗാന്ധി വിദേശത്തുനിന്ന് വരാൻ കാത്തിരുന്നു. അവർ വ്യക്തമാക്കണം എന്തിനാണ് പുതുപ്പള്ളിയിൽ ഐഎൻഡിഐഎയ്ക്ക് രണ്ട് സ്ഥാനാർഥികൾ? ഗോവിന്ദൻ മാസ്റ്ററും പിണറായിയും സതീശനും സുധാകരനും വ്യക്തമാക്കണം എന്തിനാണ് അവർ ഇവിടെ പരസ്പരം മത്സരിക്കുന്നതെന്ന്. ഇവിടെ അവർ മത്സരിക്കുന്നത് ദേശീയ ജനാധിപത്യ മുന്നണി അധികാരത്തിൽ വരുന്നത് തടയാനാണ്. എന്നുവച്ചാൽ വികസനത്തെ മാറ്റി നിർത്താൻ. ഒരിക്കൽ എൻഡിഎയ്ക്ക് അവസരം ലഭിച്ചാൽ ആ നാട്ടിലെ ജനങ്ങൾ തിരിച്ചറിയും എന്താണ് വികസനം എന്നത്. ഒരു എംഎൽഎ പോലുമില്ലാതെ കേരളത്തിൽ ഇത്രയധികം വികസനം നരേന്ദ്ര മോദി സർക്കാറിന് നടത്താമെങ്കിൽ അദ്ദേഹത്തെ പിന്തുണയ്ക്കുന്ന ഒരു ജനപ്രതിനിധി ഇവിടെ ഉണ്ടെങ്കിൽ എത്ര കോടിയുടെ വികാസനം ഇവിടത്തെ ജനങ്ങളിലേക്ക് എത്തിക്കാനാകുമെന്ന ചർച്ചയാണ് എൻഡിഎ മുന്നോട്ടുവയ്ക്കുന്നത്. 

∙ പുതുപ്പള്ളിയിലെ ഉപതിരഞ്ഞെടുപ്പു ഫലം അടുത്ത വർഷം നടക്കാനിരിക്കുന്ന ലോക്സഭാ തിരഞ്ഞെടുപ്പിൽ കേരളത്തിലെ ബിജെപിയുടെ പ്രകടനത്തെ സ്വാധീനിക്കുമോ? അത്തരമൊരു ദീർഘവീക്ഷണത്തോടെ ആണോ പാർട്ടി പ്രചാരണ വിഷയങ്ങൾ മുന്നോട്ടുവയ്ക്കുന്നത്? 

തീർച്ചയായും ലോക്സഭാ തിരഞ്ഞെടുപ്പിന് മുന്നോടിയായി നടക്കുന്ന ഈ ഉപതിരഞ്ഞെടുപ്പ് വളരെ നിർണായകമാണ്. നമ്മുടെ നാട്ടിലെ ജനങ്ങൾ വികസനത്തിന് അനുകൂലമായി ചിന്തിക്കാൻ തുടങ്ങിയെന്ന സന്ദേശം മറ്റു രാഷ്ട്രീയ പാർട്ടികൾക്ക് കൊടുക്കാൻ പറ്റുന്ന സമയമാണിത്. അടുത്തയാഴ്ച ഓണമാണ്. സാമ്പത്തിക പ്രതിസന്ധിയിലൂടെയും വിലക്കയറ്റത്തിലൂടെയുമാണ് സംസ്ഥാനം മുന്നോട്ടുപോകുന്നത്. അവശ്യസാധനങ്ങൾ പോലും സപ്ലൈകോയിൽ ലഭ്യമല്ല. എങ്ങനെ ഓണക്കാലം കഴിയുമെന്ന ചിന്തയിലാണ് ജനം . ജനങ്ങൾ അവരുടെ ഊർജം ഈ നാടിനു വേണ്ടി വിനിയോഗിക്കണമെങ്കിൽ അവർക്ക് സന്തോഷമുണ്ടാകണം. എന്നാൽ നിലവിലെ സ്ഥിതി നേരെ തിരിച്ചാണ്. അതിനാൽത്തന്നെ എൻഡിഎക്ക് അനുകൂലമായ കാഴ്ചപ്പാടോടെയാണ് ഈ തിരഞ്ഞെടുപ്പിൽ ജനങ്ങൾ വോട്ട് ചെയ്യാൻ എത്തുന്നത്. 

