ADVERTISEMENT

ഇസ്‌ലാമാബാദ്∙ ചന്ദ്രോപരിതലത്തിൽ ചന്ദ്രയാൻ–3 ദൗത്യം വിജയകരമായത് ആഘോഷമാക്കി പാക്കിസ്ഥാൻ മാധ്യമങ്ങളും. ഇന്ത്യയുടെ ചരിത്രപ്രധാനപരമായ നേട്ടം ഒന്നാംപേജിൽ അതീവപ്രാധാന്യത്തോടെ നൽകിയാണ് പാക്കിസ്ഥാൻ മാധ്യമങ്ങൾ ഇന്ത്യയുടെ നേട്ടത്തിന്റെ ഭാഗമായത്.  പാക്കിസ്ഥാൻ മുൻമന്ത്രി ഐഎസ്ആർഒയ്‌ക്ക് ‘‘ചരിത്രപരമായ നിമിഷമെന്ന്’’ നേട്ടത്തെ വിശേഷിപ്പിച്ചതിന് പിന്നാലെയാണ് പാക്കിസ്ഥാൻ മാധ്യമങ്ങളും ചന്ദ്രയാൻ–3 ദൗത്യം വാർത്തയാക്കിയത്. 

‘‘ചന്ദ്രന്റെ ദക്ഷിണധ്രുവത്തിൽ ഇറങ്ങുന്ന ആദ്യ രാജ്യമെന്ന് ഇന്ത്യയെ’’ വിശേഷിപ്പിച്ചുള്ള തലക്കെട്ടിലാണ് പാക്കിസ്ഥാൻ മാധ്യമങ്ങൾ വാർത്ത നൽകിയത്. പാക്കിസ്ഥാൻ മാധ്യമം ജിയോ ന്യൂസ് ചന്ദ്രയാൻ–3ന്റെ 40 ദിവസത്തെ യാത്രയാണ് ലക്ഷ്യത്തിലേക്കെത്തിയതെന്ന് അതീവപ്രധാന്യത്തോടെ ഓൺലൈൻ വാർത്തകൾ സഹിതം നൽകി.  ദ്‌ ന്യൂസ് ഇന്റർനാഷണൽ, ദ് ഡോൺ, ദ് ബിസിനസ് റെക്കോർ‌ഡർ, ദുനിയ ന്യൂസ്  തുടങ്ങിയവ രാജ്യാന്തര വാർത്ത ഏജൻസികളിൽനിന്നുള്ള വാർത്തയാണ് പ്രസിദ്ധീകരിച്ചത്. ഇമ്രാൻഖാൻ മന്ത്രിസഭയിലെ മുൻവാർത്താവിനിമയ വകുപ്പ് മന്ത്രി ഫവാദ് ചൗധരി ഐഎസ്ആർഒയ്‌ക്ക് ചരിത്രപരമായ നേട്ടമെന്ന് ചന്ദ്രയാൻ–3 ദൗത്യത്തെ വിശേഷിപ്പിച്ചിരുന്നു.

‘‘ചന്ദ്രനിൽ ഐഎസ്ആർഒയുടെ ചന്ദ്രയാൻ–3 ദൗത്യം  ഇറങ്ങിയത് ചരിത്രപരമായ നിമിഷമാണ്.  ഐഎസ്ആർഒ ചെയർമാൻ സോമനാഥിന്റെ നേതൃത്വത്തിൽ നിരവധി ശാസ്ത്രജ്ഞർ അവരുടെ നേട്ടം ആഘോഷമാക്കുകയാണ്. ആശംസകൾ’’– അദ്ദേഹം എക്സ്‌ പ്ലാറ്റ്‌ഫോമിൽ (ട്വിറ്റർ) കുറിച്ചു. ഇതിന് പുറമെ ചന്ദ്രയാൻ–3 ലാൻഡ് ചെയ്യുന്നത് പാക്കിസ്ഥാൻ ദൃശ്യമാധ്യമങ്ങൾ തത്സമയ സംപ്രേക്ഷണം ചെയ്യണമെന്നും അദ്ദേഹം സർക്കാരിനോട് അഭ്യർഥിച്ചിരുന്നു. 

അതിനു പിന്നാലെ ഫാവാദ് ചൗധരിയുടെ ആവശ്യം പാക്കിസ്ഥാനിലെ സമൂഹമാധ്യമങ്ങളിൽ വ്യാപക ചർച്ചയ്‌ക്കു വഴിവച്ചു. ചന്ദ്രയാൻ –3ന്റെ ലാൻഡിങ് ടെലിവിഷൻ ചെയ്യണോ എന്നതിനെക്കുറിച്ചു പൊതുജനാഭിപ്രായം ശേഖരിക്കുന്ന യൂട്യൂബറുടെ വിഡിയോ വൈറലായി. 

പാക്കിസ്ഥാനിൽ ജീവിക്കുന്നത് ചന്ദ്രനിൽ ജീവിക്കുന്നതു പോലെ തന്നെയാണെന്നുള്ള പ്രതികരണമാണ് സമൂഹമാധ്യമങ്ങളിൽ വൈറലായത്.  വെള്ളം, എൽപിജി, വൈദ്യുതി തുടങ്ങിയ വസ്‌തുക്കൾ ചന്ദ്രനിൽ ഇല്ലാത്ത പോലെ പാക്കിസ്ഥാനിലും ഇല്ലെന്നായിരുന്നു അദ്ദേഹത്തിന്റെ പ്രതികരണം. സമാനമായ സാഹചര്യം സ്വന്തം രാജ്യത്ത് അനുഭവപ്പെടുന്നതിനാൽ ചന്ദ്രനിലേക്കു പോകേണ്ട ആവശ്യമില്ലെന്നും അദ്ദേഹം തമാശയായി പറയുന്നുണ്ട്. പാക്കിസ്ഥാൻ യൂട്യൂബർ സൊഹൈബ് ചൗധരിയാണ് വിഡിയോ പോസ്റ്റ് ചെയ്തത്. 

English Summary: Chandrayaan-3 Gets FrontPage Coverage in Pakistan

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com