lijin-lal-3-
എൻഡിഎ സ്ഥാനാര്‍ഥി ലിജിൻ ലാലിന്‍റെ തിരഞ്ഞെടുപ്പ് പ്രചാരണത്തിൽനിന്ന്. Photo: Special Arrangement

∙ കോട്ടയം ജില്ലയിലെ കിടങ്ങൂർ ഗ്രാമപ്പഞ്ചായത്തിൽ ബിജെപിയുടെ പിന്തുണയോടെ യുഡിഎഫിനു പ്രസിഡന്റ് സ്ഥാനം ലഭിച്ചത് പുതുപ്പള്ളി ഉപതിരഞ്ഞെടുപ്പിനു മുൻപുള്ള പരീക്ഷണമാണെന്ന് ഇടതുമുന്നണി ആരോപിക്കുന്നുണ്ട്. എന്താണു മറുപടി?   

അവിടെ ബിജെപിയുടെ പ്രഖ്യാപിത നയത്തിന് വിരുദ്ധമായ നിലപാടാണ് പ്രാദേശിക നേതാക്കൾ സ്വീകരിച്ചത്. ആ തീരുമാനം അവർ നടപ്പാക്കിയപ്പോൾത്തന്നെ സംഘടനാപരമായി പാർട്ടി നടപടി സ്വീകരിച്ചിട്ടുണ്ട്. അവിടെ ചുമതലയിൽ ഉണ്ടായിരുന്ന മുഴുവൻ ആളുകളെയും നീക്കി. ജനപ്രതിനിധികൾക്ക് വിപ്പ് ലംഘിച്ചതിനെതിരായുള്ള നടപടി സ്വീകരിക്കാനുള്ള നിർദ്ദേശം നൽകിയിട്ടുണ്ട്. 

lijin-lal-5-
എൻഡിഎ സ്ഥാനാര്‍ഥി ലിജിൻ ലാലിന്‍റെ തിരഞ്ഞെടുപ്പ് പ്രചാരണത്തിൽനിന്ന്. Photo: Special Arrangement

ഇവിടെ മറിച്ച് ഒരു ചോദ്യമുണ്ട്. കേരളത്തിൽ എത്ര ഇടങ്ങളിൽ ബിജെപി അധികാരത്തിൽ വരാതിരിക്കാൻ ഇടത്, വലത് മുന്നണികൾ കൈകോർത്തുകൊണ്ട് ഭരണം നടത്തുന്നുണ്ട്? അവിടെയൊക്കെ എന്തെങ്കിലും നടപടിയെടുക്കാൻ അവർ തയാറായിട്ടുണ്ടോ? അതാണ് യഥാർഥ അഡ്ജസ്റ്റ്മെൻറ് രാഷ്ട്രീയം.  ബിജെപിയുടെ പ്രഖ്യാപിത നയങ്ങളിൽനിന്ന് എപ്പോൾ അതിന്റെ ഘടകങ്ങൾ മാറുന്നുവോ, അപ്പോൾ നടപടി സ്വീകരിക്കാനുള്ള ആർജ്ജവം പാർട്ടി നേതൃത്വം കാണിക്കാറുണ്ട്. പ്രവർത്തകർ എന്നത് പാർട്ടിയുടെ സ്വത്താണ്. അവർക്കെതിരെ നടപടിയെടുക്കുന്നത് വളരെ വിഷമമുള്ള കാര്യമാണ്. എന്നാൽ പാർട്ടിയുടെ നയത്തിനെതിരായാൽ നടപടി എടുക്കും. ഈ നിലപാട് സ്വീകരിക്കാൻ കോൺഗ്രസും സിപിഎമ്മും തയാറാണോ? ഇതാണ് ഇക്കാര്യത്തിൽ ഞങ്ങൾക്ക് അവരോട് ചോദിക്കാനുള്ളത്.

lijin-lal-7-
എൻഡിഎ സ്ഥാനാര്‍ഥി ലിജിൻ ലാലിന്‍റെ തിരഞ്ഞെടുപ്പ് പ്രചാരണത്തിൽനിന്ന്. Photo: Special Arrangement

English Summary: Puthuppally Byelection NDA Candidate Lijin Lal Interview

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com